2023, മേയ് 8, തിങ്കളാഴ്‌ച

13. അബ്ബാസലിയുടെ ലോഞ്ചുയാത്ര



(-നജീബ് ചേലാക്കോടൻ)


മുള്ളിയാകുറുശ്ശിക്കാരനായ ഏജന്റ് മുഖാന്തിരമാണ് ആദ്യ ശ്രമം.1969ൽ. 600 മുതൽ 800 രൂപയാണ് നിരക്ക്. കോഴിക്കോട് കേന്ദ്രീകരിച്ചു രഹസ്യ ഇടപാടിലൂടെ പണം കൊടുത്തു കാര്യങ്ങൾ ഏർപ്പാടാക്കിയെങ്കിലും, തുടക്കത്തിലേ പോലിസ് പിടിച്ച് ജയിലിലടച്ചു. കേസും കൂട്ടവുമായി.



പെരിന്തൽമണ്ണ കുന്നപ്പള്ളി പാറയിൽ അബ്ബാസലി തന്റെ ലോഞ്ചുയാത്രാ ഓർമ്മകൾ അയവിറക്കുന്നു. കൊണ്ടപ്പുറത്ത് അലവിക്കുട്ടി, തങ്കയത്തിൽ മുഹമ്മദ്‌ എന്ന മണി, കളത്തിലക്കരയിലെ സി.രാമചന്ദ്രൻ, അലങ്കാർ തീയേറ്ററിന് സമീപത്തെ ജോയ്, ഒറ്റപ്പാലത്തുകാരൻ ആന്റണി, ഞാൻ. ഇങ്ങനെ ഞങ്ങൾ അഞ്ചേട്ടു യുവാക്കളാണ് ഈ സംഘത്തിൽ ഉണ്ടായി രുന്നത്.






1970ൽ വീണ്ടും ശ്രമിച്ചു. ഇപ്രാവശ്യം ബേപ്പൂര് നിന്നാണ്. ഒരു ബോട്ടിൽ ഞങ്ങളെ ഉൾക്കടലിലേക്കു കൊണ്ടുപോയി. അവിടെ വെച്ചാണ് ഉരുവിലേക്കു മാറ്റിയത്. . പാക്കിസ്ഥാനിലെ കച്ചിൽ നിന്ന് കോഴിക്കോട് ചരക്കിറക്കാൻ വന്ന ഉരുവാണ്. ഇതിന്റെ അടിയിലെ തട്ടിലാണ് ഞങ്ങൾക്കുള്ള ഇടം. കപ്പലുകളോ ബോട്ടുകളോ പരിസരത്തുള്ളപ്പോഴൊന്നും ഞങ്ങളെ പുറത്ത് കാണാൻ പാടില്ല. കർശന ശാസനയാണ്. ചരക്ക് കടത്തുന്ന ഉരുവിൽ ആളെ കയറ്റാൻ പാടില്ല. അതും പാസ്സ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തവരെ. കടൽ പ്രക്ഷുബ്ധമാണ്. ആടിയും ഉലഞ്ഞും ഉരുവങ്ങനെ നീങ്ങുകയാണ്. കരകാണാൻ ചുരുങ്ങിയത് പത്തു പതിനഞ്ചു ദിവസമെങ്കിലും എടുക്കുമെന്ന് ആരോ പറഞ്ഞുകേട്ടു. പകൽ നല്ല വെയിലും രാത്രിയിൽ തണുത്ത കാറ്റും. വല്ലാത്ത വിശപ്പുമുണ്ട്. ഭക്ഷണം കിട്ടിയാലായി. ചിലപ്പോൾ പച്ചരിച്ചോറും പരിപ്പുകറിയും കിട്ടും. തിന്നു കഴിഞ്ഞാൽ കടൽച്ചൊരുക്കു കാരണം നിൽക്കാത്ത ഛർദിയും. പലപ്പോഴും ലോഞ്ചുകാരുടെ കണ്ണുവെട്ടിച്ച് സവോളയും കടലയും ചരക്കിനിടയിൽ നിന്നും കൈക്കലാക്കി തിന്നും. യാത്രക്കിടെ ലോഞ്ചു അപകടത്തിൽ പെടാറുമുണ്ട്. എഞ്ചിൻ തകരാറോ, പായ പൊട്ടിവീണോ, പാറയിൽ കൂട്ടിയിടിച്ചോ അപകടപ്പെടാം. ആളപായവുമുണ്ടാകാം. പരാതിപ്പെടാനൊന്നും അവകാശമില്ല., പുറം ലോകം അറിഞ്ഞെന്നുപോലും വരില്ല. ആയിടെ മലയാളികൾ അടക്കമുള്ളവരെ കയറ്റിയ ലോഞ്ചു അപകടത്തിൽ പെട്ട് ദിവസങ്ങളോളം കടലിൽ അലഞ്ഞതും, കുടിവെള്ളം പോലും കിട്ടാഞ്ഞു പരസ്പരം മൂത്രം കുടിച്ചതും, ചിലർ മരണപ്പെട്ടതുമായ വാർത്ത വന്നിരുന്നല്ലോ. ഇതിൽ മനോനില തെറ്റിയ, ചെറുകര സ്വദേശിയായ ഒരു യുവാവ്, കരയണഞ്ഞിട്ടും 15-20 ദിവസമെടുത്തു വാ തുറന്നൊന്നു മിണ്ടാൻ. ഏതെങ്കിലും കരകാണിച്ചു ചാടി നീന്തിക്കോളാൻ പറയുന്ന ഉരുക്കാരുമുണ്ട്. ഭാഗ്യത്തിന്, പത്തു ദിവസംകൊണ്ടു ഞങ്ങളുടെ ഉരു ലക്ഷ്യസ്ഥാനത്തെത്തി. യുഎഇ യിലെ ഖോർഫുക്കാന് സമീപമുള്ള ദിബ്ബ മുനമ്പാണത്. നങ്കൂരമിട്ടിട്ടും ഒരു ദിവസം കൂടി ഉരുവിൽ കഴിച്ചു കൂട്ടേണ്ടിവന്നു. അന്ന് ചെറിയ പെരുന്നാളിന്റെ തലേ ദിവസമാണ്., അടുത്ത ദിവസം കരകയറാം. ഭക്ഷണമൊന്നും കിട്ടിയിട്ടില്ല. എല്ലാവരും വിശന്നു വലഞ്ഞിരിക്കുന്നു.





മുറപോലെ, ആളില്ലാത്ത നേരം നോക്കി ഞങ്ങളോട് കടലിൽ ചാടിക്കോളാൻ പറഞ്ഞു. ദിബ്ബയുടെ കര ലക്ഷ്യം വെച്ച് നീന്തി. കരയിലെത്തി. ഇതൊരു അവികസിത നാട്ടു പ്രദേശമാണ്. ഞങ്ങൾക്ക് എത്തേണ്ടത് ദുബായിലേ ക്കാണ്. ദിബ്ബയിൽ നിന്നും ദുബായ് ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് കൈകാണിച്ചു. ചിലർ നിർത്തി. വിലപേശി, അതിൽ കയറി ദുബായിലെത്തി. അവിടെ ഞങ്ങൾക്കറിയാവുന്ന ഏക ആൾ നാട്ടുകൽ സ്വദേശിയായ ചേക്കാമുഹാജിയാണ്. അവിടെ സ്വന്തമായി ഹോട്ടലും സ്റ്റേഷനറി കടയുമുണ്ട്. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. റൂമിൽ എല്ലാ സൗകര്യവും ഒരുക്കിത്തന്നു. വിശാലമായി കുളിച്ചു വസ്ത്രം മാറി. അന്ന് ചെറിയ പെരുന്നാളാണ്. ചേക്കമുഹാജിയുടെ കൂടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ആവശ്യമുള്ള സിഗരറ്റ്, സോപ്പ്, ബ്രഷ്, പേസ്റ്റ്, നാട്ടിലേക്കു കത്തെഴുതാൻ പേന, ലെറ്റർപാഡ്, കവർ തുടങ്ങിയവ കടയിൽ നിന്നും എടുക്കാനും പറഞ്ഞു. നാലഞ്ചു ദിവസം ചെക്കാമുഹാജിയുടെ റൂമിൽ, ഹാജിയാർ കട്ടിലിലും, ഞങ്ങൾ നിലത്തുമായി ഉറങ്ങി. ക്ഷീണം മാറിയപ്പോൾ ജോലി അന്വേഷണമായി, പലരും പല വഴിക്കു പിരിഞ്ഞു. ഞാൻ ഷാർജയിലെ ഒരു ഹോട്ടലിൽ ക്ലബ്ബ് വെയ്റ്റർ, ബാർഇൻചാർജ്, സ്റ്റുവാർഡ് എന്നീ പോസ്റ്റുകളിൽ ജോലി ചെയ്തു. പാകിസ്താനിലെ ഹോട്ടലിൽ ഒരു രൂപ ദിവസക്കൂലിക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്തിരുന്ന, ഇപ്പോൾ സാമ്പത്തിക വിജയം കരസ്ഥമാക്കിയ ചെക്കമുഹാജിയായിരുന്നു ഞങ്ങളുടെ ഇൻസ്പിറേഷൻ. കുറച്ചു കഴിഞ്ഞ് കൂടുതൽ ജോലി അവസരം തേടി അബുദാബിയിലേക്ക് പോകാൻ തീരുമാനിച്ചു. മണൽ കയറ്റിപോകുന്ന ടിപ്പർ ലോറിയിൽ ഒളിച്ചിരുന്ന് ഞാൻ അബുദാബിയിലെത്തി. മറൈൻ ഏരിയാസ്‌ ഓപ്പറേറ്റിംഗ് കമ്പനിയിലെ സൂപ്പർവൈസറായ ബ്രിട്ടീഷ് ഓഫീസറുടെ കീഴിൽ ജോലി ലഭിച്ചു. എന്നാൽ വിസയടിക്കാൻ പാസ്പോർട്ടില്ല. നാട്ടിൽ നിന്നും വരുന്ന ആളുടെ ബിസ്കറ്റ് ടിന്നിനടിയിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് പാസ്പോർട്ട്‌ അബുദാബിയിലെത്തിച്ചു. വിസ അടിക്കണമെങ്കിൽ രാജ്യത്തിന്റെ പുറത്തു പോകൽ നിര്ബന്ധമാണ്. ഞാൻ ബഹ്റൈനിൽ പോയി നാലുനാൾ എംഎം മലബാരിയുടെ കൂടെ താമസിച്ചു. വിസയുമായി അബുദാബിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചു. മൂന്നര വർഷം ഈ ജോലിയിൽ തുടർന്നു. ഓഫ്‌ഷോർ ഓയിൽ കമ്പനി ആയതിനാൽ, ഓരോ മൂന്ന്മാസം കൂടുമ്പോഴും, 33 ദിവസത്തെ നിർബന്ധിത അവുധിയിൽ പ്രവേശിക്കണം. ഇടക്കിടക്ക് നാട്ടിൽ വരാനും, കുടുംബ സന്ദർശനത്തിനും സൗകര്യമായി. പെരിന്തൽമണ്ണക്കാരനായ സുഹൃത്ത് പൊതുവാച്ചോല, പി. സി. അബ്ദുള്ള തുടങ്ങി പലരും ഈ സമയത്തെ അബുദാബി കൂട്ടുകാരായിരുന്നു. 1970ൽ തുടങ്ങിയ എന്റെ പ്രവാസ ജീവിതം 1982 വരെ തുടർന്നു.


(എന്റെ കുടുംബ സുഹൃത്ത്‌ കുന്നപ്പള്ളി സ്വദേശി പാറയിൽ അബ്ബാസലി എന്നോട് പങ്കിട്ട സ്വന്തം ജീവിതാനുഭവം അദ്ദേഹത്തിന് വേണ്ടി നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നു. തെറ്റുകളുണ്ടെങ്കിൽ പൊറുക്കുമല്ലോ.)

-നജീബ് സി എച്ച്.

**********









നജീബ് സി എച്ച്

പെരിന്തൽമണ്ണ വലിയങ്ങാടി  സ്വദേശി.

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ ഭാരവാഹി പ്രവർത്തകൻ. ഗ്രഹാതുരമായ ഓർമ്മകുറിപ്പുകൾ, ക്യാരിക്കേച്ചറുകൾ രചിക്കുന്നു.  ഭാര്യ  : പ്യാരിജാൻ മക്കൾ :

ഇപ്പോൾ അമ്മിനിക്കാട് താമസം 

2019, മേയ് 18, ശനിയാഴ്‌ച

12 .അൻവറെഴുതുന്നു ....

1. പിന്‍ ബഞ്ചിന് പറയാനുള്ളത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പഴയ കാലത്തെ സ്കൂളിലെ പിന്‍ ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ,
വില്ലന്‍മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള്‍ പിന്‍ബഞ്ചിന് സ്വന്തമായിരുന്നു....!
എത്ര തല്ലിയാലും ഒരിക്കലും നന്നാവാന്‍ ഇടയില്ലെന്ന് മാഷ്‌ പിന്‍ ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ ബഞ്ചിലിരുന്ന് പഠിക്കുന്നവന്‍ ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന്‍ മുന്‍ ബഞ്ചുകാര്‍ക്ക് പിന്‍ ബഞ്ചുകാരോട് ഭയമായിരുന്നു.

രാവിലെ സ്ക്കൂളില്‍ വരിനിന്ന് പ്രതിജ്ഞയില്‍ സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ്‌ റൂമില്‍ അപരിചിതരായിരുന്നു പലര്‍ക്കും പിന്‍ ബഞ്ചുകാര്‍. പതിവായി ചോക്കേറ് കൊള്ളാന്‍ തല വിധിച്ചവര്‍,എണീപ്പിച്ച് നിര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കിയവര്‍,ചൂരലിന്‍റെ ശേഷിയളക്കാന്‍ കൈനീട്ടിപ്പിടിച്ചവര്‍ ഇതായിരുന്നു പിന്‍ ബഞ്ച്....! പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാല തട്ടാനും, കഞ്ഞിയും, പയറും വിളമ്പാനും,സ്റ്റാമ്പ് വില്‍ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല്‍ മതി അവരത് ഭംഗിയായി ചെയ്യും. അവര്‍ക്കത്‌ ചാര്‍ത്തികൊടുക്കുമ്പോള്‍ അവരും മാഷും സംതൃപ്തരായിരുന്നു....!

എനിക്കറിയാം പിന്‍ ബഞ്ചിലെ എല്ലാവരും മണ്ടന്‍മ്മാരായിരുന്നില്ല സത്യത്തില്‍ വില്ലന്മാരും...പഠിക്കാന്‍ ശേഷിയുണ്ടായിട്ടും വീട്ടില്‍ കഴിക്കാന്‍ ശേഷിയില്ലാത്തവരെങ്ങനെ മുന്‍ ബഞ്ചില്‍ നട്ടെല്ല് വളയാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കും...വയറൊട്ടിയ മുതുകിന്‍റെ താഴ്ച കാണാതിരിക്കാന്‍ പിന്‍ ബഞ്ചിനെ മറയാക്കിയവര്‍. പട്ടിണിയേക്കാള്‍ വലുതല്ല പഠിപ്പെന്ന സത്യം ആരെക്കാളും മുന്നേ അറിഞ്ഞവര്‍...
നാലണക്ക് മുകളില്‍ കണ്ടിട്ടില്ലാത്തവന് ഗണിതത്തിലെ ലാഭനഷ്ട്ടം കൂട്ടാന്‍ മനസ്സുണ്ടാവില്ല..നിവര്‍ന്നുനില്ക്കാന്‍ ശേഷിയില്ലാത്തവന്‍ ഊര്‍ജ്ജതന്ത്ര ക്ലാസ്സില്‍ ഏതൂര്‍ജ്ജത്തിന്‍റെ പേരില്‍ നിവര്‍ന്നിരിക്കും...പട്ടിണിയെ ഉറങ്ങി തോല്പ്പിക്കുമ്പോള്‍ ചോക്കെറിഞ്ഞു ഉറക്കം നഷ്ട്ടപ്പെടുത്തുന്ന മാഷോട് വിശപ്പിനെ ഉറങ്ങി തോല്പ്പിക്കുകയാണെന്ന് അവരെങ്ങനെ പറയും.....! പിന്‍ ബഞ്ചില്‍ ഇങ്ങനെയൊരു തലമുറ ഉണ്ടായിരുന്നെന്ന് ഒരുപക്ഷെ ഇന്നാരും വിശ്വസിക്കില്ല..പക്ഷെ അറിഞ്ഞവര്‍ക്ക് മനസ്സിലാകും..ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞുതള്ളിയ പലരും ജീവിതത്തില്‍ ഇന്ന് വളരെ മുന്നിലാണ്. അവരെ നന്നാവില്ലെന്ന് പറഞ്ഞു ശപിച്ച മാഷ്‌ ശപികുകയായിരുന്നില്ല കാരണം അദ്ദേഹത്തിന് അവരെ അറിയാമായിരുന്നു.
ചില ശാപങ്ങള്‍ നന്മപുരട്ടി എറിയുന്നതാണ് കൊണ്ടാല്‍ പൊള്ളില്ല...രസകരമായ ഒരുസത്യം പില്‍ക്കാലത്ത്‌ മുന്‍ ബഞ്ചുകാര്‍ പലരും ഫയലുകളുമായി അലയുകയാണ്.....!

ഞാൻ ഏറെക്കുറെ ക്ലാസ്സുകളിൽ ഇതേ പിൻബഞ്ചിൽ തന്നെയായിരുന്നു.
എന്റെ ബഞ്ച്മേറ്റുകൾ ഏഴാം ക്ലാസ്സ് വരെ എന്റെ നാട്ടുകാരും അയൽവാസികളും ഒക്കെത്തന്നെ ആയിരുന്നു. പക്ഷെ 8-ാം ക്ലാസ്സിൽ നിന്നും പുതിയ ഒരു കൂട്ട് െകട്ട് 10 വരെ തുടർന്നു. 8 ൽ അവസാനിച്ച പിൻബഞ്ച് പിന്നീട് പരമ്പരാഗതമായി കൈവശം വച്ചിരുന്ന ഒരഞ്ചംഗ സംഘം - റഷീദ്, സക്കീർ ,കൃഷണൻ, ''.'....... തുടങ്ങിയവർ വിട്ടു തന്നില്ല. 10 ലെത്തിയപ്പോ മുജീബ് മാര്യം ചക്കരയും  ൻബഞ്ചിന്അവകാശവാദവുമായി എത്തിയ പ്പൊ തൊട്ടു മുന്നിലുള്ള ബഞ്ചിൽക്ക് ഞങ്ങൾക്ക് ഒഴിവാവേണ്ടി വന്നത് പിൻബഞ്ചിന്റെ ഒരു നഷ്ടബോധമായി ഇന്ന് മനസിൽ നീറുന്നു.


പക്ഷെ 8 ൽതുടങ്ങിയ ഷക്കീർ ,ഷെയ്ഖ്, ബഷീർ, ഉല്ലാസ്, കൊളക്കാടൻ എന്ന ഞങ്ങളുടെ സ്വന്തം ബഞ്ച് 10 വരെ ഒന്നിൽ നിന്ന് തന്നെ തുടർന്നു. ഇവരിൽ പലരും വരയും ഫയലും സൈറ്റും പണവും കാൽക്കുലേറ്ററും ലാപ്ടോപ്പുമായി നാട് ചുറ്റുന്നവരായി.മറ്റ് പലർ അവർക്കും മുകളിൽ ഉലകം ചുറ്റും വാലിബ്ൻമാരായി.
ഇന്നും ഞങ്ങൾ എന്നും ആ പഴയ 10-ാം ക്ലാസ്സ്കാരായി തമ്മിൽ വഴക്കടിച്ചം ചീത്ത വിളിച്ചും രാഷ്ട്രീയം പറഞ്ഞും ഒക്കെ കാണുന്നു.അത് വാട്ട്സ് അപ്പിലാണെന്ന് മാത്രം
ഇന്നും:ഓർമ്മകൾ വീണ്ടും മനതാരിൽ നിറയുന്നു.

2. അബോർപ്പാപ്പ 

.അൻബറേ......
വായിലെന്തോ തടയുന്ന സ്വരത്തിൽ വ്യക്തമല്ലാത്തൊരു വൃദ്ധ ശബ്ദം.. ഒരു വേള ഞാൻ സംശയിച്ചു ഇത്‌.... അതെ .. അബോർപ്പാപ്പ എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളെ നാട്ടിലെ ഒരു വിശ്വ വിജ്ഞാനകോശം .. അബൂബക്കർ ഹാജി തന്നെ..

ഞാൻ  തിരിഞ്ഞു നോക്കി .. ഒരു നീണ്ട മുഴുത്ത വടിയുടെ ഏകദേശം നടുവിൽ പിടിച്ച്‌  തന്റെ  ചുളിഞ്ഞ നരച്ച ഇളം പച്ച നിറം തോന്നിക്കുന്ന ജുബ്ബക്കിശയിൽ നിന്ന് എന്തോ പരതുന്നthiനിടയിൽ  വായിലെ മുറുക്കാൻ കുറച്ചുമാറി റോഡരികിലേക്ക്‌ നീട്ടിത്തുപ്പി പാല്ലില്ലാത്ത മോണകാട്ടി ചുവന്ന നാവ്‌ വെളിയിലിട്ട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു...
" നിങ്ങടെ ബാങ്കിൽ മത്തനെടുക്കോ..?" ഞാൻ പിന്തിരിഞ്ഞു നോക്കി എന്നോടാണൊ എന്നുറപ്പിക്കാൻ.അതിനിടയിൽ വന്നു  അടുത്ത ചോദ്യം.. "ങടെ സെക്കട്രീനോട്‌  ജ്ജ്‌  അബടെ മത്തൻ എടുക്കോന്ന് ചൊയ്ച്ച്ട്ട്‌ ഇന്നോടൊന്നു പറേണ്ടീ.."

ഞാനാ ചോദ്യം കേട്ട്‌ വല്ലാതെ വിഷമത്തിലായി . പാവം അബോർപ്പാപ്പാക്ക്‌ എന്നെ അറിയാഞ്ഞിട്ടൊ  അതൊ ഞാൻ ബാങ്കിലാണൊ എന്നറിയാഞ്ഞിട്ടോ..
ഞാൻ അൽപ്പം ഉച്ചത്തിൽ "ഞാനിപ്പൊ ബാങ്കിലാ ജോലി ചെയ്യണെ". എന്നു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ്‌ തന്നെ അബോർപ്പാപ്പ വീണ്ടും.. "അവിടെ ഇപ്പൊ എത്‌ രാസവളാ ഉള്ളെ..?" . എന്നു ചോദിച്ച്‌ തന്റെ കവിളൊട്ടിയ വായ പരത്തിച്ചിരിച്ചു കൊണ്ട്‌ തന്റെ വടിയും ഊന്നി മെല്ലെ മെല്ലെ നടന്നു തുടങ്ങി..

ഞാൻ ആകെ വിഷണ്ണനായി ഒരേ നിൽപ്പ്‌ എന്തൊക്കെയോ ആലോചിച്ച്‌ അങ്ങനെ തന്നെ നിന്നു..അബോർപ്പപ്പ ആയതോണ്ട്‌ എനിക്കറിയാം എന്തേങ്കിലും ഒരു കെണിയൊപ്പിച്ചായിരിക്കും ആ ചോദ്യമെന്നു..

കണ്ണിൽ നിന്നു മാറുന്നതിനു മുൻപേ തിരിഞ്ഞു നിന്ന് വടിയുള്ള കൈ നീട്ടിപ്പിടിച്ച്‌ അബോർപ്പാപ്പ എന്നെ വീണ്ടും വിളിച്ചു.. "അൻബറേ..അൻബറേ......"
ഞാൻ തിരിഞ്ഞു നിന്നു നോക്കുമ്പൊ  വടി കുത്തിപിടിച്ച്‌ മറുകൈ കൊണ്ട്‌ എന്നെ മാടി വിളിക്കുകയാണു മൂപ്പർ..ഞാൻ പതിയെ ഇനി അടുത്ത കുരുക്കെന്താണാവൊ  എന്നാത്മഗതം ചെയ്ത്‌ മെല്ലെ അടുത്തു ചെന്നു.ഒരു കൈ എന്റെ തോളിലിട്ട്‌ മറ്റേ കൈയിലെ വടി കോണ്ട്‌ റോഡിലെ പൂഴിയിൽ ഒരു വട്ടം വരച്ച്‌ അബൊർപ്പാപ്പ വെറ്റില തിന്ന് ചുവന്ന തന്റെ നാവുകൾ പല്ലില്ലാത്ത വായിലിട്ട്‌ ചലിപ്പിച്ച്‌ ഒലിച്ച്‌ വരുന്ന് തുപ്പൽ പുറം കൈ കോണ്ട്‌ തുടച്ച്‌ എന്നോടു ചോദിച്ചു.

"നിങ്ങടെ ബാങ്കിലെ ....നംബർ എ ക്ലാസ്‌ മെംബറാ ഞാൻ
ആദ്യം പച്ചക്കറീം ബിത്തും ബളോം ഒക്കായിരുന്നു ബാങ്കിന്റെ  കച്ചോടം.
ഇപ്പളല്ലേ ഇങ്ങളു ഏസീം കുന്ത്രാണ്ടോം ഒക്ജെ ബച്ച്‌ ബല്ല്യ ആൽക്കാരായെ..?
ഇതു അന്നോടു പറയാൻ മാണ്ട്യാ ഞാൻ ഇതൊക്കെ പറഞ്ഞെ   അനക്കെന്നോട്‌ ഈറണ്ടോടാ..?"


മുഴുമിപ്പിക്കുന്നതിനു മുൻപേ അവർ  നടപ്പു തുടങ്ങിയിരുന്നു...ഞാൻ ആ വലിയ മനുഷ്യന്റെ കാര്യമോർ ത്തങ്ങനെ ആ നിൽപ്പ്‌ എത്രനേരം തുടർന്നെന്നറിയില്ല.



-------------------------------------------------------------------------------------------------------------------------------



അൻവർ  കളത്തിൽ 

മുൻസിപ്പൽ  കൗൺസിലർ. പെരിന്തൽമണ്ണ സർവീസ്  ബാങ്കിൽ  ജോലി ചെയ്യുന്നു.

2019, മേയ് 9, വ്യാഴാഴ്‌ച

11. മരിച്ചിട്ടും മായാത്തവർ

" ഈ മരിച്ചോരൊക്കെ എവിടേക്കാണ് പോകുന്നത് എന്നറിയാമോ?... സാബിക്ക്.."
ഈ ചോദ്യം ആദ്യമായിട്ട് എന്നോട് ചോദിച്ചത് ഒരു ബൽക്കീസ് ബാനു ആയിരുന്നു....
പണ്ട്... പണ്ട്.. അതായത് കുറേ വർഷങ്ങൾക്ക് മുമ്പ്. ഞാൻ മദ്രസയിൽ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. അന്നൊരു ശനിയാഴ്ച്ച ആയിരുന്നു. പഠനത്തിനും പ്രാർത്ഥനക്കും ശേഷം ചീരിണി വിതരണം ചെയ്യുന്ന ദിവസം...

മദ്രസയിൽ ചീരിണി വരുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഏതെങ്കിലും ഒരു കുട്ടി മദ്രസയിൽ പുതിയതായി ചേരുമ്പോൾ. അല്ലെങ്കിൽ മരിച്ച ആരുടേയെങ്കിലും പേരിൽ പ്രത്യേകമായി പ്രാർത്ഥിക്കാൻ വേണ്ടി ബന്ധുക്കൾ നൽകുന്നത്. പലപ്പോഴും വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളോ, അലുവയോ അല്ലെങ്കിൽ മധുരപലഹാരങ്ങളോ ആയിരിക്കും ചീരിണി ആയി എത്തുന്നത്....
പതിവ് പോലെ എനിക്ക് കിട്ടിയ അലുവയും മിഠായികളും ഒറ്റത്തൊള്ളക്ക് തന്നെ അകത്താക്കിയിട്ട് കൂടേയുള്ളവരുടേ കയ്യിൽ നിന്നും തട്ടിപറിക്കാൻ നോക്കുമ്പോൾ‌ എല്ലാ അവന്മാരുടേയും‌ മുഖത്ത് ആക്കിയ ഒരു ചിരി. ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത് എന്നൊരു ധ്വനി എല്ലാവരുടേയും‌ മുഖത്ത്..
ബാക്കി വന്ന‌ വർണ്ണകടലാസുകളും നോക്കി‌ നാവിൽമധുരമായി അലിഞ്ഞ് തീർന്ന അലുവയേയും ഓർത്ത് ...
" നഷ്ട സ്വപ്നങ്ങളേ നിങ്ങളെനിക്കൊരു.."
പിറകിലൊരു‌ വള‌കിലുക്കം.പിൻ തിരിഞ്ഞ് നോക്കിയപ്പോൾ ബൽക്കീസ് ബാനു. അവളുടെ വെളുത്ത് കൊലുന്നനേയുള്ള കയ്യി ഒരു അലുവാ കഷ്ണം. പതിയേ എനിക്ക് നേരെ നീണ്ട് വന്നു...
" ബാനുവിന് അലുവ ഇഷ്ടം അല്ലേ..."
" ഇഷ്ടം ഒക്കെ തന്നെയാണ്‌. പക്ഷെ സാബി കഴിച്ചോ..."
" വേണ്ട എന്ന് പറയടാ തെണ്ടീ " എന്ന് എന്റെ അന്തരംഗം മന്ത്രിക്കുന്നുണ്ടായിരുന്നു. പക്ഷെ കൊതിയുടെ അസുഖം ഉള്ളത് കൊണ്ട് ഒറ്റയടിക്ക് അത് വേണ്ട എന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അവളുടെ തീരുമാനം മാറും മുമ്പേ ഞാനത് വാങ്ങി നുണഞ്ഞ് കൊണ്ട് അവൾക്കൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.
ഞാനാദ്യമായിട്ടല്ല അവളേ കാണുന്നത്. സത്യത്തിൽ അവളെന്റെ അയൽവാസിയായിരുന്നു. പക്ഷെ അവളെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു. അവളൊരു വായാടിയും കുശുമ്പിയും ആണെന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മാത്രവുമല്ല ഞങ്ങളൊക്കെ ഏറ്റവും പിറകിലത്തേ ബെഞ്ചിൽ ഇരിക്കുമ്പോൾ അവൾ മാത്രം വലിയ പഠിപ്പിസ്റ്റായി മുന്നിലേ ബഞ്ചിൽ ഞെളിഞ്ഞിരിക്കുന്നു...
പക്ഷെ ഈ ഒരൊറ്റസംഭവം കൊണ്ട് ഞാനവളേ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. അവളുടെ ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികൾക്കും സുറുമ എഴുതിയ ആ വലിയ കണ്ണുകൾക്കും‌ ഇപ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട്. ഒരു ദിവസം രഹസ്യമായി ഞാനെന്റെ ഇഷ്ടം അവളേ അറിയിച്ചു...
" അയ്യേ... നമ്മൾ ഇഷ്ടപ്പെടാനൊന്നും പാടില്ല. ഇഷ്ടപ്പെടുന്നതൊക്കെ ചീത്ത കുട്ടികളുടെ സ്വഭാവാണ്.. പിന്നെ സാബിക്കറിയാമോ..?"
അവളെന്തോ അന്താരാഷ്ട്ര രഹസ്യം കൈമാറുന്നത് പോലെ എന്നോട് ആ രഹസ്യം കൈമാറി.
" ഇഷ്ടപ്പെടുമ്പോഴാണീ കുട്ടികൾ ഉണ്ടാവുന്നത്..."
" അയ്യേ... നിന്നോടാരാണീ ആന മണ്ടത്തരം പറഞ്ഞേ.... ഇഷ്ടപ്പെടുമ്പോഴല്ല.. ആളുകൾ കല്ല്യാണം കഴിക്കുമ്പോൾ‌ ആണ് കുട്ടികൾ ഉണ്ടാവുന്നത്..."
" തന്നേ... സത്യമായിട്ടും..."
അവൾക്ക് തീരേ വിശ്വസമായില്ല എന്ന് തോന്നുന്നു...
" നിനക്ക് ബുദ്ധിയുണ്ടെങ്കിൽ‌ നീ ഒന്ന് ആലോചിച്ച് നോക്കിക്കേ. നമ്മുടെ ജുബൈരിയ ഇത്താക്ക് എങ്ങനെയാണ് കുട്ടിയുണ്ടായത്‌. സലാമിക്കാക്ക് എങ്ങനേയാണ് കുട്ടിയുണ്ടായത്. അതൊക്കെ പോട്ടെ നിന്റെ എളാപ്പക്ക് എങ്ങനെയാണ് കുട്ടിയുണ്ടായത്. അവരൊക്കെ കല്ല്യാണം കഴിച്ചിട്ടല്ലേ കുട്ടിയുണ്ടായത്..."...
ആ... അവളെന്തോ ആലോചിക്കുകയാണെന്ന് തോന്നുന്നു....
" എന്നാലും‌ നമുക്ക് ഇഷ്ടം വേണ്ട..."
" ആ വേണ്ടെങ്കിൽ‌ വേണ്ട..."
പിന്നീടും‌ കുറേ കാലങ്ങൾ കഴിഞ്ഞാണ് കല്ല്യാണം കഴിച്ചത് കൊണ്ടല്ല കെട്ടിപ്പിടിക്കുന്നത് കൊണ്ടാണ് കുട്ടികൾ ഉണ്ടാവുന്നത് എന്ന് എനിക്ക് മനസ്സിലായത്...

ഞങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ പിന്നീടും ശക്തിയായി നിലനിന്നു. അവൾക്ക് കിട്ടുന്ന മിഠായികളും അലുവകളും പതിവ് പോലെ അവൾ എനിക്ക് തന്നു.വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ഞാനതൊന്നും നിരസിച്ചില്ല. പകരമായിട്ട് ഉമ്മുതാത്തയുടെ തൊടിയിലുള്ള മാങ്ങകൾ, സുബൈർക്കാന്റെ തൊടിയിലുള്ള ചാമ്പക്ക, പിന്നെ ഒരു വട്ടം മാത്രം പട്ടാളക്കാരന്റെ തൊടിയിൽ നിന്നും കട്ടെടുത്ത മധുരനാരങ്ങയും കൊടുത്തിട്ടുണ്ട്..
" സാബീ മാങ്ങ പൊട്ടിക്കാൻ പോവ്വല്ലേ....."
അവളുടെ കൂടെ മാങ്ങ പെറുക്കാൻ പോകാൻ എനിക്ക് വല്ല്യ ഇഷ്ടമാണ്. ഞാൻ മാവിൽ കയറി മാങ്ങ പൊട്ടിച്ചിട്ടാൽ മതി. താഴേ വീഴുന്നതെല്ലാം അവൾ പെറുക്കിക്കൂട്ടിക്കോളും.
" ശരി പോകാം..."
എനിക്ക് നൂറ് വട്ടം സമ്മതം. പുസ്തകങ്ങൾ എല്ലാം തുണിയുടെ മടക്കുത്തിൽ തിരുകി‌ഞാൻ തയ്യാറായി. നേരേ ഉമ്മുതാത്തയുടെ വളപ്പിൽ‌ ഉള്ള മാവിൽ‌ വലിഞ്ഞ് കയറി ഒരു കൊമ്പിൽ കാല് കൊണ്ട് ചവിട്ടി ഒറ്റ കുലുക്കൽ.. പച്ചയും‌ പഴുത്തതും ചെനച്ചതുമായ മാങ്ങകൾ ചറപറേന്ന് തഴേക്ക്. അഞ്ച് മിനിറ്റ് കൊണ്ട് ബാനു‌ പെറുക്കികൂട്ടി തട്ടത്തിൽ കെട്ടി.
" അപ്പ‌ ശരി ഞാൻ മഹാഭാരതം കാണാൻ പോകുന്നു..."
" എട പൊട്ടാ അതൊക്കെ ഹിന്ദുക്കളുടെ പരിപാടി ആണ്. അതൊന്നും കാണണ്ട... കുറ്റം കിട്ടും..."
" എന്നിട്ട് എന്റെ കാക്കൂം അപ്പുറത്തേ ഫിറൂം ഒക്കെ കാണുന്നുണ്ടല്ലോ...."
" അവർക്കൊന്നും അത്ര വിവരമില്ലാഞ്ഞിട്ടാണ്. നീ വാ നമ്മക്ക് മീൻ പിടിക്കാം..."
അതും ശരിയാവാം. എന്റെ അപിപ്രായത്തിൽ അവർക്കൊന്നും ബൽക്കീസിന്റെ ബാനുവിന്റെ അത്ര വിവരം ഉണ്ടാകാൻ ഒരു വഴിയും ഇല്ല. എത്ര കാലമായി അവർ നാലാം ക്ലാസിൽ കൈൽ കുത്തുന്നു. വിവരമുണ്ടെങ്കിൽ എന്നേ ജയിച്ച് പോകേണ്ടത് ആണ്.അരമണിക്കൂർ മീൻ പിടിച്ചിട്ടും‌ പേരിന് ഒരു‌ മീൻ പോലും കിട്ടിയില്ല.
" ടാ...നമുക്ക് മൊട്ടക്കുന്നിന് മുകളിൽ‌ കയറിയാലോ... "
എന്തിന് എന്ന ചോദ്യത്തിന് അവളുടെ മുന്നിൽ‌ വല്യ പ്രശസ്ഥിയില്ല.
" സാബീ... നീ ഇന്നാള് ആ മധുര നാരങ്ങ കൊണ്ട് വന്ന് തന്നില്ലേ... അതെവിടുന്നാ...."
" അതാ പട്ടാളക്കാരന്റെ തൊടിയിൽ നിന്ന്..."
" എന്നാ നമുക്ക് അവിടെ കയറി കുറച്ച് മധുരനാരങ്ങ പറിച്ചാലോ.."
" അയ്യോ... വേണ്ട..."
" അങ്ങേരുടെ കൈയ്യിൽ തോക്കുണ്ട്... കണ്ടാ അങ്ങേര് വെടി വെച്ച് കൊന്ന് കളയും..."
" ശരിക്കും...."
" ശരിക്കും..."
" ഈ മരിച്ചവരൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന് സാബിക്കറിയാമോ..."?
അവളുടെ ഉപ്പ‌ മരിച്ച് പോയിരുന്നു. അതാണ് അങ്ങനെ ഒരു‌ ചോദ്യം.
" ഈ ജീവിച്ചിരിക്കുന്നവർ ഒക്കെ എങ്ങോട്ടാണ് പോകുന്നത് എന്ന് ബാനുവിന് അറിയാമോ.."
" അറിയാം.... മുന്നോട്ട്..."
" എന്നാ പിന്നെ ഈ മരിച്ച് പോയവരും അങ്ങോട്ട് തന്നെ ആയിരിക്കില്ലേ പോകുന്നത്..."
" എട പൊട്ടാ നിനക്ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ‌ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ഇതിപ്പോ നിനക്ക് ഒരു പേരിന് പോലും ഇല്ലാത്ത സ്ഥിതിക്ക്..."
" മരിച്ചവരെല്ലാവരും സ്വർഗ്ഗത്തിലേക്കാണ് പോകുന്നത്. ഞാനും മരിച്ചാൽ ഞാനും സ്വർഗ്ഗത്തിൽ പോകും. അപ്പോൾ എനിക്കെന്റെ ഉപ്പയേ കാണാം..."
അവളുടെ ശബ്ദം ഇടറിയോ എന്നൊരു സംശയം മാത്രം ബാക്കിയായി എനിക്ക്....
" നീ ഒരു കാര്യം ചെയ്യ്... ആരെങ്കിലും വരുന്നുണ്ടെങ്കിൽ എനിക്ക് സിഗ്നൽ‌ തരണം. ഞാൻ മെല്ലെ ചുളുവിൽ പോയിട്ട് ഒന്ന് രണ്ടെണ്ണം പറിച്ചോണ്ട് വരാം..."
എനിക്കവളെ തടയണം എന്നുണ്ടായിരുന്നു. പക്ഷെ മധുരനാരങ്ങയുടെ മധുരം ആലോചിച്ചപ്പോൾ തടയാൻ കഴിഞ്ഞില്ല..

"ഡാ ആരടാ തൊടീല്" എന്നൊരു അലർച്ച കേട്ടത് പോലെ തോന്നി. ഡും എന്നൊരു ഒറ്റ ഓട്ടമായിരുന്നു. മൊട്ടക്കുന്ന് ഒക്കെ ഒറ്റ സെക്കന്റ് കൊണ്ട് ഓടിയിറങ്ങി. സിഗ്നൽ കൊടുത്തോ ഇല്ലയോ എന്ന കാര്യത്തില് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് എനിക്ക് കഴിഞ്ഞിട്ടില്ല. നേരെ ഉമ്മുതത്തയുടെ വീട്ടിൽ എത്തി മുറ്റത്തെ പൈപ്പിൽ നിന്ന് മൂത്രം പോയ ട്രൗസറും കഴുകി മഹാഭാരതം ഒറ്റ ഇരിപ്പിന് കണ്ടുതീർത്തു...
അന്ന് രാത്രി ഒരു നാട് മുഴുവൻ ബൽക്കീസ് ബാനുവിനേ തിരയുമ്പോൾ ഞാൻ സുഖമായി ഉറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ എന്റെ ഉമ്മയുടെ ഗദ്ഗദങ്ങൾക്കിടയിൽ നിന്നാണ് ഞാൻ ബൽക്കീസ് ബാനു നശിപ്പികപ്പെട്ട കാര്യം മനസ്സിലായത്. എനിക്കോ അവൾക്കോ നശിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ആ നാട്ടുകാർക്ക് മൊത്തം മനസ്സിലായിരുന്നു അവൾ നശിച്ച് പോയിരുന്നു എന്ന്... ബൽത്സംഘത്തിന് ശേഷം പുരുഷന് നഷ്ടപ്പെടാത്ത ഒന്നും സ്ത്രീക്കും നഷ്ടപ്പെടില്ല എന്ന് ധൈര്യപൂർവ്വം വീളിച്ച് പറയാൻ കഴിവുള്ള ഒരാളെങ്കിലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ആ പാവം പെൺകുട്ടി ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു. മൂന്ന് ദിവസം പനിച്ചും പേടിച്ച് വിറച്ചും നരകിച്ചും ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞ ആ പെൺകുട്ടിയുടെ മുഖം മറക്കാൻ ഒരുപാട് കാലം എടുത്തു...
പിന്നീട് ഒരുപാട് രാത്രികളിൽ അവളുടെ ആ സുന്ദരമായ മുഖം എന്റെ ഉറക്കത്തേ അലോസരപ്പെടുത്തിയിട്ടുണ്ട്.....

വർഷങ്ങൾക്ക് ശേഷം ഒരു ദിവസം. ഏകദേശം എനിക്ക് ഒരു മകൻ പിറന്ന് ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും അയാളെ കണ്ടു. ഒരു പുഴുവിനേ പോലെ ആരും നോക്കാനില്ലാതെ പരസഹായത്തിന് കൊഞ്ചി ഒരു മനുഷ്യ ജന്മം. ഇപ്പോഴും എനിക്ക് അയാളോട് അതേ ഭയമാണ്..
" മരിച്ചവരെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് സാബിക്കറിയാമോ..?.."
"മരിച്ചവരൊന്നും എങ്ങോട്ടും പോകുന്നില്ല ബാനൂ.. മരിച്ചവർ ചേക്കേറുന്നത് ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. ഓർമ്മകൾ മരിക്കാതിരിക്കുന്നിടത്തോളം കാലം മരിച്ചവരൊന്നും എങ്ങോട്ടും പോകുന്നില്ല. നിദ്രാവിഹീനങ്ങളായ രാത്രികളിൽ അവർ നമ്മുടെ കട്ടിലിന് അടുത്ത് വന്ന് ഒന്ന് പുഞ്ചിരിക്കും. പിന്നീടൊരിക്കലും നമുക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല..."
============================











സാബിർ  ജലാലിയ 

കല്ലീപറമ്പിൽ  അബുവിന്റെ  മകൻ , ഗൾഫിൽ  ജോലി , എരവിമംഗലത്തു  താമസം


=================================================

10. കണ്ണ്യേലപാത്തുമ്മ പാതിരാ കൊലപാതകം



കാലം 1988 ഒരു ഏപ്രിൽ മാസത്തിലെ ഒരു ദിനം . മേടച്ചൂടിലെ ആ പുലരി കുന്നപ്പള്ളി നിവാസികളെ ഉണർത്തിയത് ചൂടുള്ളതും ,ദുരൂഹതയുള്ളതുമായ ഒരു കൊലപാതക വാർത്തയിലേക്കായിരുന്നു. കുന്നപ്പള്ളിയുടെ ചരിത്രത്തിലെ ജനങ്ങളറിഞ്ഞ ആദ്യത്തെ കൊലപാതകം. (അതിന് മുമ്പ് ആരെങ്കിലും മറ്റൊരാളുടെ കയ്യാൽ കൊല്ലപ്പെട്ടതായി എന്റെ അറിവിലും ,എന്റെ ഉമ്മാന്റെ അറിവിലും ഇല്ല ,എന്റെ ഇമ്മാതിരി അറിവിന്റെ ഉറവിടം അന്നൊക്കെ ഉമ്മയായിരുന്നു. ഗൂഗിൾ അവൈലബിൾ അല്ലാത്ത കൺട്രി കാലം. )

അലി കാക്കാന്റെ ചായക്കടയിലും ,മൈസൂരാക്കാന്റെ മക്കാനിയിലും ആളുകൾ വട്ടം കൂടി ആശങ്കകൾ പങ്ക് വെച്ചു.
തലേന്ന് കണ്ട സിനിമയുടെ ബാക്കി സ്വപ്നത്തിൽ കാണാൻ പറ്റുമോ എന്ന പ്രതീക്ഷയിൽ രാവിലെ 8 മണിയായിട്ടും സുഖനിദ്രയിലാണ് ഞാൻ .. "ടി പെണ്ണേ ..പോത്തു പോലെ കിടന്നുറങ്ങിക്കോ .. ആ കണ്ണ്യേല പാത്തും താത്താനെ ആരോ കൊന്നൂന്ന്..."
"പോലീസും ,ആളും ,പാളും മെല്ലാം കൂടീട്ടുണ്ട് " കേട്ടപാതി ,കേൾക്കാത്ത പാതി .. എന്റെ സ്വപ്നവും ,ഉറക്കവും പമ്പ കടന്നു .പല്ലൊന്നും തേക്കാതെ തന്നെ സിറ്റ് ഔട്ടിലേക്ക് .. അവിടെ ഒരു വാർഡ് സഭക്കുള്ള ആളുകളുണ്ട് .. "രണ്ട് ചെവിയും അറുത്തിട്ടുണ്ട് ,കഴുത്ത് ഞെരിച്ചാണ് കൊന്നിരിക്കുന്നത് "
കൊലപാതകത്തിന്റെ ദുരൂഹതകളും ,അഭ്യൂഹങ്ങളും പല തരത്തിലായി .കവർച്ചയാണ് ഉദ്ദേശം .. റിപ്പർ ചന്ദ്രൻ മോഡൽ വല്ലവരും ആകുമോ ?ഒറ്റക്ക് താമസിക്കുന്നവരെ മാത്രം ലക്ഷ്യം വെച്ചുള്ള ആസൂത്രിത കൊലപാതകം ,ചർച്ചകൾ നീണ്ടു .

"ഉമ്മാ നിക്കറിയാം ആരാ കൊന്നത് എന്ന് ... അത് ആ ....... നും ...... നും ആവും".
ഉമ്മ ന്റെ ചെവിക്ക് പിടിച്ച് ഒരു തിരുമ്പൽ തന്നിട്ട് .. "മര്യാദക്ക് പോയി പല്ലേച്ച് ,മൊകം കഴുകി വ ന്നോ ... വായി തോന്നിത് കോതക്ക് പാട്ട് എന്ന പോലെ എല്ലാടത്തും കേറി അഭിപ്രായം പറേണ്ട .. പോലീസ് തൂക്കി എട്ത്ത് കൊണ്ടോകും " ഇത് നല്ല കഥ ,നല്ലോ രൊറക്കത്തിൽ നിന്ന് ഒണത്തിട്ട് ..പ്പം ഞാനൊന്നും മുണ്ടാൻ പറ്റൂല .. ( എന്റെ ആത്മഗതം )
ഞാൻ എന്റെ പ്രഭാതകൃത്യങ്ങൾക്കായ് കുളിമുറി ലക്ഷ്യമാക്കി ഓടി .
കണ്ണ്യേല പാത്തുമ്മ താത്ത ഞങ്ങളുടെ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ ഒരു വല്ലിമ്മയാണ്. ഒരു മകൾ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. തങ്കയത്തിലെ മുഹമ്മദ് അലിക്കായുടെ തൊടിയുടെ വടക്ക് കിഴക്ക് മൂലയിൽ ഒരു ചെറിയ പുര വെച്ചാണ് താമസം. കുടികിടപ്പാണ് എണാണ് എന്റെ നിഗമനം. അവരെയാണ് ഇന്നലെ രാത്രി ആരോ കൊന്നിട്ടത്.

പോലീസ് അന്വേഷണം തകൃതിയായി നടക്കുന്നു. മുഹമ്മദാലിക്കാനെ ഒക്കെ ചോദ്യം ചെയ്യാൻ കൊണ്ട് പോയതറിഞ്ഞ് എന്റെ ഉപ്പയൊക്കെ സ്റ്റേഷനിൽ പോവാൻ തയ്യാറായി നിൽക്കാണ് ,ഉപ്പാന്റെ ഉറ്റ മിത്രമാണ് മുഹമ്മാലിക്ക .
എന്റെ മനസ്സിൽ ഞാൻ കൊലപാതകികളെ ഉറപ്പിച്ചു ... നുമ്മടെ ആറാമിന്ദ്രിയം പണ്ട് തങ്കേത്തിലെ അടക്കാപഴ (പേരക്ക) മരത്തിന്റെ രണ്ടാമത്തെ കൊമ്പിൽ കയറിയപ്പോഴേ തുറന്നതാണ്. അത് കൂടാതെ തലേന്ന് രാത്രി 8.30 pm ന്റെ 9 pm ന്റെ ഇടയിൽ പ്രസ്തുത വ്യക്തികളെ സംശയകരമായ സാഹചര്യത്തിൽ ഞാൻ കണ്ടതാണ് .അവർ കുറച്ച് കാലമായി എന്റെ നോട്ടപ്പുള്ളികളാണ്.
അത് മനസ്സിലാകണമെങ്കിൽ കുറച്ച് കാലം പിറകോട്ട് പോകണം ...
ഇന്ന് ബംഗാളികൾ എന്ന് നമ്മൾ മൊത്തത്തിൽ വിളിക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിൽ എത്തുന്നതിനു് മുമ്പേ ,കേരളത്തിന്റെ മണ്ണിൽ പണിയെടുക്കാൻ വന്ന ഒരു കൂട്ടരാണ് അണ്ണാച്ചികൾ എന്ന് നമ്മൾ വിളിക്കുന്ന തമിഴൻമാർ ,ഒരു കാലത്ത് കേരളത്തിലേക്ക് അവരുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു. ആ കൂട്ടത്തിൽ ഞങ്ങളുടെ നാട്ടിലെ വലിയ കൃഷിക്കാരും ,തോട്ടമുടമയുമായ തങ്കയത്തിൽ ഹംസ ഹാജിയുടെ വീട്ടിൽ ഒരാൾ എത്തി .. അവന്റെ പേര് തങ്കമണി .അവരുടെ റബ്ബർ തോട്ടത്തിലെ പണിക്കായി കുറച്ചധികം ആളുകളെ ആവശ്യം ഉണ്ടായിരുന്നു. അങ്ങിനെ ആണ് തങ്കമണിയുടെ നേതൃത്വത്തിൽ പത്തിരുപത് പേര് തഞ്ചാവൂരിൽ നിന്നെത്തിയത്. ശെൽവൻ ,രാജൻ ,തങ്കയ്യൻ,അറുമുഖൻ ഇങ്ങനെ കുറേ പേര് .ആ വീട്ടിലെ പത്തായപ്പുര പോലെയുള്ള കൃഷി സാധനങ്ങളൊക്കെ വെക്കുന്ന കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം .
എന്റെ കളിവീട് ആയിരുന്നു തങ്കയത്തിലെ ആ തറവാട് വീട് .. സ്ക്കൂൾ അവധി ദിവസങ്ങളിൽ രാവിലെ അങ്ങ് അവിടെ കയറിയാൽ വൈകുന്നേരമേ വീടണയൂ .. എന്റെ ഉമ്മ പറയുന്ന പോലെ "വിട്ടാ കാള പയറ്റിലാ ,, "നേരം വെളുത്താ ഓള് തങ്കേത്തിലാ "
എനിക്ക് കളിക്കാനും ,വായിക്കാനും ,കഥ പറഞ്ഞ് തരാനും അവിടെ ഇഷ്ട്ടം പോലെ ആളുകളാ."
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സബ്ജില്ലാ കലോത്സവത്തിൽ 1st prize കിട്ടിയ ഞങ്ങളുടെ 5 പേരുള്ള നാടകം ഞാൻ ഒറ്റക്ക് 7 ക്ലാസ്സ് ആവോളം തങ്കേത്തിലെ ഇടകോലായ എന്ന സ്‌റ്റേജിൽ കളിച്ചിട്ടുണ്ട്. അങ്ങിനെ ആണ് ഗേൾസ് ഹൈസ്കൂളിൽ മൂന്ന് കൊല്ലം മോണോആക്റ്റ് ചെയ്യാനുള്ള തൊലിക്കട്ടി നേടിയെടുത്തത്.
പറഞ്ഞ് വന്നത് ഇതൊന്നും അല്ല.

തമിഴൻമാർ തങ്കയത്തിൽ ജോറായി വാഴുന്നത് എനിക്കത്ര പിടിക്കുന്നുണ്ടായിരുന്നില്ല. എന്റെ വീട്ടിലേക്ക് പോകണമെങ്കിൽ ഇവരൊക്കെ താമസിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കെട്ടിടം പിന്നിട്ട് വേണം .. നമ്മൾ പണ്ടേ കയ്യിൽ കിട്ടുന്ന എന്തും പച്ചക്ക് വായിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് 'മ' വാരികകൾ നമ്മുടെ വീക്ക്നെസ് ആയിരുന്നു. അതുകൊണ്ട് ഗുഡ് ടച്ചും,ബാഡ് ടച്ചും ,നല്ല നോട്ടവും ,ചീത്ത നോട്ടവും അന്ന് തന്നേ മനസ്സിലാവുമായിരുന്നു .ഇവരിൽ ചിലരുടെ നോട്ടം എനിക്ക് പിടിക്കുന്നില്ലാന്ന് ഞാൻ ആ വീട്ടിലെ എന്റെ പ്രിയപ്പെട്ട ആസ്യ താത്താട്
പറയാറുണ്ടായിരുന്നു .
നേരം മഗ്രിബ് ബാങ്ക് കൊടുത്താലേ ഞാൻ വീട്ടിലേക്ക് ചേക്കേറൂ.. ഇവരെ പേടിച്ച് വീട് എത്തുന്നത് വരെ ഓട്ടമാണ്.
ഈ കൊലപാതകത്തിന് കുറേ മുമ്പേ അവരെ അവിടെ നിന്ന് പുറത്താക്കിയിരുന്നു. പിന്നെ നാട്ടിലെ എല്ലാവരുടേയും പണിക്കാരായി .
അടുത്ത ഫ്ലാഷ് ബാക്ക് ,
കൊലപാതകം നടന്ന രാത്രി .
സ്ക്കൂളവധി കാലമാണല്ലോ .. അന്നൊക്കെ ടി.വി. യും ,വി .സി .ആറും ഒന്നും എല്ലാ വീട്ടിലും ഇല്ല ,ഞങ്ങളുടെ നാട്ടിൽ ഒന്നോ ,രണ്ടോ വീട്ടിൽ കാണും ,ആ വീടുകളിലൊക്കെ പ്രദേശത്തെ എല്ലാവരേയും ഒന്നിച്ച് ക്ഷണിച്ച് വരുത്തിയാണ് സിനിമാ പ്രദർശനം. മനുഷ്യമനസ്സിൽ മതവും ,ജാതിയും ,അമിത സദാചാര വാദവും വല്ലാതെ പിടിമുറുക്കാത്ത കാലം.
അത് പുതിയ തലമുറക്ക് അതിശയമുണ്ടാക്കുന്ന ഒരു കാര്യമാവും.
ഉപ്പാന്റെ കൂട്ടുകാരൻ അബാസിക്കായുടെ വീട്ടിലാണ് അന്ന് ഞങ്ങളുടെ ടി.വി കാണൽ .. കുറച്ച് നടന്ന് പോകണം .ഇന്നാണെങ്കിൽ 25 രൂപ ഓട്ടോക്ക് കൊടുത്ത് പോകണം. അധിക ദിവസവും രാത്രി 9.30 നാണ് പ്രദർശനം. അന്ന് ഒരു 7.30 ആയപ്പോൾ അബാസിക്ക വിളിച്ചു. " ഹസീ ഇന്ന് നല്ല മമ്മുട്ടിയുടെ സിനിമയുടെ കാസറ്റ് കിട്ടിയിട്ടുണ്ട് ,എല്ലാരേം കൂട്ടി വാ .. തങ്കേത്തിൽ നിന്ന് ആസ്യയും കുട്ടികളും ഉണ്ടെങ്കിൽ ഓലേയും കൂട്ടിക്കോ ,സിനിമാ പ്രേമീ യായ എന്റെ മനസ്സിൽ ലഡു പൊട്ടി. ഉപ്പാക്ക് പെരിന്തൽമണ്ണ ടൗണിൽ പലചരക്ക് കച്ചവടമാണ് ,ഉപ്പ കടയടച്ച് എത്തിയില്ല ,ഉപ്പാടെ സമ്മതം കിട്ടണം ,സമയം 8.30 ആയി ,വളയംമൂച്ചിയിലെ കടകളെല്ലാം അടച്ചു. ഉപ്പ വരുന്നുണ്ടോന്ന് നോക്കാൻ പടിയിലിറങ്ങി നിന്നു. തെരുവ് എല്ലാം വിജനമാണ് ,സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം. അപ്പോൾ അതാ വീടിനോട് ചേർന്നുള്ള മൂത്താപ്പാന്റെ മോന്റെ പലചരക്ക് കടക്ക് മുമ്പിൽ രണ്ട് നിഴലനക്കം. ..
ആരാ അവിടെ ?( ഞാൻ )
ഇരുട്ടിൽ നിന്നും രണ്ട് നിഴലുകൾക്ക് ജീവൻ വെച്ചു ..
ഞങ്ങളാണ് ..അറുമുഖനും ,തങ്കയ്യനും ,( അവർ )
എന്താ ഈ നേരത്ത് ഇവിടെ ? (ഞാൻ )
ഞങ്ങൾ നാരങ്ങ തൊലി എടുക്കാൻ വന്നതാ (അവർ )(വേനൽ കാലമല്ലേ കടയിലെ Waste ' ഇടുന്ന ഭാഗത്ത് നിറയെ നാരങ്ങ തൊലി കാണും .
അതും പറഞ്ഞ് അവർ തെക്കോട്ട് നടന്ന് പോയി .
ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞാൻ അകത്തേക്ക് പോയി ,ഉപ്പയാണ് ,കുറച്ച് വൈകിയേ വരൂ ,ഞങ്ങളെ അബാസിക്കാടെ വീട്ടിൽ പോവാൻ സമ്മതിച്ചു.
അങ്ങിനെ ഞങ്ങൾ അയൽപക്ക കാരെല്ലാം സിനിമ കാണാൻ പോയി.
നല്ല രസികൻ സിനിമയായിരുന്നു ,പേര് ഓർമ്മയില്ല .
ഞങ്ങൾ സിനിമ കഴിഞ്ഞ് എത്തിയതും ,ഉപ്പ കട പൂട്ടി വന്നതും ഒരേ സമയത്തായിരുന്നു.
ചായക്കടയിൽ നിന്നു് ആരുടേയോ സംസാരം കേൾക്കുന്നു. ഉപ്പയും ,ഇക്കായും ടോർച്ചും എടുത്ത് പോയി നോക്കി ..
അത് ആ അണ്ണാച്ചികളാ ..
അറുമുഖനും ,തങ്കയ്യനും
.......
എന്തോ രാവിലെ കൊലപാതക വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ അവരാണ് ഓടിയെത്തിയത്.
ആദ്യ ഘട്ടത്തിൽ പോലീസ് മുഹമ്മാലിക്ക കണ്ണായ സ്ഥലം കിട്ടാൻ വേണ്ടി ചെയ്തതാ എന്ന നിഗമനത്തിൽ ആയിരുന്നു .രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരും എന്റെ അതേ ലൈനിൽ ആയി അന്വേഷണം. ആദ്യ ദിവസം സംഭവസ്ഥലത്തൊക്കെ ഉണ്ടായിരുന്ന രണ്ട് പേരേയും 2 ദിവസം കഴിഞ്ഞപ്പോൾ കാണാൻ ഇല്ല.
അവരുടെ ഫോട്ടോക്ക് വേണ്ടിയുള്ള അന്വേഷണം കൊണ്ടെത്തിച്ചത് ഞങ്ങളുടെ വീടിനോട് ചേർന്ന വാടക കെട്ടിടത്തിലെ ബാർബർ ഷോപ്പിൽ. ബാർബർ ഷോപ്പിലെ ചുമരിൽ ബോംബെ ഡെയിംഗ് കലണ്ടറിലെ ശോഭനയുടെ ചിത്രത്തിന് തൊട്ടടുത്ത് അറുമുഖന്റേയും ,ഉസ്മാന്റേയും VB സ്റ്റുഡിയോയിൽ നിന്നെടുത്ത ഫോട്ടോ ചിരിച്ച് നിൽക്കുന്നു .മണ്ണാർക്കാട് സ്വദേശിയായ ഉസ്മാൻ ഞങ്ങളുടെ മില്ലിലേക്ക് ജോലിക്ക് വന്നതാണ്. വന്ന കാലത്ത് മധുരിമ ബേക്കറിയിൽ നിന്ന പരിചയം കൊണ്ട് നല്ല അരി ഉണ്ടയും ,റവ ലഡുവും ,വെട്ട് കേക്കും എല്ലാം ഉണ്ടാക്കി തരുമായിരുന്നു. മില്ലിൽ കുറച്ച് കാലം നിന്ന ശേഷം ഇസ്മായിലി ക്കാടെ പലചരക്ക് കടയിലേക്ക് മാറി. നാട്ടിൽ വന്ന പരദേശികൾ എന്ന നിലക്ക് അറുമുഖനുമായി അടുത്തു ആ അടുപ്പം വെച്ചാണ് ഈ ഫോട്ടോ എടുപ്പ് ഉണ്ടായത്. .. ദാ കിടക്കുണു ഉസ്മാനും ,ബാർബറും പോലീസ് വണ്ടിയിൽ.. പാവം ഉസ്മാനെ നല്ലോണം ഭേദ്യം ചെയ്തു. പിന്നെ അതവന്റെ കേൾവിയെ എല്ലാം ബാദിച്ചു.
അവസാനം അറുമുഖനേയും ,തങ്കയ്യനേയും തഞ്ചാവൂരിൽ അവരുടെ നാട്ടിൽ ചെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത്, തെളിവെടുപ്പിനായി കൊണ്ടുവന്നു.
പാത്തുമ്മ തത്തയുമായി അവർക്ക് നല്ല അടുപ്പമായിരുന്നു. താത്തായുടെ റേഷൻ പഞ്ചസാരയൊക്കെ ഇവർക്ക് മറിച്ച് വിൽക്കുമായിരുന്നു. ആ പാവം ഉമ്മ ഇവർക്ക് ഇടക്ക് ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു. ആ സ്വാതന്ത്രത്തിൽ അവിടെ ചെല്ലുകയും ,കഴുത്ത് മുറുക്കി അവരെ കൊന്ന് ,. കാതിലെ ചിറ്റിന് വേണ്ടി ചെവിയറുത്തെടുത്തു... ചിറ്റും മറ്റ് ആഭരണങ്ങളും താഴെ പാടത്തെ കുളത്തിനരികെ കുഴിച്ചിട്ടത് അവർ എടുത്ത് കൊടുത്തു ..കയ്യിൽ പറ്റിയ ചോരക്കറ കളയാനായിരുന്നു നാരങ്ങാ തൊലിക്ക് വന്നത്.
പിന്നീട് അവർ ശിക്ഷിക്കപ്പെടുകയും ,ഒരാൾ ജയിലിൽ വെച്ച് മരണപ്പെട്ടു എന്നും കേട്ടു .
അങ്ങിനെ കുന്നപ്പള്ളിയെ ആശങ്കയിലാക്കിയ ആ കൊലപാതകത്തിന്റെ കഥ കഴിഞ്ഞു.
Written by Haseena .K.C
2- 03 -2019

2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

9. ഒരു വാക്കും പറയാതെ...


ഒരു സ്വരവും മൂളാതെ, ഒരീണവും കേൾക്കാതെ ജീവിത സംഗീതം ആസ്വദിക്കുന്നൊരു കുന്നപ്പള്ളിക്കാരനെ  ക്കുറിച്ചാണീ കുറിപ്പ് !

പരാതിയില്ലാതെ പരിഭവമില്ലാതെപരിമിതികളുടെ പരിധികളെ  ഒരു ചെറുപുഞ്ചിരിയോടെ , ആത്മവിശ്വാസത്തിന്റെ കരുത്തിൽ നേരിട്ട്, പ്രതിസന്ധികളോടും  പ്രതിബന്ധങ്ങളോടും  പോരാടി  ജീവിതം  ആഘോഷമാക്കുന്നൊരുവനെ കുറിച്ചാണ്. നമ്മൾക്കിനി  പരിമിതികളുടെ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ലോക ചരിത്രത്തിൽ അല്ലെങ്കിൽ  ഗൂഗിളിൽ  തിരയേണ്ട , സ്വന്തം നാട്ടുകാരനുള്ളപ്പോൾഇയാളെ  മാതൃകയായും ചരിത്രവുമായി അടയാളപ്പെടുത്തേണ്ടവൻ തന്നെ !

കുന്നപ്പള്ളി  അടിവാരത്തുനിന്നൊരു യുവാവ് ഭാരത പര്യടനത്തിലായിരുന്നു .,  നമ്മുടെ വള്ളുവനാടൻ ഗ്രാമ വീഥികളിൽ നിന്നൊരാൾ ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ 'രഥ'യാത്രയിലായിരുന്നു
“ആർക്കും കാതോർക്കാതെ , ആരോടും മിണ്ടാതെ” ഇന്ത്യയിലെ 45 ലക്ഷത്തോളം വരുന്നവരുടെ ശബ്ദമാവുന്നവൻ , കണ്ണാവുന്നവൻ , അവരുടെ കനവുവുകൾക്ക് നിറമേകാൻ ശ്രമിക്കുന്നവൻ ...


അഷ്റഫ്  കുന്നത്ത് ! അവന്റെ പേരുപോലെതന്നെ ശ്രേഷ്ഠതയുടെ ഔന്നിത്യം ആണവൻ !



പേര് അഷ്‌റഫ്. ബാബു എന്ന് വിളിക്കും . രണ്ട് വയസ്സ് വരെ സംസാരിച്ചിരുന്നു ഒരു പനി വന്നതാണെത്രേ സംസാര ശേഷിയും കേഴ്വിയും നഷ്ടപ്പെട്ടു .... ചികിത്സകൾ ഒരുപാട് ചെയ്തു .... ശരിയായില്ല ... വിദ്യാഭ്യാസം 10 വരെ ഒറ്റപ്പാലം ബധിര മൂക ഹൈസ്കൂളിൽ. തുടർന്ന് 2 വർഷം ഹൈദരാബാദ്ൽ നിന്ന് Ac മെക്കാനിക്ക് കോഴ്സ് പഠിച്ചു ... ജോലിസാധ്യതകൾ കേരളത്തിന്ന് പുറത്തായത് കൊണ്ട് പോയില്ല .

വീട്ടുകാർ വീട്ടുകാരുടെ  പരിപൂർണ പിന്തുണയാൽ  സാധാരണ ജീവിതം കെട്ടിപ്പടുത്തു ....ഇങ്ങിനെ കുറവുകൾ മനസ്സിലായപ്പോൾ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനാണ് പഠിച്ചത് ..... നീന്തലും ഡ്രൈവിങ്ങും ആദ്യമേ പഠിച്ചു ... കരാട്ടേ അഭ്യസിച്ചു .... ഖത്തറിൽ ജോലിക്ക് പോയി

യാത്രയെ ഇഷ്ടപ്പെടുന്നു ... നല്ലൊരു കലാകാരനാണ് പാഴ്വസ്തുക്കൾ കൊണ്ട് ശിൽപ്പങ്ങൾ ഉണ്ടാക്കാറുണ്ട് .. ചിത്രങ്ങൾക്കൊണ്ട് ചുമര് അലങ്കരിക്കും .... ചിത്രം വരക്കും ....ഇന്നസെന്റിനെയും സുരേഷ് ഗോപിയേയും നന്നായി അനുകരിച്ചിരുന്നു

  ഇപ്പോൾ ബധിരമൂകരുടെ ഉന്നമനത്തിനായി സെമിനാറുകൾ സങ്കടിപ്പിക്കുന്നു കോച്ചിങ്ങ് ക്ളാസുകൾ സങ്കടിപ്പിക്കുന്നു ..... ഇപ്പോൾ ചരിത്രത്തിലേക്ക് ഇടം തേടിയൊരു യാത്രയിലാണ് , 3  സുഹൃത്തുക്കൾക്കൊപ്പം ( ജുബിൻ, പരമേശ്വരൻ , കെ വി  അലി  & പി  എം  മുബീൻ    ) ഇന്ത്യയിലെ 45 ലക്ഷത്തോളം വരുന്ന ബധിരമൂഖർക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ,, 



 ആംഗ്യ  ഭാഷ ജനകീയമാക്കുക +2 കഴിഞ്ഞാൽ തുടർ പഠനമില്ല ഇപ്പോൾ ... അത് കൊണ്ട് ഡിഗ്രി ... തുടങ്ങിയുള്ള കോഴ്സുകൾക്ക് കോളേജ് അനുവധിക്കുക ..ഡ്രൈവിങ്ങ് ലൈസൻസ് നൽകുക ക ഹോസ്പിറ്റൽ പോലീസ് സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് തുടങ്ങിയുള്ള സ്ഥലങ്ങളിൽ സൈൻ ലാങ്ങ്വേജ് നിർബന്ധമാക്കുക എന്ന് തുടങ്ങി അവരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയക്കാൻ ഒരു നിവേദനവുയി ഡൽഹിയിലേക്ക് ബൈക്കിൽ യാത്ര പുറപ്പെട്ടു സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് പോകുന്നു ..


 റജീനയാണ് ഭാര്യ, പിതാവ്  കുന്നത്ത്  മുഹമ്മദലി , മാതാവ്  നബീസ , സഹോദരങ്ങൾ  ഹംസ , സക്കീർ , ഗഫൂർ, സഹോദരി സജ്‌ന ,  


 ഈ ചിത്രങ്ങൾ നിങ്ങളോടു ഒരുപാടു സംസാരിക്കുന്നില്ലേ  ?  ആത്മവിശ്വാസത്തിന്റെ ഭാഷയിൽ , പരിമിതികൾ പരാജയം വാങ്ങിയ  അഷ്‌റഫ് ഒരുപാടു പറയുന്നില്ലേ ?? " If I can, why can't you?"....


ഈ നിശബ്ദ വിപ്ലവകാരി .....  ഇന്ത്യ സ്വന്തം ബൈക്കിൽ ചുറ്റി  സഹജീവികൾക്കുവേണ്ടി പൊരുതുന്നത് കാണുമ്പോൾ  പണ്ട്  ..1952 ഇൽ  അർജന്റീനയിലെ  ബ്യുനസ് അയേഴ്സിൽ നിന്നും  തന്റെ നോർട്ടൻ മോട്ടോർ സൈക്കിളിൽ, പുസ്തകത്താളുകളിൽ പഠിച്ച  തെക്കേ അമേരിക്കയെ അറിയാൻ യാത്രതിരിച്ചു ,"മോട്ടോർ സൈക്കിൾ ഡയറീസ് " എഴുതി , പിൽക്കാലത്തു ബൊളീവിയൻ കാടുകളിൽ സഹജീവികൾക് സമത്വസുന്ദരമായ നാളെകൾക്കുവേണ്ടി  പോരാടിയ, വിപ്ലവത്തിന്റെ പര്യായവും വിപ്ലവകാരികളുടെ  ആവേശവുമായി മാറിയ "ചെ " യുടെ  രൂപം ബാഹ്യമായും കർമ്മരീതികൾ കൊണ്ടും തോന്നുന്നത് സ്വാഭാവികമായ കേവല സാദൃ ശ്യം  മാത്രമാവുമോ ?

പലകാര്യങ്ങളിലും ബധിരരും മൂകരും ആയ  നമുക്ക്  അഷറഫിനെ  ബധിരനെന്നോ  മൂകനെന്നോ  വിളിക്കാൻ , മാറ്റിനിർത്താൻ എന്തവകാശം ?

 അഷ്‌റഫ് “കുന്നത്താ”ണിപ്പോഴും ... ഞാനും നിങ്ങളും പറയേണ്ടത് പറയാത്ത കേൾക്കേണ്ടത് കേൾക്കാത്ത കാണേണ്ടത് കാണാത്ത തിരക്കുമാത്രം അഭിനയിക്കുന്ന  ഏതോ പാതാളത്തിലും ??



യാത്രയൊക്കെ  കഴിഞ്ഞു  അഷ്‌റഫ്  നാട്ടിലെത്തുമ്പോൾ    ബുള്ളറ്റിൽ,  ഒരു  അവദൂതനെപ്പോലെ, എല്ലാതിരക്കുകൾക്കിടയിലും ബഹളങ്ങൾക്കിടയിലും  പ്രശാന്തത ആസ്വദിച്ച് അലസ മായി നീങ്ങുന്ന  അവനെ നോക്കി  ഒന്ന്  കൈ വീശുക..  വാട്സ്ആപ്പിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ചില ഇമോജികൾ  പ്രയോഗിച്ചു നോക്കൂ ...



  കുറിപ്പുകാരൻ സോഷ്യൽ മീഡിയയിൽ അല്ലാതെ  മിന്നായം പോലെ എവിടെയോ  കണ്ട ഓർമ്മയെ ഉള്ളൂ ... എന്നോ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചിട്ടുണ്ട് അവനെ ....കാരണം... പരിമിതികളിൽ പരിഹാസങ്ങളിൽ  ജീവിതം വീണ്ടെടുത്തവനാണ്  ഞാനും....
-----------------------------------------------------------------------------

ഈ ലിങ്കുകൾ കൂടെ നോക്കൂ !

അഷ്‌റഫിന്റെ ഫേസ്ബുക് പ്രൊഫൈൽ

India Tour By Ashraf Kunnath & friends




2018, ജനുവരി 28, ഞായറാഴ്‌ച

8. മുരളി യുടെ കുറിപ്പുകൾ

1.കൂറയും ഉരുളിയും


പ്രീഡിഗ്രി ക്കു പഠിക്കുമ്പോൾ ഒരു "ചങ്ങായിച്ചി" ണ്ടായിരുന്നു.!!!
പാലൂർ കാരി 'സുഹറ'. നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും ആവോളളമുള്ള ഒരു പാവം.!! മിക്കദിവസങ്ങളിലും അവൾക്കു ജലദോഷ മായിരിക്കും..!!  പാവം ..അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ
" കൂറാ " ന്നു വിളിക്കും.!! 
ഇത് കേട്ട് കലിപ്പായി അവൾ തിരിച്ചു
"ഉരുളീ" ന്നു വിളിക്കും .!! 

ഒരു സഹപാഠിയോടുള്ള ഇഷ്ടത്തെക്കാൾ കൂടുതലായി മറ്റെതെന്തോ ഒരു ഇഷ്ടക്കൂടുതൽ എന്നോട് ഉണ്ടായിരുന്നതായി തോന്നീട്ടുണ്ട് പലപ്പോഴും.!! അങ്ങനെ എക്സാം കഴിഞ്ഞു, ഇംഗ്ലീഷ് പേപ്പർ 'പോയി' (തോറ്റിട്ടില്ല ട്ടോ 😂) ഞമ്മളാ പരിപാടി നിർത്തി..!! അതിനു ശേഷവും കത്തുകളിലൂടെ ഞങ്ങൾ ആ സൗഹൃദം നില നിർത്തീരുന്നു..!! ഒരു പാട് കാലം...!! കൂടെ ആ വിളിയും തുടർന്ന് പോന്നു.!!

അങ്ങോട്ട്....,,' സ്നേഹത്തോടെ കൂറാക്ക്..." ( സംബോധന )
ഇങ്ങോട്ട്...,,, 'പ്രിയപ്പെട്ട ഉരുളിക്ക്'....😁!!! എത്ര സുന്ദരമായ കാലമായിരുന്നു അതൊക്കെ..???😍



വലുതാവണ്ടായിരുന്നു തോന്നും പലപ്പോഴും  ല്ലേ..?? ആ കുട്ടിയായി തന്നെ ഇരുന്നാ മതിയാരുന്നു.!!😃😍. ഇന്നെന്തോ അവളെ ഓർമ്മ വന്നു..!! 😍..നമ്മൾ ഓർക്കുന്ന പോലെ, നമ്മളെയും ആരെങ്കിലുമൊക്കെ ഓർക്കുന്നുണ്ടാവുമോ...???
എന്നെങ്കിലും?? എപ്പോഴെങ്കിലും??





2. ചങ്ക് 'ലെത്തീ' !


ജീവിതത്തിലെ വളരെ, വളരെ നിർണ്ണായകമായ ഒരു പ്രതിസന്ധി ഘട്ടത്തിൽ, ഒരു തീരുമാനമെടുക്കാനാകാതെ ഉഴറി നിന്ന അവസ്ഥയിൽ , വളരെബുദ്ധിപൂർവമായ ഒരു തീരുമാനം പറഞ്ഞുതന്നു, തോളിലൊരു തട്ടുതട്ടി " ഡാ ഇങ്ങനെ ചെയ്യടാ .!! ധൈര്യമായിട്ടിരിക്ക..!! .എല്ലാം ശരിയാവും ന്നും പറഞ് സമാധാനിപ്പിച്ചു മ്മടെ കൂടെ നിക്കുന്ന മ്മടെ "ചങ്ക് " !!

ഒരു ആത്മാർത്ഥ സുഹൃത് എന്നാൽ എന്താണെന്നു എന്നെ പഠിപ്പിച്ച, നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ കൂട്ട്.!!

ഡാ കൂട്ടാരാ ഡാ...😍

സാമ്പത്തികമായി തകർന്നു തരിപ്പണമായി ഇനിയെന്ത് .?? എന്ന വലിയ ചോദ്യചിഹ്നമായി നിൽക്കുന്ന അവസരങ്ങളിൽ (,അവനോട് ചോദിക്കാതെെ തന്നെ )അവന്റെകയ്യിൽ ഇല്ലെങ്കിൽ ഒരുമാജിക്ക് കാരനെപോലെ എവിടുന്നെങ്കിലുമൊക്കെ പൈസ സംഘടിപ്പിച്ചു കൊണ്ടുവന്ന തന്ന്  " ഡാ പിടി... കാര്യങ്ങൾ നടക്കട്ടെന്നും പറഞ്ഞ പലപ്പോഴായി എന്നെ വിസ്മയിപ്പിച്ചവൻ.,!!

ഡാ കൂട്ടാരാ ഡാ 😍

ബൈക്ക് ന്റെ ഒരു എബിസിഡിയും അറിയാത്ത കാലത്തു.,, (അന്ന് ഞങ്ങൾ 4 പേരിൽ അവന്റെ കയ്യിൽ മാത്രേ ബൈക്ക് ള്ളൂ.!! അതുമ്മേ യാണ് ഞങ്ങളെല്ലാം പഠിച്ചത്.!! )
പഠിക്കാൻ പോകയല്ലേ ഡാ ന്നു ചോയ്ക്കുമ്പോ ചില ഒഴിവില്ലാത്ത നേരങ്ങളിൽ ' ഇന്ന് പറ്റില്ലെടാ പിന്നെ പോവാം.!!' ന്നു പറയാതെ..,, അവന്റെ പുതിയ "cd 100
ബൈക് എടുത്ത് പുറത്തേക്കു തന്നിട്ട് ( അവരുടെ വീട് കുറച്ചു കയറ്റത്താ,)
" കേറിഇരി ന്നിട്ടങ്ങട് പൊക്കോ .!! താഴെന്നു അവരാരേലും കൂട്ടി പൊയ്‌ക്കോ,:
' ന്നും പറഞ്ഞ ധൈര്യല്ലാത്ത നമ്മളെ ധ്യര്യം തന്നു പലവട്ടം പറഞ്ഞയച്ചവൻ ഇവൻ..!!

ഡാ കൂട്ടാരാ ഡാ 😍

ലീവിന് പോയി വരുമ്പോ എയർപോർട്ട് ൽ കൊടുന്നാക്കി ബാഗ് ഓക്കെ എടുത്ത് തന്ന് യാത്രയാക്കുമ്പോ അമർത്തി ഒരു കെട്ടിപ്പിടുത്തം ണ്ട് അവന്റെ .!  വീട്ടീന്ന് പോന്നപ്പോ അനുഭവച്ചതിനേക്കാൾ വേദന ഞാനന്നേരങ്ങളിൽ അനുഭവിച്ചിട്ടുണ്ട്..!!!

ഡാ കൂട്ടാരാ ഡാ 😍

പറയാനാണെങ്കി ഇനീം നേരം വെളുക്കുവോളം ഞാൻ പറഞ്ഞോണ്ടിരിക്കും ഇവനെ കുറിച്ച !!ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയത് ജീവിതത്തിലെ പുണ്യമായി ഞാൻ കരുതുന്നു.!! പടച്ചവന് സ്തുതി..!! 20 വർഷത്തെ സൗഹൃദതിനിടയിൽ ഒരിക്കൽ പോലും മുഖം കറുപ്പിച്ചു ഒരു വാക്ക് ഇങ്ങോട്ടോഅങ്ങോട്ടോ ഉണ്ടായിട്ടില്ല..!!,,മരിക്കുവോളം ഈ സൗഹൃദം ഇങ്ങനെതന്നെ നിലനിൽക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.!!

ഡാ. കൂട്ടാരാ ഡാ 😍



വാൽ: ഡാ ലത്തീ.. നിനക്കിത് ഇഷ്ടായിട്ടുണ്ടാവില്ല ന്നു എനിക്കറിയാം..!! പക്ഷെ എനിക്കിത് പറയണമായിരുന്നെടാ.!! ഇങ്ങനെയല്ലാതെ ഇത് നിന്നോട് .പറയാൻ വേറെ നിർവാഹവുമില്ല..!!







3. താത്തുട്ടിയും അമ്മട്ടിയും

പണ്ട്, സ്കൂൾ വിട്ട് വന്ന ഉടനെ വല്ലതും ണ്ടെങ്കിൽ കഴിച്(ചിലപ്പോ ഒന്നും കാണൂല!!)കളിക്കാനോടും അപ്പുറത്തെ വീട്ടിലേക്ക്..!!! വലിയ ഒരു തെങ്ങിൻ തോപ്പിനുള്ളിൽ ള്ളഒരു വീടാണത്.!! അവിടെയാണ്നമ്മടെ ഗ്രൗണ്ട് 😂😂 നാട്ടിലുള്ള സകല ചെക്കന്മാരുംഅവിടെ "തട്ടിക്കൂടും" വൈകുന്നേരം ആവുമ്പോഴേക്കും..!!


അങ്ങനെ കളിക്കാനുള്ള പ്രാനതോടെ ഓടിച്ചെല്ലുന്ന നമ്മളേം കാത്ത .....,,4 ആൺ മക്കളുള്ള ( നോട്ട് ദി പോയന്റെ..!!) അവിടുത്തെ താത്ത ( അങ്ങനെ നുമ്മ വിളിക്ക!!) (പാവം മരിച്ചു പോയി ) ഭംഗിയുള്ള പുഞ്ചിരിയുമായി നിൽപ്പുണ്ടാവും..!!
അത് കാണുമ്പോഴേ മ്മടെ മനം "ചാവും' !! കാരണം അത് എന്തിനുള്ള നിൽപ്പാണെന്നു മ്മക്ക് നല്ലോണം അറിയാം..😀

" താത്തൂട്ടി ഓടിപ്പോയി തങ്കന്റെ പീടീന്ന് അര കിലോ ചായപൊടീം ഒരു കിലോ പഞ്ചാരീം വാങ്ങീട് വായോ..!!"
ഠിം !!  'കലാസ്‌'..!!!! തീർന്നു.. !! മ്മടെ കഥ കഴിഞ്ഞു.!!

ചെക്കന്മാർ' ടീമ്' ഇട്ട് തുടങ്ങിയിരിക്കും അപ്പോഴേക്കും,,.!!😣 ദയനീയമായി അവരെ നോക്കി മനസില്ല മനസ്സോടെ ഓടും പീടികയിലേക്ക്..!!😂

പിറ്റേ ദിവസം മനസിലുറപ്പിക്കും ഇന്ന് ഞാൻ പോവൂല പീടികയിൽ.!! അവർ വേറെ ആളെ നോക്കട്ടെ..!! ല്ലെങ്കി അവരുടെ മക്കളെ വിടട്ടെ..!! ന്നൊക്കെ....!!😊😊


എബടെ..?? പിറ്റേ ദിവസവും സ്വാഹാ.!! മ്മടെ കാര്യം ഗോവിന്ദ..!! പീടികയിൽ പോയി വരുമ്പോ അവർ തന്നിരുന്ന ചില്ലറകൾ കൊണ്ടായിരുന്നില്ല അത്......

'താത്തുട്ടി' എന്ന ആ വിളിയിലെ സ്നേഹം കൊണ്ടായിരുന്നു..!!!!
(അമ്മച്യാണെ സത്യം )

വാൽ : 7 മക്കളിൽ 5 മനായ എന്നെയൊക്ക എന്റമ്മ വല്ലപ്പോഴും ഒരിക്കലൊക്കെ വിളിച്ചിരുന്ന 'അമ്മട്ടി' ഒക്കെ കേക്കണെങ്കി മ്മളൊക്കെ 'ആണ്ടു' കളോളം കാത്തി രിക്കണായിരുന്നു... 😅


4. മാങ്കായി കുഞ്ഞയമ്മദ്ക്കാന്റെ  ലൈക്കും കമന്റും

അച്ഛന്റെ കൂട്ടുകാരനുണ്ടായിരുന്നു, 'കുഞ്ഞയമുആക്ക' (കുഞ്ഞുമുഹമ്മദ് ന്നായിരുക്കും ) !!! ബീഡി കമ്പനിയിൽ ജോലിയായിരുന്നു മൂപ്പർക്ക്.!! ( സൈക്കിളിൽ ബീഡി കടകളിൽ എത്തിക്കുന്ന പണി). രാത്രി ഒരു ഏഴ് മണിയോട് കൂടി ജോലി കഴിഞ്ഞു മൂപ്പർ തിരിച്ചു പോവുന്നത് നമ്മടെ വീടിനു മുന്നിലൂടെയാണ്.!! 



ആഴ്ചയിൽ ഒരു 3 ദിവസെങ്കിലും പോണ വഴിക്കു മൂപ്പർ വീട്ടിൽ കയറിയിട്ടേ പോകൂ.!!
'അമ്മ കാപ്പിയിട്ടു കൊടുക്കും.!! അതും കുടിച്ചു ഞങ്ങൾ കുട്ടികളോട് തമാശയൊക്കെ പറഞ്ഞങ്ങനെ ഇരിക്കും.!! ഭയങ്കര രസിക്നാണ് ആൾ..! അതോണ്ട് തന്നെ മൂപ്പരുടെ വരവ് ഞങ്ങള്ക് ഏറെ ഇഷ്ടമായിരുന്നു.!! ആൾ വരുന്ന ദിവസം വായിച്ചോണ്ടിരിക്കുന്ന ബുക്കൊക്കെ അവിടെയിട്ട് ഞങ്ങളെല്ലാരും മൂപ്പർക്ക് ചുറ്റും വട്ടത്തിലിരിക്കും.!!
അങ്ങനെ ആദ്യം കുറെ തമാശയൊക്കെ പറഞ് ഞങ്ങളെ കുടു കുടെ ചിരിപ്പിക്കും .!!


പിന്നെയാണ് രസം..!! ഓരോന്ന് പറഞ്ഞു പറഞ്ഞു കുട്ടികളായ ഞങ്ങളെ ദേഷ്യം പിടിപ്പിക്കും .!! 😁പ്രത്യേകിച്ച് ഏറ്റവും ഇളയത്തുങ്ങളെ .!! അനിയത്തിമാർ- അവരാണന്നു ഏറ്റവും ചെറുതുകൾ..! അങ്ങനെ കുട്ടികൾ 'ഈറച്ചു' (ദേഷ്യപ്പെട്ടു)
മുഖമൊക്കെ വീർപിച്ചിരിക്കും..😂 മൂപ്പർക്ക് അത് കാണാനാണ്..!!!😂 അമ്മയെ നോക്കി ഞങ്ങൾ കാണാതെ ചിരിക്കുന്നുണ്ടാകും..!! അപ്പൊ കുട്ടികളെ നോക്കി മൂപ്പരും മുഖം
വീർപ്പി്ക്കും.!! അത് കാണുമ്പോൾ കുട്ടികൾക്ക് ചിരി വരുന്നുണ്ടാവും.. !!ന്നാലും അവർ ചിരിക്കാതെ കടിച്ചു പിടിചിരിക്കും..!!😁 ന്നിട്ട് ഇടങ്കണ്ണിട്ട് മൂപ്പരെ നോക്കും. .അപ്പൊ മൂപ്പരെ ഡയലോഗ്..!!
" ഇങ്ങട്ട്യോക്ക അങ്ങട്ടും നോക്കും" !!

അത് കഴിഞ്ഞു വീർപ്പിച്ചു പിടിച്ച രണ്ടു കവിളിലും രണ്ടു കയ്യും കൂട്ടി പിടിച്ചു കുത്തി
'പ്ർർർർർർ'' ന്നുള്ള ശബ്ദം ണ്ടാക്കും..!!

അതോടെ മസിലു പിടിച്ചിരിക്കുന്ന കുട്ടികൾ സകല നിയന്ത്രണവും വിട്ട് പൊട്ടിച്ചിരിക
 കും..!!
അപ്പൊ മൂപ്പരുടെ അടുത്ത ഡയലോഗ് വരും.!!
" ഇങ്ങട്ട്യോക്ക അങ്ങട്ടും നോക്കും..!!

ഇങ്ങ്ടർച് അങ്ങട്ടും ചിർച്ചും...!!
ങ്ങട്ട് മുണ്ട്യ അങ്ങട്ടും മുണ്ടും.. !!!"

ഇതിപ്പോ എന്തിനാ ഇവിടെ പറഞ്ഞത്..?? ന്നോ..??????? ഒന്നൂല്ലാ..!!
ഒരു മാസത്തിലോരിക്ക ലൊക്കെ ഒരു പോസ്റ്റിട്ട പിറ്റെ ദിവസംഈ
ഫേസൂക്ക് തുറക്ക്കുമ്പോ.. പെട്ടെന്ന് എനിക്കു മൂപ്പരെയും മൂപ്പരുടെ ആ ഡയലോഗും ഓർമ്മ വരും..!!😎

Nb:
ന്റമ്മോ ഇത്തറേം ടൈപ്പാൻ ഒരു മണിക്കൂർ എടുത്തു.!! ഈ എഴുത്തു കാരയൊക്കെ. സമ്മയ്ക്കണം...!!!!!😇😇😇

5.സൗഹൃദ സമ്പാദ്യങ്ങൾ


പണ്ടുകാലങ്ങളിലെപ്പോലെയല്ല; സൗഹൃദങ്ങൾക്ക് പല മുഖങ്ങളാണിപ്പോൾ.. അതും ഈ ഫേയ്സ് ബുക്ക് കൊടുക്കൽവാങ്ങലുകളുടെ കാലത്ത് പ്രത്യേകിച്ചും. അപേക്ഷവച്ച് നിർമ്മിയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ..ചിലതിന് നിയമാവലികളുണ്ട് . പെരുവിരലുയർത്തിയൊരു സമവായം തീർക്കുന്നവ..
കമൻറ് ബോക്സിൽ മാത്രം ഒതുങ്ങുന്നവ.. ഇൻബോക്സിലേയ്ക്ക് പ്രവേശനം ഷിദ്ധമായവ..
അങ്ങനെ ഉപാധികളിൽ തട്ടി നട്ടംതിരിയുന്നു ചില കൂട്ടുകൾ.. 

ഇനിയുമുണ്ട് .. ഇൻബോക്സിൽ വന്നു മുഖം കാണിച്ചു പഴകി, പരസ്പരം മനസ്സുതുറന്ന് ,
പിന്നെ വാട്സാപ്പിൻെറ സാധ്യതകളിലേയ്ക്ക് ചേക്കേറുന്നവ.. ഫേസ്ബുക്കിലൂടെ കണ്ട് , പിന്നെ വേദിയൊരുക്കി മുഖാമുഖം കണ്ട് ജീവിതത്തിൻെറ ഭാഗമായി മാറുന്നവ..
(സൗഹൃദത്തിൻെറ കാര്യമാണ് ; പ്രണയത്തിൻെറയല്ല.) എൻെറ സംശയമാണ് ;
കുറച്ചു ലൈക്കുകളും പിന്നെ തേനൊഴുകുന്ന കമൻറൂകളും മാത്രം ലക്ഷ്യം വച്ചുള്ള ഇടപെടലുകളെ സൗഹൃദമെന്ന് വിളിയ്ക്കാമോ..? 

പണ്ട് , നാട്ടിൻപുറത്തെ കലുങ്കുകളിലും, ചെറിയ റിക്രിയേഷൻ ക്ലബ്ബുകളിലും, പിന്നെ ചില കല്യാണത്തലേന്നുകളിലുമൊക്കെ കാണാറുള്ള സൗഹൃദങ്ങളുണ്ട് .
അവിടെ പരിചയപ്പെടുത്തലുകളുണ്ടായിരുന്നില്ല; ഫ്രണ്ട് റിക്വസ്റ്റുകളും. താനേ ഭവിച്ചിരുന്നതായിരുന്നു അധികവും. പിന്നെ കലാലയസൗഹൃദങ്ങൾ..
അവയ്ക്കെല്ലാം പൊതുവായൊരു സാമ്യതയുണ്ടായിരുന്നു; കണ്ണിൽനോക്കിയാൽ
മനസ്സുകാണാനുള്ള കഴിവ് ..

പരസ്പരം പറയാതെതന്നെ, അടുക്കളയിൽ ശേഷിയ്ക്കുന്ന അരിയുടെ കണക്കുവരെ അറിയാവുന്നത്ര ആഴമുള്ള ബന്ധങ്ങൾ.. ധരിയ്ക്കുവാൻ വസ്ത്രമില്ലാതിരുന്നകാലത്ത് ,
ഒരു പെരുന്നാൾദിനത്തിൽ എനിയ്ക്കുള്ള പുതുവസ്ത്രങ്ങളുമായി ക്ലാസ്സിൽവന്ന കൂട്ടുകാരനെ നിറകണ്ണുകളോടെ മാത്രമേ ഇന്നുമോർക്കാൻ കഴിയുന്നുള്ളൂ.. ഇന്ന് സൗഹൃദവലയം വികസിച്ചിട്ടുണ്ടാവാം, ദേശാന്തരങ്ങൾക്കതീതമായി...
എങ്കിലും, എനിയ്ക്കുള്ളതെല്ലാം നിനക്കും എന്ന് കരുതുന്ന കൂട്ടുകാർ ഏററവും വലിയ സമ്പാദ്യമായി അഹങ്കരിയ്ക്കുന്നുണ്ട് ഞാൻ..

അതും, ആൺ-പെൺ വ്യത്യാസമില്ലാതെ. ഇതെൻെറ മാത്രം കാര്യമല്ല..
ജീവിതത്തിൽ സൗഹൃദങ്ങൾ വലിയ സമ്പാദ്യമായി കരുതുന്ന എല്ലാവരുടെയൂം കാര്യമാണ് . ഫേസ്ബുക്കിൻെറ ലോകത്ത് അത്തരം സൗഹൃദങ്ങൾ തീർത്തും ഇല്ലെന്നല്ല. എനിയ്ക്കുമുണ്ട് , വെറും വാചകങ്ങൾക്കപ്പുറമുള്ള ബന്ധങ്ങളിവിടെ..
തമ്മിലിതുവരെ കാണാത്തവരും, കണ്ടിടപഴകിയവരുമായി.. അതിൽ ഞാൻ സന്തോഷിയ്ക്കുന്നു.
എങ്കിലും, സൗഹൃദദിനമായി കുറിയ്ക്കപ്പെട്ട ഇന്ന് , അതിൻെറ വ്യാപ്തിയിലേയ്ക്കൊന്നിറങ്ങിയപ്പോൾ മനസ്സിൽ രൂപംകൊണ്ട ചില ചിന്തകൾ
കുറിച്ചു എന്നുമാത്രം. എന്നെ ഞാനായിക്കണ്ട് ഇഷ്ടപ്പെടുന്ന,
എൻെറ മനോവ്യാപാരങ്ങളറിയുന്ന , എൻെറ കുറവുകൾ മറന്നെന്നെ ഹൃദയത്തിലേററിയ എല്ലാ കൂട്ടുകാരോടും ഞാൻ കടപ്പെട്ടിരിയ്ക്കുന്നു..
കാരണം, കറയററ സൗഹൃദങ്ങൾ എന്നുമെനിയ്ക്ക്  മൂല്യാതീതമായ സമ്പാദ്യങ്ങൾതന്നെയാണ് ...


6. സ്നേഹം

അപ്പുറത്തെ വീട്ടിലെ(അഞ്ചാറ  വീട് അപ്പുറത് ) "മണിയേട്ടൻ" 'ശാരദേച്ചിയെ " കെട്ടിക്കൊണ്ടു വരുമ്പോ എനിക്ക് പ്രായം പതിനൊന്നോ പന്ത്രണ്ടോ കാണും.!!!!
അവർക്കൊരു പതിനഞ്ചോ പതിനാറോ .????അതിൽ കൂടില്ല...! പരിചയപ്പെട്ട നാൾമുതൽ അവരെന്നെ സ്നേഹത്തോടെ ;വളരെയധികo വാത്സല്യത്തോടെ."മുരളികുട്ടീ" ന്നു വിളിച്ചുപോന്നു...!!!!! തിരിച്ചു ഞാനവരെഅതേ ഇഷ്ടത്തോടെ "ഏടത്തിഅമ്മ്മ" ന്നും വിളിച്ചു പോന്നു (അന്നെനിക്ക് സ്വന്തം ഏടത്തി'അമ്മ ആയിട്ടില്ല) . അന്ന് ഞാൻ അവരുടെ അര വരെയേ ള്ളൂ

കാലംഎത്രപെട്ടെന്നാണ് ഓടി പോയത്.? ഇന്ന് ഞാൻ പോത്തു പോലെ വളർന്നു (ശരീരം മാത്രം 😀😀 )...!!!! ഇന്ന് അവർ എന്റെ 'അര' വരെയേ ഉള്ളൂ...!!അവർക്ക്‌ എന്റെ മുഖത്തേക്ക് നോക്കണെങ്കി അണ്ണാൻ ആനടെ മുഖത്തേക്ക് നോക്കുമ്പോൽ നോക്കണം😉😉😉 മാത്രമല്ല എന്ടെ കുട്ടിക്ക് ആയി പതിനൊന്നു വയസ്സ്.,..!!!!!

കാലം അവർക്കൊരു മാറ്റവുംവരുത്തീട്ടില്ല..പണ്ട് കണ്ട അതേ പോലെ തന്നെ ..അതേ ചിരി (നല്ല ഭംഗിയുള്ള ചിരിയാണ് അവരുടെത്..),അതേസംസാരം...!. ഇപ്പഴും ഈപ്രായത്തിലും അവരെന്നെ കാണുമ്പോ ആപഴയ സ്നേഹത്തോടെ അതേ വാത്സല്യത്തോടെ ' മുരളികൂട്ടീ'ന്നു വിളിക്കും.!!! ഞാൻ തിരിച്ചു ഏടതിയമ്മേ ന്നും.!!!
അവരുടെ മുന്നിലെത്തുമ്പോ ഞാനിപ്പോഴുംആ പഴയ "പന്ത്രണ്ടുകാരനാവും..."!!!!!!

കഴിഞ വർഷത്തെലീവിൽ ഞാനും മോനുംകൂടി ഒരുകല്യാണത്തിന് പോകുമ്പോ വഴിയിൽ വച്ചു ഇവരെ കണ്ടു. കണ്ടപാടെ അവരെന്നെവിളിച്ചു..അതെവിളി,അതെ ചിരി..!!! 
പോരുമ്പോ മോൻ: ആ അമ്മമ്മയെന്താ പപ്പയെ ഇപ്പഴും" കുട്ടീന്നു" വിളിക്കണേ?????😇😃
ഞാൻ പറഞ്ഞു മോനെ അതിൻറെ പേരാണ്
"സ്നേഹം"....!!!!!""

    7. സ്കൂളോർമ്മകൾ!

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ രണ്ടാമത്തെ ബെഞ്ചിൽ ( മുൻപിലിരിക്കാൻ അന്നും ഇന്നും എനിക്ക് പേടിയാണ് 😃 😃 എന്താന്ന...റീല്ല) ഞാൻ,പ്രവീൺ,സുധാകരൻ,സുനിൽ അങ്ങനെ കുറച്ചു പേർ.,!!
    പെൺകുട്ടികളുടെ ഭാഗത്ത് ഫസ്റ്റ് ബെഞ്ചിൽ .ഷീബ, റീജ , ഷീജ അങ്ങനെ കുറെ പേര് എല്ലാരുടെയൊന്നും പേരോർമ്മയില്ല ..!!
    8മുതൽ 10 വരെ 3 കൊല്ലവും ഫസ്റ്റ ബഞ്ചിൽ ഫസ്റ് ഇരുന്നത് ഷീബ തന്നെയായിരുന്നു ,!! ഷീബ വളരെ സൈലന്റ് ആയ കുട്ട്യാരുന്നു..!! സ്കൂളിൽ വരിക പഠിക്കുക പോകുക ,. ഒരു ലൈൻ....!! 3 കൊല്ലം ഒരെ ക്ലാസ്സിൽ പഠിച്ചിട്ടും അധികം സംസാരം ഒന്നും ണ്ടായിട്ടില്ല തമ്മിൽ .!! വളരെ മൃദുവായി ഒന്ന് ചിരിക്കും വല്ലപ്പോഴും മാത്രം !! എല്ലാരോടും അങ്ങനെ തന്നെ .!!
    ന്നാ അത്ര വല്യ " പഠിപ്പിസ്റ്റും" അല്ല.!!  അവൾക്ക് ആകെയുള്ള കൂട്ട് റീജയോടരുന്നു !! ( റീജ യുടെ ഇപ്പോഴത്തെ പേര് എന്താന്നറീല്ല ട്ടോ..!! കുറച്ചു കാലം മുന്നേ യാദൃശ്ചികമായി കണ്ടപ്പോ അവൾ "തട്ട" മൊക്കെ യിട്ട് ഉമ്മച്ചി കുട്ടിയായിരിക്കുന്നു..!!) എന്നെ മനസിലായിട്ടില്ല .!"

    നുമ്മയൊക്കെ പഠിക്ക്ണ കാലത് വെറും ", ശിശു", ആരുന്നല്ലോ.?? പെൺകുട്ടികൾക്ക് വല്യ മാറ്റൊന്നും വരൂല്ല !! മനസിലാവും നമ്മക്ക്.! പക്ഷെ തിരിച്ചങ്ങനെയല്ല..!! പലപ്പോഴും പലർക്കും വെച്ച് മുട്ടിയാൽ പോലും മനസ്സിലാവാറില്ല,!!  അത് പോട്ട്..!! പറഞ്ഞു വന്നത് .!!
    പണ്ട് 'സാഹിത്യ സമാജം' ന്നൊരു പരിപാടിയുണ്ടാരുന്നു സ്കൂളുകളിൽ !! കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുക എന്നതാണ് ഉദ്ദേശം!! ,മാസത്തിൽ ഒരു തവണ യുണ്ടാവും ഓരോ ക്ലാസിലും,!! ;
    കെമിസ്ട്രി പഠിപ്പിച്ചിരുന്ന ' കുസുമ' ടീച്ചറാരുന്നു 8ലേ ക്ലാസ് ടീചർ!!
    അവരുടെ മുൻപിൽ അല്പം 'മുട്ടു വിറയോടെ, വലത്തു വശത്ത് നിന്ന് (അവിടെയാണ് പെണ്കുട്ടികൾ ഇരിക്കണത് ) ആരുടേം മുഖ ത്തു നോക്കാതെ ( നോക്ക്യ വിറ കൂടും ) ലളിത ഗാനം ' എന്ന പേരിൽ
    " കുടജാദ്രിയിൽ കുടികൊള്ളും.....!!
    " സ്വപ്നങ്ങളോക്കെയും പങ്കു വക്കാം...!!
    തുടങ്ങിയ കു റേ പാട്ടുകളൊക്കെ പാടിയിരുന്നു ഞാൻ 😃 😃
    പിന്നെ വിറയോടെ തന്നെ യുവജനോൽസവത്തിനു സ്റ്റേജിൽ കയറി മോണോ ആക്ട്, പാട്ട്, നാടകം അങ്ങനെ കുറെ ഐറ്റംസ് നും പങ്കെടുത്തിട്ടുണ്ട്,!!
    മേൽ പറഞ്ഞ നമ്മടെ "നായിക" കാലത്തൊന്നും ഒര് പരിപാടിക്കും ചേരുന്നത് കണ്ടിട്ടില്ല..!!
    കാലങ്ങൾ കുറെ കഴിഞ് ........!! ,
    കയ്യിൽ കിട്ടുന്നതെന്തും വായിക്കുക ന്നൊരു കാലഘട്ടത്തിലൂടെ പോയി കൊണ്ടിരിക്കെ !! അപ്പുറത്തെ വീട്ടിലെ നൂർജ താതന്റോടന്നു "വനിത" വായിച്ചോണ്ടിരിക്കുമ്പോ കാണുന്നു ഒരു ചെറു കഥ ..!!, കഥാ കാരിയുടെ പേര് " ഷീബ. .കെ !!  ആകെ തരിച്ചു പോയി .!" ദൈവമേ ഇത് നമ്മടെ ഷീബയല്ലേ ന്നു ആശ്ചര്യം.!!
    ഒപ്പം പഠിച്ച മൂന്നു വർഷത്തിൽ ഒരിക്കൽ പ്പോലും ഒരു പരിപാടിക്കും പങ്കെടുക്കാത്ത ,എഴുതാത്ത കുട്ടി !!  ഒരു പാട് അഭിമാനം തോന്നിയ നിമിഷം കൂടിയാരുന്നു അത്..!! 3വര്ഷം ഒപ്പം ഒരേ ക്ലാസിൽ ഇരിക്കാൻ പറ്റിയല്ലോ ന്ന സന്തോഷവും !!
    പിന്നീടും കുറെ കഥകൾ വായിച്ചു,!! എല്ലാം ഒന്നിനൊന്നു മെച്ചം, മനോഹരം,!! ,
    കാണുന്ന രണ്ടു പുസ്തകമേ സ്വന്തമാക്കാൻ പറ്റീട്ടുള്ളു..!! (പ്രവാസിയുടെ പരിമിതികൾ) എല്ലാം വാങ്ങണം, വായിക്കണം !! നല്ല എഴുത്തു കാരിയാണ്,!"
    വായിക്കാത്തവർ വായിക്കണം ട്ടോ,!!
    സ്കൂൾ കാലഘട്ടത്തിനു ശേഷം നേരിൽ കണ്ടിട്ടില്ല. എന്ന് പറയാൻ പറ്റില്ല . ആൾക്കൂട്ടത്തിലും മറ്റും വച്ചു കാണാറുണ്ട് , സംസാരിച്ചിട്ടില്ല..!!
    കാണുമ്പൊൾ ആരാധനയോടെ,അഭിമാനത്തോടെ, സന്തോഷത്തോടെ നോക്കാറുണ്ട്...!!
    നമ്മളെ മനസിലാവില്ല.., പിന്നെ നമ്മൾ പോയി പറഞ്ഞ പരിചയപ്പെടണം ! അതിന്റെ ഒരു മടി..!!
    * * * * * * * * * *
    പ്രിയ ഷീബാ .. അബദ്ധത്തിലെങ്ങാൻ താനിത് വായിക്കാനിടയായാൽ എന്നോട് പൊറുക്കുക .. !! എന്റെ 'പൊട്ടത്തരതി'നു !! 😁 😁
    കേരളം അറിയപ്പെടുന്ന , കുറെ അവാർഡുകൾ ഒക്കെ നേടിയ പ്രശസ്തയായ ഒരെഴുത്തുകാരി സഹപാഠി ആണെന്നുള്ള ഒരു സ്വകാര്യ' അഹങ്കാരം' (അങ്ങനെ തന്നേ പറയാൻ ആഗ്രഹിക്കുന്നു) ആണ് എന്നെക്കൊണ്ടിങ്ങനെ ചെയ്യിച്ചത്.!! പൊറുക്കുക..!! .
    നാലു പേർ അറിയട്ടെന്നേ..!! 



    ഈ  ഫേസ് ബുക്ക് കുറിപ്പിന്  ഷീബയുടെ  മറുപടി :
      പ്രിയ Murali Pmna
      തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു കുറിപ്പ്.ഏറെ സന്തോഷമുണ്ട് ...പത്താം ക്ലാസ്സില്‍ ഒരു പക്ഷേ ഞാന്‍ ഏററവും കൂടുതല്‍ സംസാരിച്ചിരിക്കുക മുരളി-മുജീബ്-ഹനീഫ-പ്രദീപ് മാരോട് ആവണം.നിങ്ങളുടെ ആ ഗാങിന്റെ ഭാഗം തന്നെയായിരുന്നില്ലേ ഞാന്‍..മോഡല്‍ പരീക്ഷ തുടങ്ങും മുമ്പ് എല്ലാ കുട്ടികളും ഗംഭീരമായ വായനയില്‍ മുഴുകിയിരിക്കുമ്പോള്‍ ടെന്‍ഷന്‍ ഫ്രീ ആയി പരീക്ഷയ്ക്കുള്ള ബെല്‍ അടിക്കും വരെ നമ്മള്‍ എത്രയോ സംസാരിച്ചിരുന്നു.ക്ലാസ് മുറിയിലെ ബെഞ്ചില്‍ ഞാനും പൊളിഞ്ഞ ജനാലക്കപ്പുറം നിങ്ങള്...‍ നാലുപേരും.വടക്കന്‍ വീരഗാഥയിലെ ചന്തുവും തേസാബിലെ"സോ ഗയാ യേ ജഹാം" എന്ന പാട്ടുമൊക്കെ സംസാരവിഷയമായത് ഇന്നലെയെന്നപോലെ ഓര്‍മ്മയുണ്ട്.മുജീബും ഹനീഫയും പ്രദീപും പീന്നെയും പലതവണ എന്റെ മുന്നില്‍ വന്നിട്ടുണ്ട്.പക്ഷേ മുരളിയെ മാത്രം പിന്നെ കാണാനായിട്ടില്ല.ഇന്നും വടക്കന്‍ വീരഗാഥ കാണുമ്പോള്‍,സോ ഗയാ യേ ജഹാം കേള്‍ക്കുമ്പോള്‍ ഞാന്‍ ഗൃഹാതുതരതയോടെ തിരിച്ചോടുന്നത് എന്റെ കൗമാരത്തിലേക്കു മാത്രമല്ല,നിഷ്‌ക്കളങ്കമായ ആ സൗഹൃദങ്ങളിലേക്കു കൂടിയാണ്്... ❤️❤️❤️
      ==========================================================

      (മുരളിയുടെ ഫേസ്ബുക് കുറിപ്പുകളിൽ  നിന്നും  തയ്യാറാക്കിയത് )


      മുരളി , കുന്നപ്പള്ളി  മാമ്പറപ്പടിക്കടുത്തു  കോപ്പൻറെ  മകൻ , ദുബായിൽ ഗ്രൂപ്പിൽ  ജോലി ചെയ്യുന്നു .