2019, മേയ് 18, ശനിയാഴ്‌ച

12 .അൻവറെഴുതുന്നു ....

1. പിന്‍ ബഞ്ചിന് പറയാനുള്ളത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പഴയ കാലത്തെ സ്കൂളിലെ പിന്‍ ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ,
വില്ലന്‍മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള്‍ പിന്‍ബഞ്ചിന് സ്വന്തമായിരുന്നു....!
എത്ര തല്ലിയാലും ഒരിക്കലും നന്നാവാന്‍ ഇടയില്ലെന്ന് മാഷ്‌ പിന്‍ ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ ബഞ്ചിലിരുന്ന് പഠിക്കുന്നവന്‍ ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന്‍ മുന്‍ ബഞ്ചുകാര്‍ക്ക് പിന്‍ ബഞ്ചുകാരോട് ഭയമായിരുന്നു.

രാവിലെ സ്ക്കൂളില്‍ വരിനിന്ന് പ്രതിജ്ഞയില്‍ സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ്‌ റൂമില്‍ അപരിചിതരായിരുന്നു പലര്‍ക്കും പിന്‍ ബഞ്ചുകാര്‍. പതിവായി ചോക്കേറ് കൊള്ളാന്‍ തല വിധിച്ചവര്‍,എണീപ്പിച്ച് നിര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കിയവര്‍,ചൂരലിന്‍റെ ശേഷിയളക്കാന്‍ കൈനീട്ടിപ്പിടിച്ചവര്‍ ഇതായിരുന്നു പിന്‍ ബഞ്ച്....! പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാല തട്ടാനും, കഞ്ഞിയും, പയറും വിളമ്പാനും,സ്റ്റാമ്പ് വില്‍ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല്‍ മതി അവരത് ഭംഗിയായി ചെയ്യും. അവര്‍ക്കത്‌ ചാര്‍ത്തികൊടുക്കുമ്പോള്‍ അവരും മാഷും സംതൃപ്തരായിരുന്നു....!

എനിക്കറിയാം പിന്‍ ബഞ്ചിലെ എല്ലാവരും മണ്ടന്‍മ്മാരായിരുന്നില്ല സത്യത്തില്‍ വില്ലന്മാരും...പഠിക്കാന്‍ ശേഷിയുണ്ടായിട്ടും വീട്ടില്‍ കഴിക്കാന്‍ ശേഷിയില്ലാത്തവരെങ്ങനെ മുന്‍ ബഞ്ചില്‍ നട്ടെല്ല് വളയാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കും...വയറൊട്ടിയ മുതുകിന്‍റെ താഴ്ച കാണാതിരിക്കാന്‍ പിന്‍ ബഞ്ചിനെ മറയാക്കിയവര്‍. പട്ടിണിയേക്കാള്‍ വലുതല്ല പഠിപ്പെന്ന സത്യം ആരെക്കാളും മുന്നേ അറിഞ്ഞവര്‍...
നാലണക്ക് മുകളില്‍ കണ്ടിട്ടില്ലാത്തവന് ഗണിതത്തിലെ ലാഭനഷ്ട്ടം കൂട്ടാന്‍ മനസ്സുണ്ടാവില്ല..നിവര്‍ന്നുനില്ക്കാന്‍ ശേഷിയില്ലാത്തവന്‍ ഊര്‍ജ്ജതന്ത്ര ക്ലാസ്സില്‍ ഏതൂര്‍ജ്ജത്തിന്‍റെ പേരില്‍ നിവര്‍ന്നിരിക്കും...പട്ടിണിയെ ഉറങ്ങി തോല്പ്പിക്കുമ്പോള്‍ ചോക്കെറിഞ്ഞു ഉറക്കം നഷ്ട്ടപ്പെടുത്തുന്ന മാഷോട് വിശപ്പിനെ ഉറങ്ങി തോല്പ്പിക്കുകയാണെന്ന് അവരെങ്ങനെ പറയും.....! പിന്‍ ബഞ്ചില്‍ ഇങ്ങനെയൊരു തലമുറ ഉണ്ടായിരുന്നെന്ന് ഒരുപക്ഷെ ഇന്നാരും വിശ്വസിക്കില്ല..പക്ഷെ അറിഞ്ഞവര്‍ക്ക് മനസ്സിലാകും..ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞുതള്ളിയ പലരും ജീവിതത്തില്‍ ഇന്ന് വളരെ മുന്നിലാണ്. അവരെ നന്നാവില്ലെന്ന് പറഞ്ഞു ശപിച്ച മാഷ്‌ ശപികുകയായിരുന്നില്ല കാരണം അദ്ദേഹത്തിന് അവരെ അറിയാമായിരുന്നു.
ചില ശാപങ്ങള്‍ നന്മപുരട്ടി എറിയുന്നതാണ് കൊണ്ടാല്‍ പൊള്ളില്ല...രസകരമായ ഒരുസത്യം പില്‍ക്കാലത്ത്‌ മുന്‍ ബഞ്ചുകാര്‍ പലരും ഫയലുകളുമായി അലയുകയാണ്.....!

ഞാൻ ഏറെക്കുറെ ക്ലാസ്സുകളിൽ ഇതേ പിൻബഞ്ചിൽ തന്നെയായിരുന്നു.
എന്റെ ബഞ്ച്മേറ്റുകൾ ഏഴാം ക്ലാസ്സ് വരെ എന്റെ നാട്ടുകാരും അയൽവാസികളും ഒക്കെത്തന്നെ ആയിരുന്നു. പക്ഷെ 8-ാം ക്ലാസ്സിൽ നിന്നും പുതിയ ഒരു കൂട്ട് െകട്ട് 10 വരെ തുടർന്നു. 8 ൽ അവസാനിച്ച പിൻബഞ്ച് പിന്നീട് പരമ്പരാഗതമായി കൈവശം വച്ചിരുന്ന ഒരഞ്ചംഗ സംഘം - റഷീദ്, സക്കീർ ,കൃഷണൻ, ''.'....... തുടങ്ങിയവർ വിട്ടു തന്നില്ല. 10 ലെത്തിയപ്പോ മുജീബ് മാര്യം ചക്കരയും  ൻബഞ്ചിന്അവകാശവാദവുമായി എത്തിയ പ്പൊ തൊട്ടു മുന്നിലുള്ള ബഞ്ചിൽക്ക് ഞങ്ങൾക്ക് ഒഴിവാവേണ്ടി വന്നത് പിൻബഞ്ചിന്റെ ഒരു നഷ്ടബോധമായി ഇന്ന് മനസിൽ നീറുന്നു.


പക്ഷെ 8 ൽതുടങ്ങിയ ഷക്കീർ ,ഷെയ്ഖ്, ബഷീർ, ഉല്ലാസ്, കൊളക്കാടൻ എന്ന ഞങ്ങളുടെ സ്വന്തം ബഞ്ച് 10 വരെ ഒന്നിൽ നിന്ന് തന്നെ തുടർന്നു. ഇവരിൽ പലരും വരയും ഫയലും സൈറ്റും പണവും കാൽക്കുലേറ്ററും ലാപ്ടോപ്പുമായി നാട് ചുറ്റുന്നവരായി.മറ്റ് പലർ അവർക്കും മുകളിൽ ഉലകം ചുറ്റും വാലിബ്ൻമാരായി.
ഇന്നും ഞങ്ങൾ എന്നും ആ പഴയ 10-ാം ക്ലാസ്സ്കാരായി തമ്മിൽ വഴക്കടിച്ചം ചീത്ത വിളിച്ചും രാഷ്ട്രീയം പറഞ്ഞും ഒക്കെ കാണുന്നു.അത് വാട്ട്സ് അപ്പിലാണെന്ന് മാത്രം
ഇന്നും:ഓർമ്മകൾ വീണ്ടും മനതാരിൽ നിറയുന്നു.

2. അബോർപ്പാപ്പ 

.അൻബറേ......
വായിലെന്തോ തടയുന്ന സ്വരത്തിൽ വ്യക്തമല്ലാത്തൊരു വൃദ്ധ ശബ്ദം.. ഒരു വേള ഞാൻ സംശയിച്ചു ഇത്‌.... അതെ .. അബോർപ്പാപ്പ എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളെ നാട്ടിലെ ഒരു വിശ്വ വിജ്ഞാനകോശം .. അബൂബക്കർ ഹാജി തന്നെ..

ഞാൻ  തിരിഞ്ഞു നോക്കി .. ഒരു നീണ്ട മുഴുത്ത വടിയുടെ ഏകദേശം നടുവിൽ പിടിച്ച്‌  തന്റെ  ചുളിഞ്ഞ നരച്ച ഇളം പച്ച നിറം തോന്നിക്കുന്ന ജുബ്ബക്കിശയിൽ നിന്ന് എന്തോ പരതുന്നthiനിടയിൽ  വായിലെ മുറുക്കാൻ കുറച്ചുമാറി റോഡരികിലേക്ക്‌ നീട്ടിത്തുപ്പി പാല്ലില്ലാത്ത മോണകാട്ടി ചുവന്ന നാവ്‌ വെളിയിലിട്ട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു...
" നിങ്ങടെ ബാങ്കിൽ മത്തനെടുക്കോ..?" ഞാൻ പിന്തിരിഞ്ഞു നോക്കി എന്നോടാണൊ എന്നുറപ്പിക്കാൻ.അതിനിടയിൽ വന്നു  അടുത്ത ചോദ്യം.. "ങടെ സെക്കട്രീനോട്‌  ജ്ജ്‌  അബടെ മത്തൻ എടുക്കോന്ന് ചൊയ്ച്ച്ട്ട്‌ ഇന്നോടൊന്നു പറേണ്ടീ.."

ഞാനാ ചോദ്യം കേട്ട്‌ വല്ലാതെ വിഷമത്തിലായി . പാവം അബോർപ്പാപ്പാക്ക്‌ എന്നെ അറിയാഞ്ഞിട്ടൊ  അതൊ ഞാൻ ബാങ്കിലാണൊ എന്നറിയാഞ്ഞിട്ടോ..
ഞാൻ അൽപ്പം ഉച്ചത്തിൽ "ഞാനിപ്പൊ ബാങ്കിലാ ജോലി ചെയ്യണെ". എന്നു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ്‌ തന്നെ അബോർപ്പാപ്പ വീണ്ടും.. "അവിടെ ഇപ്പൊ എത്‌ രാസവളാ ഉള്ളെ..?" . എന്നു ചോദിച്ച്‌ തന്റെ കവിളൊട്ടിയ വായ പരത്തിച്ചിരിച്ചു കൊണ്ട്‌ തന്റെ വടിയും ഊന്നി മെല്ലെ മെല്ലെ നടന്നു തുടങ്ങി..

ഞാൻ ആകെ വിഷണ്ണനായി ഒരേ നിൽപ്പ്‌ എന്തൊക്കെയോ ആലോചിച്ച്‌ അങ്ങനെ തന്നെ നിന്നു..അബോർപ്പപ്പ ആയതോണ്ട്‌ എനിക്കറിയാം എന്തേങ്കിലും ഒരു കെണിയൊപ്പിച്ചായിരിക്കും ആ ചോദ്യമെന്നു..

കണ്ണിൽ നിന്നു മാറുന്നതിനു മുൻപേ തിരിഞ്ഞു നിന്ന് വടിയുള്ള കൈ നീട്ടിപ്പിടിച്ച്‌ അബോർപ്പാപ്പ എന്നെ വീണ്ടും വിളിച്ചു.. "അൻബറേ..അൻബറേ......"
ഞാൻ തിരിഞ്ഞു നിന്നു നോക്കുമ്പൊ  വടി കുത്തിപിടിച്ച്‌ മറുകൈ കൊണ്ട്‌ എന്നെ മാടി വിളിക്കുകയാണു മൂപ്പർ..ഞാൻ പതിയെ ഇനി അടുത്ത കുരുക്കെന്താണാവൊ  എന്നാത്മഗതം ചെയ്ത്‌ മെല്ലെ അടുത്തു ചെന്നു.ഒരു കൈ എന്റെ തോളിലിട്ട്‌ മറ്റേ കൈയിലെ വടി കോണ്ട്‌ റോഡിലെ പൂഴിയിൽ ഒരു വട്ടം വരച്ച്‌ അബൊർപ്പാപ്പ വെറ്റില തിന്ന് ചുവന്ന തന്റെ നാവുകൾ പല്ലില്ലാത്ത വായിലിട്ട്‌ ചലിപ്പിച്ച്‌ ഒലിച്ച്‌ വരുന്ന് തുപ്പൽ പുറം കൈ കോണ്ട്‌ തുടച്ച്‌ എന്നോടു ചോദിച്ചു.

"നിങ്ങടെ ബാങ്കിലെ ....നംബർ എ ക്ലാസ്‌ മെംബറാ ഞാൻ
ആദ്യം പച്ചക്കറീം ബിത്തും ബളോം ഒക്കായിരുന്നു ബാങ്കിന്റെ  കച്ചോടം.
ഇപ്പളല്ലേ ഇങ്ങളു ഏസീം കുന്ത്രാണ്ടോം ഒക്ജെ ബച്ച്‌ ബല്ല്യ ആൽക്കാരായെ..?
ഇതു അന്നോടു പറയാൻ മാണ്ട്യാ ഞാൻ ഇതൊക്കെ പറഞ്ഞെ   അനക്കെന്നോട്‌ ഈറണ്ടോടാ..?"


മുഴുമിപ്പിക്കുന്നതിനു മുൻപേ അവർ  നടപ്പു തുടങ്ങിയിരുന്നു...ഞാൻ ആ വലിയ മനുഷ്യന്റെ കാര്യമോർ ത്തങ്ങനെ ആ നിൽപ്പ്‌ എത്രനേരം തുടർന്നെന്നറിയില്ല.



-------------------------------------------------------------------------------------------------------------------------------



അൻവർ  കളത്തിൽ 

മുൻസിപ്പൽ  കൗൺസിലർ. പെരിന്തൽമണ്ണ സർവീസ്  ബാങ്കിൽ  ജോലി ചെയ്യുന്നു.

2019, മേയ് 9, വ്യാഴാഴ്‌ച

11. മരിച്ചിട്ടും മായാത്തവർ

" ഈ മരിച്ചോരൊക്കെ എവിടേക്കാണ് പോകുന്നത് എന്നറിയാമോ?... സാബിക്ക്.."
ഈ ചോദ്യം ആദ്യമായിട്ട് എന്നോട് ചോദിച്ചത് ഒരു ബൽക്കീസ് ബാനു ആയിരുന്നു....
പണ്ട്... പണ്ട്.. അതായത് കുറേ വർഷങ്ങൾക്ക് മുമ്പ്. ഞാൻ മദ്രസയിൽ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. അന്നൊരു ശനിയാഴ്ച്ച ആയിരുന്നു. പഠനത്തിനും പ്രാർത്ഥനക്കും ശേഷം ചീരിണി വിതരണം ചെയ്യുന്ന ദിവസം...

മദ്രസയിൽ ചീരിണി വരുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഏതെങ്കിലും ഒരു കുട്ടി മദ്രസയിൽ പുതിയതായി ചേരുമ്പോൾ. അല്ലെങ്കിൽ മരിച്ച ആരുടേയെങ്കിലും പേരിൽ പ്രത്യേകമായി പ്രാർത്ഥിക്കാൻ വേണ്ടി ബന്ധുക്കൾ നൽകുന്നത്. പലപ്പോഴും വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളോ, അലുവയോ അല്ലെങ്കിൽ മധുരപലഹാരങ്ങളോ ആയിരിക്കും ചീരിണി ആയി എത്തുന്നത്....
പതിവ് പോലെ എനിക്ക് കിട്ടിയ അലുവയും മിഠായികളും ഒറ്റത്തൊള്ളക്ക് തന്നെ അകത്താക്കിയിട്ട് കൂടേയുള്ളവരുടേ കയ്യിൽ നിന്നും തട്ടിപറിക്കാൻ നോക്കുമ്പോൾ‌ എല്ലാ അവന്മാരുടേയും‌ മുഖത്ത് ആക്കിയ ഒരു ചിരി. ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത് എന്നൊരു ധ്വനി എല്ലാവരുടേയും‌ മുഖത്ത്..
ബാക്കി വന്ന‌ വർണ്ണകടലാസുകളും നോക്കി‌ നാവിൽമധുരമായി അലിഞ്ഞ് തീർന്ന അലുവയേയും ഓർത്ത് ...
" നഷ്ട സ്വപ്നങ്ങളേ നിങ്ങളെനിക്കൊരു.."
പിറകിലൊരു‌ വള‌കിലുക്കം.പിൻ തിരിഞ്ഞ് നോക്കിയപ്പോൾ ബൽക്കീസ് ബാനു. അവളുടെ വെളുത്ത് കൊലുന്നനേയുള്ള കയ്യി ഒരു അലുവാ കഷ്ണം. പതിയേ എനിക്ക് നേരെ നീണ്ട് വന്നു...
" ബാനുവിന് അലുവ ഇഷ്ടം അല്ലേ..."
" ഇഷ്ടം ഒക്കെ തന്നെയാണ്‌. പക്ഷെ സാബി കഴിച്ചോ..."
" വേണ്ട എന്ന് പറയടാ തെണ്ടീ " എന്ന് എന്റെ അന്തരംഗം മന്ത്രിക്കുന്നുണ്ടായിരുന്നു. പക്ഷെ കൊതിയുടെ അസുഖം ഉള്ളത് കൊണ്ട് ഒറ്റയടിക്ക് അത് വേണ്ട എന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അവളുടെ തീരുമാനം മാറും മുമ്പേ ഞാനത് വാങ്ങി നുണഞ്ഞ് കൊണ്ട് അവൾക്കൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.
ഞാനാദ്യമായിട്ടല്ല അവളേ കാണുന്നത്. സത്യത്തിൽ അവളെന്റെ അയൽവാസിയായിരുന്നു. പക്ഷെ അവളെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു. അവളൊരു വായാടിയും കുശുമ്പിയും ആണെന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മാത്രവുമല്ല ഞങ്ങളൊക്കെ ഏറ്റവും പിറകിലത്തേ ബെഞ്ചിൽ ഇരിക്കുമ്പോൾ അവൾ മാത്രം വലിയ പഠിപ്പിസ്റ്റായി മുന്നിലേ ബഞ്ചിൽ ഞെളിഞ്ഞിരിക്കുന്നു...
പക്ഷെ ഈ ഒരൊറ്റസംഭവം കൊണ്ട് ഞാനവളേ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. അവളുടെ ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികൾക്കും സുറുമ എഴുതിയ ആ വലിയ കണ്ണുകൾക്കും‌ ഇപ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട്. ഒരു ദിവസം രഹസ്യമായി ഞാനെന്റെ ഇഷ്ടം അവളേ അറിയിച്ചു...
" അയ്യേ... നമ്മൾ ഇഷ്ടപ്പെടാനൊന്നും പാടില്ല. ഇഷ്ടപ്പെടുന്നതൊക്കെ ചീത്ത കുട്ടികളുടെ സ്വഭാവാണ്.. പിന്നെ സാബിക്കറിയാമോ..?"
അവളെന്തോ അന്താരാഷ്ട്ര രഹസ്യം കൈമാറുന്നത് പോലെ എന്നോട് ആ രഹസ്യം കൈമാറി.
" ഇഷ്ടപ്പെടുമ്പോഴാണീ കുട്ടികൾ ഉണ്ടാവുന്നത്..."
" അയ്യേ... നിന്നോടാരാണീ ആന മണ്ടത്തരം പറഞ്ഞേ.... ഇഷ്ടപ്പെടുമ്പോഴല്ല.. ആളുകൾ കല്ല്യാണം കഴിക്കുമ്പോൾ‌ ആണ് കുട്ടികൾ ഉണ്ടാവുന്നത്..."
" തന്നേ... സത്യമായിട്ടും..."
അവൾക്ക് തീരേ വിശ്വസമായില്ല എന്ന് തോന്നുന്നു...
" നിനക്ക് ബുദ്ധിയുണ്ടെങ്കിൽ‌ നീ ഒന്ന് ആലോചിച്ച് നോക്കിക്കേ. നമ്മുടെ ജുബൈരിയ ഇത്താക്ക് എങ്ങനെയാണ് കുട്ടിയുണ്ടായത്‌. സലാമിക്കാക്ക് എങ്ങനേയാണ് കുട്ടിയുണ്ടായത്. അതൊക്കെ പോട്ടെ നിന്റെ എളാപ്പക്ക് എങ്ങനെയാണ് കുട്ടിയുണ്ടായത്. അവരൊക്കെ കല്ല്യാണം കഴിച്ചിട്ടല്ലേ കുട്ടിയുണ്ടായത്..."...
ആ... അവളെന്തോ ആലോചിക്കുകയാണെന്ന് തോന്നുന്നു....
" എന്നാലും‌ നമുക്ക് ഇഷ്ടം വേണ്ട..."
" ആ വേണ്ടെങ്കിൽ‌ വേണ്ട..."
പിന്നീടും‌ കുറേ കാലങ്ങൾ കഴിഞ്ഞാണ് കല്ല്യാണം കഴിച്ചത് കൊണ്ടല്ല കെട്ടിപ്പിടിക്കുന്നത് കൊണ്ടാണ് കുട്ടികൾ ഉണ്ടാവുന്നത് എന്ന് എനിക്ക് മനസ്സിലായത്...

ഞങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ പിന്നീടും ശക്തിയായി നിലനിന്നു. അവൾക്ക് കിട്ടുന്ന മിഠായികളും അലുവകളും പതിവ് പോലെ അവൾ എനിക്ക് തന്നു.വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ഞാനതൊന്നും നിരസിച്ചില്ല. പകരമായിട്ട് ഉമ്മുതാത്തയുടെ തൊടിയിലുള്ള മാങ്ങകൾ, സുബൈർക്കാന്റെ തൊടിയിലുള്ള ചാമ്പക്ക, പിന്നെ ഒരു വട്ടം മാത്രം പട്ടാളക്കാരന്റെ തൊടിയിൽ നിന്നും കട്ടെടുത്ത മധുരനാരങ്ങയും കൊടുത്തിട്ടുണ്ട്..
" സാബീ മാങ്ങ പൊട്ടിക്കാൻ പോവ്വല്ലേ....."
അവളുടെ കൂടെ മാങ്ങ പെറുക്കാൻ പോകാൻ എനിക്ക് വല്ല്യ ഇഷ്ടമാണ്. ഞാൻ മാവിൽ കയറി മാങ്ങ പൊട്ടിച്ചിട്ടാൽ മതി. താഴേ വീഴുന്നതെല്ലാം അവൾ പെറുക്കിക്കൂട്ടിക്കോളും.
" ശരി പോകാം..."
എനിക്ക് നൂറ് വട്ടം സമ്മതം. പുസ്തകങ്ങൾ എല്ലാം തുണിയുടെ മടക്കുത്തിൽ തിരുകി‌ഞാൻ തയ്യാറായി. നേരേ ഉമ്മുതാത്തയുടെ വളപ്പിൽ‌ ഉള്ള മാവിൽ‌ വലിഞ്ഞ് കയറി ഒരു കൊമ്പിൽ കാല് കൊണ്ട് ചവിട്ടി ഒറ്റ കുലുക്കൽ.. പച്ചയും‌ പഴുത്തതും ചെനച്ചതുമായ മാങ്ങകൾ ചറപറേന്ന് തഴേക്ക്. അഞ്ച് മിനിറ്റ് കൊണ്ട് ബാനു‌ പെറുക്കികൂട്ടി തട്ടത്തിൽ കെട്ടി.
" അപ്പ‌ ശരി ഞാൻ മഹാഭാരതം കാണാൻ പോകുന്നു..."
" എട പൊട്ടാ അതൊക്കെ ഹിന്ദുക്കളുടെ പരിപാടി ആണ്. അതൊന്നും കാണണ്ട... കുറ്റം കിട്ടും..."
" എന്നിട്ട് എന്റെ കാക്കൂം അപ്പുറത്തേ ഫിറൂം ഒക്കെ കാണുന്നുണ്ടല്ലോ...."
" അവർക്കൊന്നും അത്ര വിവരമില്ലാഞ്ഞിട്ടാണ്. നീ വാ നമ്മക്ക് മീൻ പിടിക്കാം..."
അതും ശരിയാവാം. എന്റെ അപിപ്രായത്തിൽ അവർക്കൊന്നും ബൽക്കീസിന്റെ ബാനുവിന്റെ അത്ര വിവരം ഉണ്ടാകാൻ ഒരു വഴിയും ഇല്ല. എത്ര കാലമായി അവർ നാലാം ക്ലാസിൽ കൈൽ കുത്തുന്നു. വിവരമുണ്ടെങ്കിൽ എന്നേ ജയിച്ച് പോകേണ്ടത് ആണ്.അരമണിക്കൂർ മീൻ പിടിച്ചിട്ടും‌ പേരിന് ഒരു‌ മീൻ പോലും കിട്ടിയില്ല.
" ടാ...നമുക്ക് മൊട്ടക്കുന്നിന് മുകളിൽ‌ കയറിയാലോ... "
എന്തിന് എന്ന ചോദ്യത്തിന് അവളുടെ മുന്നിൽ‌ വല്യ പ്രശസ്ഥിയില്ല.
" സാബീ... നീ ഇന്നാള് ആ മധുര നാരങ്ങ കൊണ്ട് വന്ന് തന്നില്ലേ... അതെവിടുന്നാ...."
" അതാ പട്ടാളക്കാരന്റെ തൊടിയിൽ നിന്ന്..."
" എന്നാ നമുക്ക് അവിടെ കയറി കുറച്ച് മധുരനാരങ്ങ പറിച്ചാലോ.."
" അയ്യോ... വേണ്ട..."
" അങ്ങേരുടെ കൈയ്യിൽ തോക്കുണ്ട്... കണ്ടാ അങ്ങേര് വെടി വെച്ച് കൊന്ന് കളയും..."
" ശരിക്കും...."
" ശരിക്കും..."
" ഈ മരിച്ചവരൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന് സാബിക്കറിയാമോ..."?
അവളുടെ ഉപ്പ‌ മരിച്ച് പോയിരുന്നു. അതാണ് അങ്ങനെ ഒരു‌ ചോദ്യം.
" ഈ ജീവിച്ചിരിക്കുന്നവർ ഒക്കെ എങ്ങോട്ടാണ് പോകുന്നത് എന്ന് ബാനുവിന് അറിയാമോ.."
" അറിയാം.... മുന്നോട്ട്..."
" എന്നാ പിന്നെ ഈ മരിച്ച് പോയവരും അങ്ങോട്ട് തന്നെ ആയിരിക്കില്ലേ പോകുന്നത്..."
" എട പൊട്ടാ നിനക്ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ‌ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ഇതിപ്പോ നിനക്ക് ഒരു പേരിന് പോലും ഇല്ലാത്ത സ്ഥിതിക്ക്..."
" മരിച്ചവരെല്ലാവരും സ്വർഗ്ഗത്തിലേക്കാണ് പോകുന്നത്. ഞാനും മരിച്ചാൽ ഞാനും സ്വർഗ്ഗത്തിൽ പോകും. അപ്പോൾ എനിക്കെന്റെ ഉപ്പയേ കാണാം..."
അവളുടെ ശബ്ദം ഇടറിയോ എന്നൊരു സംശയം മാത്രം ബാക്കിയായി എനിക്ക്....
" നീ ഒരു കാര്യം ചെയ്യ്... ആരെങ്കിലും വരുന്നുണ്ടെങ്കിൽ എനിക്ക് സിഗ്നൽ‌ തരണം. ഞാൻ മെല്ലെ ചുളുവിൽ പോയിട്ട് ഒന്ന് രണ്ടെണ്ണം പറിച്ചോണ്ട് വരാം..."
എനിക്കവളെ തടയണം എന്നുണ്ടായിരുന്നു. പക്ഷെ മധുരനാരങ്ങയുടെ മധുരം ആലോചിച്ചപ്പോൾ തടയാൻ കഴിഞ്ഞില്ല..

"ഡാ ആരടാ തൊടീല്" എന്നൊരു അലർച്ച കേട്ടത് പോലെ തോന്നി. ഡും എന്നൊരു ഒറ്റ ഓട്ടമായിരുന്നു. മൊട്ടക്കുന്ന് ഒക്കെ ഒറ്റ സെക്കന്റ് കൊണ്ട് ഓടിയിറങ്ങി. സിഗ്നൽ കൊടുത്തോ ഇല്ലയോ എന്ന കാര്യത്തില് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് എനിക്ക് കഴിഞ്ഞിട്ടില്ല. നേരെ ഉമ്മുതത്തയുടെ വീട്ടിൽ എത്തി മുറ്റത്തെ പൈപ്പിൽ നിന്ന് മൂത്രം പോയ ട്രൗസറും കഴുകി മഹാഭാരതം ഒറ്റ ഇരിപ്പിന് കണ്ടുതീർത്തു...
അന്ന് രാത്രി ഒരു നാട് മുഴുവൻ ബൽക്കീസ് ബാനുവിനേ തിരയുമ്പോൾ ഞാൻ സുഖമായി ഉറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ എന്റെ ഉമ്മയുടെ ഗദ്ഗദങ്ങൾക്കിടയിൽ നിന്നാണ് ഞാൻ ബൽക്കീസ് ബാനു നശിപ്പികപ്പെട്ട കാര്യം മനസ്സിലായത്. എനിക്കോ അവൾക്കോ നശിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ആ നാട്ടുകാർക്ക് മൊത്തം മനസ്സിലായിരുന്നു അവൾ നശിച്ച് പോയിരുന്നു എന്ന്... ബൽത്സംഘത്തിന് ശേഷം പുരുഷന് നഷ്ടപ്പെടാത്ത ഒന്നും സ്ത്രീക്കും നഷ്ടപ്പെടില്ല എന്ന് ധൈര്യപൂർവ്വം വീളിച്ച് പറയാൻ കഴിവുള്ള ഒരാളെങ്കിലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ആ പാവം പെൺകുട്ടി ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു. മൂന്ന് ദിവസം പനിച്ചും പേടിച്ച് വിറച്ചും നരകിച്ചും ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞ ആ പെൺകുട്ടിയുടെ മുഖം മറക്കാൻ ഒരുപാട് കാലം എടുത്തു...
പിന്നീട് ഒരുപാട് രാത്രികളിൽ അവളുടെ ആ സുന്ദരമായ മുഖം എന്റെ ഉറക്കത്തേ അലോസരപ്പെടുത്തിയിട്ടുണ്ട്.....

വർഷങ്ങൾക്ക് ശേഷം ഒരു ദിവസം. ഏകദേശം എനിക്ക് ഒരു മകൻ പിറന്ന് ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും അയാളെ കണ്ടു. ഒരു പുഴുവിനേ പോലെ ആരും നോക്കാനില്ലാതെ പരസഹായത്തിന് കൊഞ്ചി ഒരു മനുഷ്യ ജന്മം. ഇപ്പോഴും എനിക്ക് അയാളോട് അതേ ഭയമാണ്..
" മരിച്ചവരെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് സാബിക്കറിയാമോ..?.."
"മരിച്ചവരൊന്നും എങ്ങോട്ടും പോകുന്നില്ല ബാനൂ.. മരിച്ചവർ ചേക്കേറുന്നത് ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. ഓർമ്മകൾ മരിക്കാതിരിക്കുന്നിടത്തോളം കാലം മരിച്ചവരൊന്നും എങ്ങോട്ടും പോകുന്നില്ല. നിദ്രാവിഹീനങ്ങളായ രാത്രികളിൽ അവർ നമ്മുടെ കട്ടിലിന് അടുത്ത് വന്ന് ഒന്ന് പുഞ്ചിരിക്കും. പിന്നീടൊരിക്കലും നമുക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല..."
============================











സാബിർ  ജലാലിയ 

കല്ലീപറമ്പിൽ  അബുവിന്റെ  മകൻ , ഗൾഫിൽ  ജോലി , എരവിമംഗലത്തു  താമസം


=================================================

10. കണ്ണ്യേലപാത്തുമ്മ പാതിരാ കൊലപാതകം



കാലം 1988 ഒരു ഏപ്രിൽ മാസത്തിലെ ഒരു ദിനം . മേടച്ചൂടിലെ ആ പുലരി കുന്നപ്പള്ളി നിവാസികളെ ഉണർത്തിയത് ചൂടുള്ളതും ,ദുരൂഹതയുള്ളതുമായ ഒരു കൊലപാതക വാർത്തയിലേക്കായിരുന്നു. കുന്നപ്പള്ളിയുടെ ചരിത്രത്തിലെ ജനങ്ങളറിഞ്ഞ ആദ്യത്തെ കൊലപാതകം. (അതിന് മുമ്പ് ആരെങ്കിലും മറ്റൊരാളുടെ കയ്യാൽ കൊല്ലപ്പെട്ടതായി എന്റെ അറിവിലും ,എന്റെ ഉമ്മാന്റെ അറിവിലും ഇല്ല ,എന്റെ ഇമ്മാതിരി അറിവിന്റെ ഉറവിടം അന്നൊക്കെ ഉമ്മയായിരുന്നു. ഗൂഗിൾ അവൈലബിൾ അല്ലാത്ത കൺട്രി കാലം. )

അലി കാക്കാന്റെ ചായക്കടയിലും ,മൈസൂരാക്കാന്റെ മക്കാനിയിലും ആളുകൾ വട്ടം കൂടി ആശങ്കകൾ പങ്ക് വെച്ചു.
തലേന്ന് കണ്ട സിനിമയുടെ ബാക്കി സ്വപ്നത്തിൽ കാണാൻ പറ്റുമോ എന്ന പ്രതീക്ഷയിൽ രാവിലെ 8 മണിയായിട്ടും സുഖനിദ്രയിലാണ് ഞാൻ .. "ടി പെണ്ണേ ..പോത്തു പോലെ കിടന്നുറങ്ങിക്കോ .. ആ കണ്ണ്യേല പാത്തും താത്താനെ ആരോ കൊന്നൂന്ന്..."
"പോലീസും ,ആളും ,പാളും മെല്ലാം കൂടീട്ടുണ്ട് " കേട്ടപാതി ,കേൾക്കാത്ത പാതി .. എന്റെ സ്വപ്നവും ,ഉറക്കവും പമ്പ കടന്നു .പല്ലൊന്നും തേക്കാതെ തന്നെ സിറ്റ് ഔട്ടിലേക്ക് .. അവിടെ ഒരു വാർഡ് സഭക്കുള്ള ആളുകളുണ്ട് .. "രണ്ട് ചെവിയും അറുത്തിട്ടുണ്ട് ,കഴുത്ത് ഞെരിച്ചാണ് കൊന്നിരിക്കുന്നത് "
കൊലപാതകത്തിന്റെ ദുരൂഹതകളും ,അഭ്യൂഹങ്ങളും പല തരത്തിലായി .കവർച്ചയാണ് ഉദ്ദേശം .. റിപ്പർ ചന്ദ്രൻ മോഡൽ വല്ലവരും ആകുമോ ?ഒറ്റക്ക് താമസിക്കുന്നവരെ മാത്രം ലക്ഷ്യം വെച്ചുള്ള ആസൂത്രിത കൊലപാതകം ,ചർച്ചകൾ നീണ്ടു .

"ഉമ്മാ നിക്കറിയാം ആരാ കൊന്നത് എന്ന് ... അത് ആ ....... നും ...... നും ആവും".
ഉമ്മ ന്റെ ചെവിക്ക് പിടിച്ച് ഒരു തിരുമ്പൽ തന്നിട്ട് .. "മര്യാദക്ക് പോയി പല്ലേച്ച് ,മൊകം കഴുകി വ ന്നോ ... വായി തോന്നിത് കോതക്ക് പാട്ട് എന്ന പോലെ എല്ലാടത്തും കേറി അഭിപ്രായം പറേണ്ട .. പോലീസ് തൂക്കി എട്ത്ത് കൊണ്ടോകും " ഇത് നല്ല കഥ ,നല്ലോ രൊറക്കത്തിൽ നിന്ന് ഒണത്തിട്ട് ..പ്പം ഞാനൊന്നും മുണ്ടാൻ പറ്റൂല .. ( എന്റെ ആത്മഗതം )
ഞാൻ എന്റെ പ്രഭാതകൃത്യങ്ങൾക്കായ് കുളിമുറി ലക്ഷ്യമാക്കി ഓടി .
കണ്ണ്യേല പാത്തുമ്മ താത്ത ഞങ്ങളുടെ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ ഒരു വല്ലിമ്മയാണ്. ഒരു മകൾ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. തങ്കയത്തിലെ മുഹമ്മദ് അലിക്കായുടെ തൊടിയുടെ വടക്ക് കിഴക്ക് മൂലയിൽ ഒരു ചെറിയ പുര വെച്ചാണ് താമസം. കുടികിടപ്പാണ് എണാണ് എന്റെ നിഗമനം. അവരെയാണ് ഇന്നലെ രാത്രി ആരോ കൊന്നിട്ടത്.

പോലീസ് അന്വേഷണം തകൃതിയായി നടക്കുന്നു. മുഹമ്മദാലിക്കാനെ ഒക്കെ ചോദ്യം ചെയ്യാൻ കൊണ്ട് പോയതറിഞ്ഞ് എന്റെ ഉപ്പയൊക്കെ സ്റ്റേഷനിൽ പോവാൻ തയ്യാറായി നിൽക്കാണ് ,ഉപ്പാന്റെ ഉറ്റ മിത്രമാണ് മുഹമ്മാലിക്ക .
എന്റെ മനസ്സിൽ ഞാൻ കൊലപാതകികളെ ഉറപ്പിച്ചു ... നുമ്മടെ ആറാമിന്ദ്രിയം പണ്ട് തങ്കേത്തിലെ അടക്കാപഴ (പേരക്ക) മരത്തിന്റെ രണ്ടാമത്തെ കൊമ്പിൽ കയറിയപ്പോഴേ തുറന്നതാണ്. അത് കൂടാതെ തലേന്ന് രാത്രി 8.30 pm ന്റെ 9 pm ന്റെ ഇടയിൽ പ്രസ്തുത വ്യക്തികളെ സംശയകരമായ സാഹചര്യത്തിൽ ഞാൻ കണ്ടതാണ് .അവർ കുറച്ച് കാലമായി എന്റെ നോട്ടപ്പുള്ളികളാണ്.
അത് മനസ്സിലാകണമെങ്കിൽ കുറച്ച് കാലം പിറകോട്ട് പോകണം ...
ഇന്ന് ബംഗാളികൾ എന്ന് നമ്മൾ മൊത്തത്തിൽ വിളിക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിൽ എത്തുന്നതിനു് മുമ്പേ ,കേരളത്തിന്റെ മണ്ണിൽ പണിയെടുക്കാൻ വന്ന ഒരു കൂട്ടരാണ് അണ്ണാച്ചികൾ എന്ന് നമ്മൾ വിളിക്കുന്ന തമിഴൻമാർ ,ഒരു കാലത്ത് കേരളത്തിലേക്ക് അവരുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു. ആ കൂട്ടത്തിൽ ഞങ്ങളുടെ നാട്ടിലെ വലിയ കൃഷിക്കാരും ,തോട്ടമുടമയുമായ തങ്കയത്തിൽ ഹംസ ഹാജിയുടെ വീട്ടിൽ ഒരാൾ എത്തി .. അവന്റെ പേര് തങ്കമണി .അവരുടെ റബ്ബർ തോട്ടത്തിലെ പണിക്കായി കുറച്ചധികം ആളുകളെ ആവശ്യം ഉണ്ടായിരുന്നു. അങ്ങിനെ ആണ് തങ്കമണിയുടെ നേതൃത്വത്തിൽ പത്തിരുപത് പേര് തഞ്ചാവൂരിൽ നിന്നെത്തിയത്. ശെൽവൻ ,രാജൻ ,തങ്കയ്യൻ,അറുമുഖൻ ഇങ്ങനെ കുറേ പേര് .ആ വീട്ടിലെ പത്തായപ്പുര പോലെയുള്ള കൃഷി സാധനങ്ങളൊക്കെ വെക്കുന്ന കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം .
എന്റെ കളിവീട് ആയിരുന്നു തങ്കയത്തിലെ ആ തറവാട് വീട് .. സ്ക്കൂൾ അവധി ദിവസങ്ങളിൽ രാവിലെ അങ്ങ് അവിടെ കയറിയാൽ വൈകുന്നേരമേ വീടണയൂ .. എന്റെ ഉമ്മ പറയുന്ന പോലെ "വിട്ടാ കാള പയറ്റിലാ ,, "നേരം വെളുത്താ ഓള് തങ്കേത്തിലാ "
എനിക്ക് കളിക്കാനും ,വായിക്കാനും ,കഥ പറഞ്ഞ് തരാനും അവിടെ ഇഷ്ട്ടം പോലെ ആളുകളാ."
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സബ്ജില്ലാ കലോത്സവത്തിൽ 1st prize കിട്ടിയ ഞങ്ങളുടെ 5 പേരുള്ള നാടകം ഞാൻ ഒറ്റക്ക് 7 ക്ലാസ്സ് ആവോളം തങ്കേത്തിലെ ഇടകോലായ എന്ന സ്‌റ്റേജിൽ കളിച്ചിട്ടുണ്ട്. അങ്ങിനെ ആണ് ഗേൾസ് ഹൈസ്കൂളിൽ മൂന്ന് കൊല്ലം മോണോആക്റ്റ് ചെയ്യാനുള്ള തൊലിക്കട്ടി നേടിയെടുത്തത്.
പറഞ്ഞ് വന്നത് ഇതൊന്നും അല്ല.

തമിഴൻമാർ തങ്കയത്തിൽ ജോറായി വാഴുന്നത് എനിക്കത്ര പിടിക്കുന്നുണ്ടായിരുന്നില്ല. എന്റെ വീട്ടിലേക്ക് പോകണമെങ്കിൽ ഇവരൊക്കെ താമസിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കെട്ടിടം പിന്നിട്ട് വേണം .. നമ്മൾ പണ്ടേ കയ്യിൽ കിട്ടുന്ന എന്തും പച്ചക്ക് വായിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് 'മ' വാരികകൾ നമ്മുടെ വീക്ക്നെസ് ആയിരുന്നു. അതുകൊണ്ട് ഗുഡ് ടച്ചും,ബാഡ് ടച്ചും ,നല്ല നോട്ടവും ,ചീത്ത നോട്ടവും അന്ന് തന്നേ മനസ്സിലാവുമായിരുന്നു .ഇവരിൽ ചിലരുടെ നോട്ടം എനിക്ക് പിടിക്കുന്നില്ലാന്ന് ഞാൻ ആ വീട്ടിലെ എന്റെ പ്രിയപ്പെട്ട ആസ്യ താത്താട്
പറയാറുണ്ടായിരുന്നു .
നേരം മഗ്രിബ് ബാങ്ക് കൊടുത്താലേ ഞാൻ വീട്ടിലേക്ക് ചേക്കേറൂ.. ഇവരെ പേടിച്ച് വീട് എത്തുന്നത് വരെ ഓട്ടമാണ്.
ഈ കൊലപാതകത്തിന് കുറേ മുമ്പേ അവരെ അവിടെ നിന്ന് പുറത്താക്കിയിരുന്നു. പിന്നെ നാട്ടിലെ എല്ലാവരുടേയും പണിക്കാരായി .
അടുത്ത ഫ്ലാഷ് ബാക്ക് ,
കൊലപാതകം നടന്ന രാത്രി .
സ്ക്കൂളവധി കാലമാണല്ലോ .. അന്നൊക്കെ ടി.വി. യും ,വി .സി .ആറും ഒന്നും എല്ലാ വീട്ടിലും ഇല്ല ,ഞങ്ങളുടെ നാട്ടിൽ ഒന്നോ ,രണ്ടോ വീട്ടിൽ കാണും ,ആ വീടുകളിലൊക്കെ പ്രദേശത്തെ എല്ലാവരേയും ഒന്നിച്ച് ക്ഷണിച്ച് വരുത്തിയാണ് സിനിമാ പ്രദർശനം. മനുഷ്യമനസ്സിൽ മതവും ,ജാതിയും ,അമിത സദാചാര വാദവും വല്ലാതെ പിടിമുറുക്കാത്ത കാലം.
അത് പുതിയ തലമുറക്ക് അതിശയമുണ്ടാക്കുന്ന ഒരു കാര്യമാവും.
ഉപ്പാന്റെ കൂട്ടുകാരൻ അബാസിക്കായുടെ വീട്ടിലാണ് അന്ന് ഞങ്ങളുടെ ടി.വി കാണൽ .. കുറച്ച് നടന്ന് പോകണം .ഇന്നാണെങ്കിൽ 25 രൂപ ഓട്ടോക്ക് കൊടുത്ത് പോകണം. അധിക ദിവസവും രാത്രി 9.30 നാണ് പ്രദർശനം. അന്ന് ഒരു 7.30 ആയപ്പോൾ അബാസിക്ക വിളിച്ചു. " ഹസീ ഇന്ന് നല്ല മമ്മുട്ടിയുടെ സിനിമയുടെ കാസറ്റ് കിട്ടിയിട്ടുണ്ട് ,എല്ലാരേം കൂട്ടി വാ .. തങ്കേത്തിൽ നിന്ന് ആസ്യയും കുട്ടികളും ഉണ്ടെങ്കിൽ ഓലേയും കൂട്ടിക്കോ ,സിനിമാ പ്രേമീ യായ എന്റെ മനസ്സിൽ ലഡു പൊട്ടി. ഉപ്പാക്ക് പെരിന്തൽമണ്ണ ടൗണിൽ പലചരക്ക് കച്ചവടമാണ് ,ഉപ്പ കടയടച്ച് എത്തിയില്ല ,ഉപ്പാടെ സമ്മതം കിട്ടണം ,സമയം 8.30 ആയി ,വളയംമൂച്ചിയിലെ കടകളെല്ലാം അടച്ചു. ഉപ്പ വരുന്നുണ്ടോന്ന് നോക്കാൻ പടിയിലിറങ്ങി നിന്നു. തെരുവ് എല്ലാം വിജനമാണ് ,സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം. അപ്പോൾ അതാ വീടിനോട് ചേർന്നുള്ള മൂത്താപ്പാന്റെ മോന്റെ പലചരക്ക് കടക്ക് മുമ്പിൽ രണ്ട് നിഴലനക്കം. ..
ആരാ അവിടെ ?( ഞാൻ )
ഇരുട്ടിൽ നിന്നും രണ്ട് നിഴലുകൾക്ക് ജീവൻ വെച്ചു ..
ഞങ്ങളാണ് ..അറുമുഖനും ,തങ്കയ്യനും ,( അവർ )
എന്താ ഈ നേരത്ത് ഇവിടെ ? (ഞാൻ )
ഞങ്ങൾ നാരങ്ങ തൊലി എടുക്കാൻ വന്നതാ (അവർ )(വേനൽ കാലമല്ലേ കടയിലെ Waste ' ഇടുന്ന ഭാഗത്ത് നിറയെ നാരങ്ങ തൊലി കാണും .
അതും പറഞ്ഞ് അവർ തെക്കോട്ട് നടന്ന് പോയി .
ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞാൻ അകത്തേക്ക് പോയി ,ഉപ്പയാണ് ,കുറച്ച് വൈകിയേ വരൂ ,ഞങ്ങളെ അബാസിക്കാടെ വീട്ടിൽ പോവാൻ സമ്മതിച്ചു.
അങ്ങിനെ ഞങ്ങൾ അയൽപക്ക കാരെല്ലാം സിനിമ കാണാൻ പോയി.
നല്ല രസികൻ സിനിമയായിരുന്നു ,പേര് ഓർമ്മയില്ല .
ഞങ്ങൾ സിനിമ കഴിഞ്ഞ് എത്തിയതും ,ഉപ്പ കട പൂട്ടി വന്നതും ഒരേ സമയത്തായിരുന്നു.
ചായക്കടയിൽ നിന്നു് ആരുടേയോ സംസാരം കേൾക്കുന്നു. ഉപ്പയും ,ഇക്കായും ടോർച്ചും എടുത്ത് പോയി നോക്കി ..
അത് ആ അണ്ണാച്ചികളാ ..
അറുമുഖനും ,തങ്കയ്യനും
.......
എന്തോ രാവിലെ കൊലപാതക വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ അവരാണ് ഓടിയെത്തിയത്.
ആദ്യ ഘട്ടത്തിൽ പോലീസ് മുഹമ്മാലിക്ക കണ്ണായ സ്ഥലം കിട്ടാൻ വേണ്ടി ചെയ്തതാ എന്ന നിഗമനത്തിൽ ആയിരുന്നു .രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരും എന്റെ അതേ ലൈനിൽ ആയി അന്വേഷണം. ആദ്യ ദിവസം സംഭവസ്ഥലത്തൊക്കെ ഉണ്ടായിരുന്ന രണ്ട് പേരേയും 2 ദിവസം കഴിഞ്ഞപ്പോൾ കാണാൻ ഇല്ല.
അവരുടെ ഫോട്ടോക്ക് വേണ്ടിയുള്ള അന്വേഷണം കൊണ്ടെത്തിച്ചത് ഞങ്ങളുടെ വീടിനോട് ചേർന്ന വാടക കെട്ടിടത്തിലെ ബാർബർ ഷോപ്പിൽ. ബാർബർ ഷോപ്പിലെ ചുമരിൽ ബോംബെ ഡെയിംഗ് കലണ്ടറിലെ ശോഭനയുടെ ചിത്രത്തിന് തൊട്ടടുത്ത് അറുമുഖന്റേയും ,ഉസ്മാന്റേയും VB സ്റ്റുഡിയോയിൽ നിന്നെടുത്ത ഫോട്ടോ ചിരിച്ച് നിൽക്കുന്നു .മണ്ണാർക്കാട് സ്വദേശിയായ ഉസ്മാൻ ഞങ്ങളുടെ മില്ലിലേക്ക് ജോലിക്ക് വന്നതാണ്. വന്ന കാലത്ത് മധുരിമ ബേക്കറിയിൽ നിന്ന പരിചയം കൊണ്ട് നല്ല അരി ഉണ്ടയും ,റവ ലഡുവും ,വെട്ട് കേക്കും എല്ലാം ഉണ്ടാക്കി തരുമായിരുന്നു. മില്ലിൽ കുറച്ച് കാലം നിന്ന ശേഷം ഇസ്മായിലി ക്കാടെ പലചരക്ക് കടയിലേക്ക് മാറി. നാട്ടിൽ വന്ന പരദേശികൾ എന്ന നിലക്ക് അറുമുഖനുമായി അടുത്തു ആ അടുപ്പം വെച്ചാണ് ഈ ഫോട്ടോ എടുപ്പ് ഉണ്ടായത്. .. ദാ കിടക്കുണു ഉസ്മാനും ,ബാർബറും പോലീസ് വണ്ടിയിൽ.. പാവം ഉസ്മാനെ നല്ലോണം ഭേദ്യം ചെയ്തു. പിന്നെ അതവന്റെ കേൾവിയെ എല്ലാം ബാദിച്ചു.
അവസാനം അറുമുഖനേയും ,തങ്കയ്യനേയും തഞ്ചാവൂരിൽ അവരുടെ നാട്ടിൽ ചെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത്, തെളിവെടുപ്പിനായി കൊണ്ടുവന്നു.
പാത്തുമ്മ തത്തയുമായി അവർക്ക് നല്ല അടുപ്പമായിരുന്നു. താത്തായുടെ റേഷൻ പഞ്ചസാരയൊക്കെ ഇവർക്ക് മറിച്ച് വിൽക്കുമായിരുന്നു. ആ പാവം ഉമ്മ ഇവർക്ക് ഇടക്ക് ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു. ആ സ്വാതന്ത്രത്തിൽ അവിടെ ചെല്ലുകയും ,കഴുത്ത് മുറുക്കി അവരെ കൊന്ന് ,. കാതിലെ ചിറ്റിന് വേണ്ടി ചെവിയറുത്തെടുത്തു... ചിറ്റും മറ്റ് ആഭരണങ്ങളും താഴെ പാടത്തെ കുളത്തിനരികെ കുഴിച്ചിട്ടത് അവർ എടുത്ത് കൊടുത്തു ..കയ്യിൽ പറ്റിയ ചോരക്കറ കളയാനായിരുന്നു നാരങ്ങാ തൊലിക്ക് വന്നത്.
പിന്നീട് അവർ ശിക്ഷിക്കപ്പെടുകയും ,ഒരാൾ ജയിലിൽ വെച്ച് മരണപ്പെട്ടു എന്നും കേട്ടു .
അങ്ങിനെ കുന്നപ്പള്ളിയെ ആശങ്കയിലാക്കിയ ആ കൊലപാതകത്തിന്റെ കഥ കഴിഞ്ഞു.
Written by Haseena .K.C
2- 03 -2019