2019, മേയ് 9, വ്യാഴാഴ്‌ച

10. കണ്ണ്യേലപാത്തുമ്മ പാതിരാ കൊലപാതകം



കാലം 1988 ഒരു ഏപ്രിൽ മാസത്തിലെ ഒരു ദിനം . മേടച്ചൂടിലെ ആ പുലരി കുന്നപ്പള്ളി നിവാസികളെ ഉണർത്തിയത് ചൂടുള്ളതും ,ദുരൂഹതയുള്ളതുമായ ഒരു കൊലപാതക വാർത്തയിലേക്കായിരുന്നു. കുന്നപ്പള്ളിയുടെ ചരിത്രത്തിലെ ജനങ്ങളറിഞ്ഞ ആദ്യത്തെ കൊലപാതകം. (അതിന് മുമ്പ് ആരെങ്കിലും മറ്റൊരാളുടെ കയ്യാൽ കൊല്ലപ്പെട്ടതായി എന്റെ അറിവിലും ,എന്റെ ഉമ്മാന്റെ അറിവിലും ഇല്ല ,എന്റെ ഇമ്മാതിരി അറിവിന്റെ ഉറവിടം അന്നൊക്കെ ഉമ്മയായിരുന്നു. ഗൂഗിൾ അവൈലബിൾ അല്ലാത്ത കൺട്രി കാലം. )

അലി കാക്കാന്റെ ചായക്കടയിലും ,മൈസൂരാക്കാന്റെ മക്കാനിയിലും ആളുകൾ വട്ടം കൂടി ആശങ്കകൾ പങ്ക് വെച്ചു.
തലേന്ന് കണ്ട സിനിമയുടെ ബാക്കി സ്വപ്നത്തിൽ കാണാൻ പറ്റുമോ എന്ന പ്രതീക്ഷയിൽ രാവിലെ 8 മണിയായിട്ടും സുഖനിദ്രയിലാണ് ഞാൻ .. "ടി പെണ്ണേ ..പോത്തു പോലെ കിടന്നുറങ്ങിക്കോ .. ആ കണ്ണ്യേല പാത്തും താത്താനെ ആരോ കൊന്നൂന്ന്..."
"പോലീസും ,ആളും ,പാളും മെല്ലാം കൂടീട്ടുണ്ട് " കേട്ടപാതി ,കേൾക്കാത്ത പാതി .. എന്റെ സ്വപ്നവും ,ഉറക്കവും പമ്പ കടന്നു .പല്ലൊന്നും തേക്കാതെ തന്നെ സിറ്റ് ഔട്ടിലേക്ക് .. അവിടെ ഒരു വാർഡ് സഭക്കുള്ള ആളുകളുണ്ട് .. "രണ്ട് ചെവിയും അറുത്തിട്ടുണ്ട് ,കഴുത്ത് ഞെരിച്ചാണ് കൊന്നിരിക്കുന്നത് "
കൊലപാതകത്തിന്റെ ദുരൂഹതകളും ,അഭ്യൂഹങ്ങളും പല തരത്തിലായി .കവർച്ചയാണ് ഉദ്ദേശം .. റിപ്പർ ചന്ദ്രൻ മോഡൽ വല്ലവരും ആകുമോ ?ഒറ്റക്ക് താമസിക്കുന്നവരെ മാത്രം ലക്ഷ്യം വെച്ചുള്ള ആസൂത്രിത കൊലപാതകം ,ചർച്ചകൾ നീണ്ടു .

"ഉമ്മാ നിക്കറിയാം ആരാ കൊന്നത് എന്ന് ... അത് ആ ....... നും ...... നും ആവും".
ഉമ്മ ന്റെ ചെവിക്ക് പിടിച്ച് ഒരു തിരുമ്പൽ തന്നിട്ട് .. "മര്യാദക്ക് പോയി പല്ലേച്ച് ,മൊകം കഴുകി വ ന്നോ ... വായി തോന്നിത് കോതക്ക് പാട്ട് എന്ന പോലെ എല്ലാടത്തും കേറി അഭിപ്രായം പറേണ്ട .. പോലീസ് തൂക്കി എട്ത്ത് കൊണ്ടോകും " ഇത് നല്ല കഥ ,നല്ലോ രൊറക്കത്തിൽ നിന്ന് ഒണത്തിട്ട് ..പ്പം ഞാനൊന്നും മുണ്ടാൻ പറ്റൂല .. ( എന്റെ ആത്മഗതം )
ഞാൻ എന്റെ പ്രഭാതകൃത്യങ്ങൾക്കായ് കുളിമുറി ലക്ഷ്യമാക്കി ഓടി .
കണ്ണ്യേല പാത്തുമ്മ താത്ത ഞങ്ങളുടെ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ ഒരു വല്ലിമ്മയാണ്. ഒരു മകൾ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. തങ്കയത്തിലെ മുഹമ്മദ് അലിക്കായുടെ തൊടിയുടെ വടക്ക് കിഴക്ക് മൂലയിൽ ഒരു ചെറിയ പുര വെച്ചാണ് താമസം. കുടികിടപ്പാണ് എണാണ് എന്റെ നിഗമനം. അവരെയാണ് ഇന്നലെ രാത്രി ആരോ കൊന്നിട്ടത്.

പോലീസ് അന്വേഷണം തകൃതിയായി നടക്കുന്നു. മുഹമ്മദാലിക്കാനെ ഒക്കെ ചോദ്യം ചെയ്യാൻ കൊണ്ട് പോയതറിഞ്ഞ് എന്റെ ഉപ്പയൊക്കെ സ്റ്റേഷനിൽ പോവാൻ തയ്യാറായി നിൽക്കാണ് ,ഉപ്പാന്റെ ഉറ്റ മിത്രമാണ് മുഹമ്മാലിക്ക .
എന്റെ മനസ്സിൽ ഞാൻ കൊലപാതകികളെ ഉറപ്പിച്ചു ... നുമ്മടെ ആറാമിന്ദ്രിയം പണ്ട് തങ്കേത്തിലെ അടക്കാപഴ (പേരക്ക) മരത്തിന്റെ രണ്ടാമത്തെ കൊമ്പിൽ കയറിയപ്പോഴേ തുറന്നതാണ്. അത് കൂടാതെ തലേന്ന് രാത്രി 8.30 pm ന്റെ 9 pm ന്റെ ഇടയിൽ പ്രസ്തുത വ്യക്തികളെ സംശയകരമായ സാഹചര്യത്തിൽ ഞാൻ കണ്ടതാണ് .അവർ കുറച്ച് കാലമായി എന്റെ നോട്ടപ്പുള്ളികളാണ്.
അത് മനസ്സിലാകണമെങ്കിൽ കുറച്ച് കാലം പിറകോട്ട് പോകണം ...
ഇന്ന് ബംഗാളികൾ എന്ന് നമ്മൾ മൊത്തത്തിൽ വിളിക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിൽ എത്തുന്നതിനു് മുമ്പേ ,കേരളത്തിന്റെ മണ്ണിൽ പണിയെടുക്കാൻ വന്ന ഒരു കൂട്ടരാണ് അണ്ണാച്ചികൾ എന്ന് നമ്മൾ വിളിക്കുന്ന തമിഴൻമാർ ,ഒരു കാലത്ത് കേരളത്തിലേക്ക് അവരുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു. ആ കൂട്ടത്തിൽ ഞങ്ങളുടെ നാട്ടിലെ വലിയ കൃഷിക്കാരും ,തോട്ടമുടമയുമായ തങ്കയത്തിൽ ഹംസ ഹാജിയുടെ വീട്ടിൽ ഒരാൾ എത്തി .. അവന്റെ പേര് തങ്കമണി .അവരുടെ റബ്ബർ തോട്ടത്തിലെ പണിക്കായി കുറച്ചധികം ആളുകളെ ആവശ്യം ഉണ്ടായിരുന്നു. അങ്ങിനെ ആണ് തങ്കമണിയുടെ നേതൃത്വത്തിൽ പത്തിരുപത് പേര് തഞ്ചാവൂരിൽ നിന്നെത്തിയത്. ശെൽവൻ ,രാജൻ ,തങ്കയ്യൻ,അറുമുഖൻ ഇങ്ങനെ കുറേ പേര് .ആ വീട്ടിലെ പത്തായപ്പുര പോലെയുള്ള കൃഷി സാധനങ്ങളൊക്കെ വെക്കുന്ന കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം .
എന്റെ കളിവീട് ആയിരുന്നു തങ്കയത്തിലെ ആ തറവാട് വീട് .. സ്ക്കൂൾ അവധി ദിവസങ്ങളിൽ രാവിലെ അങ്ങ് അവിടെ കയറിയാൽ വൈകുന്നേരമേ വീടണയൂ .. എന്റെ ഉമ്മ പറയുന്ന പോലെ "വിട്ടാ കാള പയറ്റിലാ ,, "നേരം വെളുത്താ ഓള് തങ്കേത്തിലാ "
എനിക്ക് കളിക്കാനും ,വായിക്കാനും ,കഥ പറഞ്ഞ് തരാനും അവിടെ ഇഷ്ട്ടം പോലെ ആളുകളാ."
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സബ്ജില്ലാ കലോത്സവത്തിൽ 1st prize കിട്ടിയ ഞങ്ങളുടെ 5 പേരുള്ള നാടകം ഞാൻ ഒറ്റക്ക് 7 ക്ലാസ്സ് ആവോളം തങ്കേത്തിലെ ഇടകോലായ എന്ന സ്‌റ്റേജിൽ കളിച്ചിട്ടുണ്ട്. അങ്ങിനെ ആണ് ഗേൾസ് ഹൈസ്കൂളിൽ മൂന്ന് കൊല്ലം മോണോആക്റ്റ് ചെയ്യാനുള്ള തൊലിക്കട്ടി നേടിയെടുത്തത്.
പറഞ്ഞ് വന്നത് ഇതൊന്നും അല്ല.

തമിഴൻമാർ തങ്കയത്തിൽ ജോറായി വാഴുന്നത് എനിക്കത്ര പിടിക്കുന്നുണ്ടായിരുന്നില്ല. എന്റെ വീട്ടിലേക്ക് പോകണമെങ്കിൽ ഇവരൊക്കെ താമസിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കെട്ടിടം പിന്നിട്ട് വേണം .. നമ്മൾ പണ്ടേ കയ്യിൽ കിട്ടുന്ന എന്തും പച്ചക്ക് വായിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് 'മ' വാരികകൾ നമ്മുടെ വീക്ക്നെസ് ആയിരുന്നു. അതുകൊണ്ട് ഗുഡ് ടച്ചും,ബാഡ് ടച്ചും ,നല്ല നോട്ടവും ,ചീത്ത നോട്ടവും അന്ന് തന്നേ മനസ്സിലാവുമായിരുന്നു .ഇവരിൽ ചിലരുടെ നോട്ടം എനിക്ക് പിടിക്കുന്നില്ലാന്ന് ഞാൻ ആ വീട്ടിലെ എന്റെ പ്രിയപ്പെട്ട ആസ്യ താത്താട്
പറയാറുണ്ടായിരുന്നു .
നേരം മഗ്രിബ് ബാങ്ക് കൊടുത്താലേ ഞാൻ വീട്ടിലേക്ക് ചേക്കേറൂ.. ഇവരെ പേടിച്ച് വീട് എത്തുന്നത് വരെ ഓട്ടമാണ്.
ഈ കൊലപാതകത്തിന് കുറേ മുമ്പേ അവരെ അവിടെ നിന്ന് പുറത്താക്കിയിരുന്നു. പിന്നെ നാട്ടിലെ എല്ലാവരുടേയും പണിക്കാരായി .
അടുത്ത ഫ്ലാഷ് ബാക്ക് ,
കൊലപാതകം നടന്ന രാത്രി .
സ്ക്കൂളവധി കാലമാണല്ലോ .. അന്നൊക്കെ ടി.വി. യും ,വി .സി .ആറും ഒന്നും എല്ലാ വീട്ടിലും ഇല്ല ,ഞങ്ങളുടെ നാട്ടിൽ ഒന്നോ ,രണ്ടോ വീട്ടിൽ കാണും ,ആ വീടുകളിലൊക്കെ പ്രദേശത്തെ എല്ലാവരേയും ഒന്നിച്ച് ക്ഷണിച്ച് വരുത്തിയാണ് സിനിമാ പ്രദർശനം. മനുഷ്യമനസ്സിൽ മതവും ,ജാതിയും ,അമിത സദാചാര വാദവും വല്ലാതെ പിടിമുറുക്കാത്ത കാലം.
അത് പുതിയ തലമുറക്ക് അതിശയമുണ്ടാക്കുന്ന ഒരു കാര്യമാവും.
ഉപ്പാന്റെ കൂട്ടുകാരൻ അബാസിക്കായുടെ വീട്ടിലാണ് അന്ന് ഞങ്ങളുടെ ടി.വി കാണൽ .. കുറച്ച് നടന്ന് പോകണം .ഇന്നാണെങ്കിൽ 25 രൂപ ഓട്ടോക്ക് കൊടുത്ത് പോകണം. അധിക ദിവസവും രാത്രി 9.30 നാണ് പ്രദർശനം. അന്ന് ഒരു 7.30 ആയപ്പോൾ അബാസിക്ക വിളിച്ചു. " ഹസീ ഇന്ന് നല്ല മമ്മുട്ടിയുടെ സിനിമയുടെ കാസറ്റ് കിട്ടിയിട്ടുണ്ട് ,എല്ലാരേം കൂട്ടി വാ .. തങ്കേത്തിൽ നിന്ന് ആസ്യയും കുട്ടികളും ഉണ്ടെങ്കിൽ ഓലേയും കൂട്ടിക്കോ ,സിനിമാ പ്രേമീ യായ എന്റെ മനസ്സിൽ ലഡു പൊട്ടി. ഉപ്പാക്ക് പെരിന്തൽമണ്ണ ടൗണിൽ പലചരക്ക് കച്ചവടമാണ് ,ഉപ്പ കടയടച്ച് എത്തിയില്ല ,ഉപ്പാടെ സമ്മതം കിട്ടണം ,സമയം 8.30 ആയി ,വളയംമൂച്ചിയിലെ കടകളെല്ലാം അടച്ചു. ഉപ്പ വരുന്നുണ്ടോന്ന് നോക്കാൻ പടിയിലിറങ്ങി നിന്നു. തെരുവ് എല്ലാം വിജനമാണ് ,സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം. അപ്പോൾ അതാ വീടിനോട് ചേർന്നുള്ള മൂത്താപ്പാന്റെ മോന്റെ പലചരക്ക് കടക്ക് മുമ്പിൽ രണ്ട് നിഴലനക്കം. ..
ആരാ അവിടെ ?( ഞാൻ )
ഇരുട്ടിൽ നിന്നും രണ്ട് നിഴലുകൾക്ക് ജീവൻ വെച്ചു ..
ഞങ്ങളാണ് ..അറുമുഖനും ,തങ്കയ്യനും ,( അവർ )
എന്താ ഈ നേരത്ത് ഇവിടെ ? (ഞാൻ )
ഞങ്ങൾ നാരങ്ങ തൊലി എടുക്കാൻ വന്നതാ (അവർ )(വേനൽ കാലമല്ലേ കടയിലെ Waste ' ഇടുന്ന ഭാഗത്ത് നിറയെ നാരങ്ങ തൊലി കാണും .
അതും പറഞ്ഞ് അവർ തെക്കോട്ട് നടന്ന് പോയി .
ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞാൻ അകത്തേക്ക് പോയി ,ഉപ്പയാണ് ,കുറച്ച് വൈകിയേ വരൂ ,ഞങ്ങളെ അബാസിക്കാടെ വീട്ടിൽ പോവാൻ സമ്മതിച്ചു.
അങ്ങിനെ ഞങ്ങൾ അയൽപക്ക കാരെല്ലാം സിനിമ കാണാൻ പോയി.
നല്ല രസികൻ സിനിമയായിരുന്നു ,പേര് ഓർമ്മയില്ല .
ഞങ്ങൾ സിനിമ കഴിഞ്ഞ് എത്തിയതും ,ഉപ്പ കട പൂട്ടി വന്നതും ഒരേ സമയത്തായിരുന്നു.
ചായക്കടയിൽ നിന്നു് ആരുടേയോ സംസാരം കേൾക്കുന്നു. ഉപ്പയും ,ഇക്കായും ടോർച്ചും എടുത്ത് പോയി നോക്കി ..
അത് ആ അണ്ണാച്ചികളാ ..
അറുമുഖനും ,തങ്കയ്യനും
.......
എന്തോ രാവിലെ കൊലപാതക വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ അവരാണ് ഓടിയെത്തിയത്.
ആദ്യ ഘട്ടത്തിൽ പോലീസ് മുഹമ്മാലിക്ക കണ്ണായ സ്ഥലം കിട്ടാൻ വേണ്ടി ചെയ്തതാ എന്ന നിഗമനത്തിൽ ആയിരുന്നു .രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരും എന്റെ അതേ ലൈനിൽ ആയി അന്വേഷണം. ആദ്യ ദിവസം സംഭവസ്ഥലത്തൊക്കെ ഉണ്ടായിരുന്ന രണ്ട് പേരേയും 2 ദിവസം കഴിഞ്ഞപ്പോൾ കാണാൻ ഇല്ല.
അവരുടെ ഫോട്ടോക്ക് വേണ്ടിയുള്ള അന്വേഷണം കൊണ്ടെത്തിച്ചത് ഞങ്ങളുടെ വീടിനോട് ചേർന്ന വാടക കെട്ടിടത്തിലെ ബാർബർ ഷോപ്പിൽ. ബാർബർ ഷോപ്പിലെ ചുമരിൽ ബോംബെ ഡെയിംഗ് കലണ്ടറിലെ ശോഭനയുടെ ചിത്രത്തിന് തൊട്ടടുത്ത് അറുമുഖന്റേയും ,ഉസ്മാന്റേയും VB സ്റ്റുഡിയോയിൽ നിന്നെടുത്ത ഫോട്ടോ ചിരിച്ച് നിൽക്കുന്നു .മണ്ണാർക്കാട് സ്വദേശിയായ ഉസ്മാൻ ഞങ്ങളുടെ മില്ലിലേക്ക് ജോലിക്ക് വന്നതാണ്. വന്ന കാലത്ത് മധുരിമ ബേക്കറിയിൽ നിന്ന പരിചയം കൊണ്ട് നല്ല അരി ഉണ്ടയും ,റവ ലഡുവും ,വെട്ട് കേക്കും എല്ലാം ഉണ്ടാക്കി തരുമായിരുന്നു. മില്ലിൽ കുറച്ച് കാലം നിന്ന ശേഷം ഇസ്മായിലി ക്കാടെ പലചരക്ക് കടയിലേക്ക് മാറി. നാട്ടിൽ വന്ന പരദേശികൾ എന്ന നിലക്ക് അറുമുഖനുമായി അടുത്തു ആ അടുപ്പം വെച്ചാണ് ഈ ഫോട്ടോ എടുപ്പ് ഉണ്ടായത്. .. ദാ കിടക്കുണു ഉസ്മാനും ,ബാർബറും പോലീസ് വണ്ടിയിൽ.. പാവം ഉസ്മാനെ നല്ലോണം ഭേദ്യം ചെയ്തു. പിന്നെ അതവന്റെ കേൾവിയെ എല്ലാം ബാദിച്ചു.
അവസാനം അറുമുഖനേയും ,തങ്കയ്യനേയും തഞ്ചാവൂരിൽ അവരുടെ നാട്ടിൽ ചെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത്, തെളിവെടുപ്പിനായി കൊണ്ടുവന്നു.
പാത്തുമ്മ തത്തയുമായി അവർക്ക് നല്ല അടുപ്പമായിരുന്നു. താത്തായുടെ റേഷൻ പഞ്ചസാരയൊക്കെ ഇവർക്ക് മറിച്ച് വിൽക്കുമായിരുന്നു. ആ പാവം ഉമ്മ ഇവർക്ക് ഇടക്ക് ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു. ആ സ്വാതന്ത്രത്തിൽ അവിടെ ചെല്ലുകയും ,കഴുത്ത് മുറുക്കി അവരെ കൊന്ന് ,. കാതിലെ ചിറ്റിന് വേണ്ടി ചെവിയറുത്തെടുത്തു... ചിറ്റും മറ്റ് ആഭരണങ്ങളും താഴെ പാടത്തെ കുളത്തിനരികെ കുഴിച്ചിട്ടത് അവർ എടുത്ത് കൊടുത്തു ..കയ്യിൽ പറ്റിയ ചോരക്കറ കളയാനായിരുന്നു നാരങ്ങാ തൊലിക്ക് വന്നത്.
പിന്നീട് അവർ ശിക്ഷിക്കപ്പെടുകയും ,ഒരാൾ ജയിലിൽ വെച്ച് മരണപ്പെട്ടു എന്നും കേട്ടു .
അങ്ങിനെ കുന്നപ്പള്ളിയെ ആശങ്കയിലാക്കിയ ആ കൊലപാതകത്തിന്റെ കഥ കഴിഞ്ഞു.
Written by Haseena .K.C
2- 03 -2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ