2019, മേയ് 18, ശനിയാഴ്‌ച

12 .അൻവറെഴുതുന്നു ....

1. പിന്‍ ബഞ്ചിന് പറയാനുള്ളത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പഴയ കാലത്തെ സ്കൂളിലെ പിന്‍ ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ,
വില്ലന്‍മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള്‍ പിന്‍ബഞ്ചിന് സ്വന്തമായിരുന്നു....!
എത്ര തല്ലിയാലും ഒരിക്കലും നന്നാവാന്‍ ഇടയില്ലെന്ന് മാഷ്‌ പിന്‍ ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ ബഞ്ചിലിരുന്ന് പഠിക്കുന്നവന്‍ ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന്‍ മുന്‍ ബഞ്ചുകാര്‍ക്ക് പിന്‍ ബഞ്ചുകാരോട് ഭയമായിരുന്നു.

രാവിലെ സ്ക്കൂളില്‍ വരിനിന്ന് പ്രതിജ്ഞയില്‍ സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ്‌ റൂമില്‍ അപരിചിതരായിരുന്നു പലര്‍ക്കും പിന്‍ ബഞ്ചുകാര്‍. പതിവായി ചോക്കേറ് കൊള്ളാന്‍ തല വിധിച്ചവര്‍,എണീപ്പിച്ച് നിര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കിയവര്‍,ചൂരലിന്‍റെ ശേഷിയളക്കാന്‍ കൈനീട്ടിപ്പിടിച്ചവര്‍ ഇതായിരുന്നു പിന്‍ ബഞ്ച്....! പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാല തട്ടാനും, കഞ്ഞിയും, പയറും വിളമ്പാനും,സ്റ്റാമ്പ് വില്‍ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല്‍ മതി അവരത് ഭംഗിയായി ചെയ്യും. അവര്‍ക്കത്‌ ചാര്‍ത്തികൊടുക്കുമ്പോള്‍ അവരും മാഷും സംതൃപ്തരായിരുന്നു....!

എനിക്കറിയാം പിന്‍ ബഞ്ചിലെ എല്ലാവരും മണ്ടന്‍മ്മാരായിരുന്നില്ല സത്യത്തില്‍ വില്ലന്മാരും...പഠിക്കാന്‍ ശേഷിയുണ്ടായിട്ടും വീട്ടില്‍ കഴിക്കാന്‍ ശേഷിയില്ലാത്തവരെങ്ങനെ മുന്‍ ബഞ്ചില്‍ നട്ടെല്ല് വളയാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കും...വയറൊട്ടിയ മുതുകിന്‍റെ താഴ്ച കാണാതിരിക്കാന്‍ പിന്‍ ബഞ്ചിനെ മറയാക്കിയവര്‍. പട്ടിണിയേക്കാള്‍ വലുതല്ല പഠിപ്പെന്ന സത്യം ആരെക്കാളും മുന്നേ അറിഞ്ഞവര്‍...
നാലണക്ക് മുകളില്‍ കണ്ടിട്ടില്ലാത്തവന് ഗണിതത്തിലെ ലാഭനഷ്ട്ടം കൂട്ടാന്‍ മനസ്സുണ്ടാവില്ല..നിവര്‍ന്നുനില്ക്കാന്‍ ശേഷിയില്ലാത്തവന്‍ ഊര്‍ജ്ജതന്ത്ര ക്ലാസ്സില്‍ ഏതൂര്‍ജ്ജത്തിന്‍റെ പേരില്‍ നിവര്‍ന്നിരിക്കും...പട്ടിണിയെ ഉറങ്ങി തോല്പ്പിക്കുമ്പോള്‍ ചോക്കെറിഞ്ഞു ഉറക്കം നഷ്ട്ടപ്പെടുത്തുന്ന മാഷോട് വിശപ്പിനെ ഉറങ്ങി തോല്പ്പിക്കുകയാണെന്ന് അവരെങ്ങനെ പറയും.....! പിന്‍ ബഞ്ചില്‍ ഇങ്ങനെയൊരു തലമുറ ഉണ്ടായിരുന്നെന്ന് ഒരുപക്ഷെ ഇന്നാരും വിശ്വസിക്കില്ല..പക്ഷെ അറിഞ്ഞവര്‍ക്ക് മനസ്സിലാകും..ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞുതള്ളിയ പലരും ജീവിതത്തില്‍ ഇന്ന് വളരെ മുന്നിലാണ്. അവരെ നന്നാവില്ലെന്ന് പറഞ്ഞു ശപിച്ച മാഷ്‌ ശപികുകയായിരുന്നില്ല കാരണം അദ്ദേഹത്തിന് അവരെ അറിയാമായിരുന്നു.
ചില ശാപങ്ങള്‍ നന്മപുരട്ടി എറിയുന്നതാണ് കൊണ്ടാല്‍ പൊള്ളില്ല...രസകരമായ ഒരുസത്യം പില്‍ക്കാലത്ത്‌ മുന്‍ ബഞ്ചുകാര്‍ പലരും ഫയലുകളുമായി അലയുകയാണ്.....!

ഞാൻ ഏറെക്കുറെ ക്ലാസ്സുകളിൽ ഇതേ പിൻബഞ്ചിൽ തന്നെയായിരുന്നു.
എന്റെ ബഞ്ച്മേറ്റുകൾ ഏഴാം ക്ലാസ്സ് വരെ എന്റെ നാട്ടുകാരും അയൽവാസികളും ഒക്കെത്തന്നെ ആയിരുന്നു. പക്ഷെ 8-ാം ക്ലാസ്സിൽ നിന്നും പുതിയ ഒരു കൂട്ട് െകട്ട് 10 വരെ തുടർന്നു. 8 ൽ അവസാനിച്ച പിൻബഞ്ച് പിന്നീട് പരമ്പരാഗതമായി കൈവശം വച്ചിരുന്ന ഒരഞ്ചംഗ സംഘം - റഷീദ്, സക്കീർ ,കൃഷണൻ, ''.'....... തുടങ്ങിയവർ വിട്ടു തന്നില്ല. 10 ലെത്തിയപ്പോ മുജീബ് മാര്യം ചക്കരയും  ൻബഞ്ചിന്അവകാശവാദവുമായി എത്തിയ പ്പൊ തൊട്ടു മുന്നിലുള്ള ബഞ്ചിൽക്ക് ഞങ്ങൾക്ക് ഒഴിവാവേണ്ടി വന്നത് പിൻബഞ്ചിന്റെ ഒരു നഷ്ടബോധമായി ഇന്ന് മനസിൽ നീറുന്നു.


പക്ഷെ 8 ൽതുടങ്ങിയ ഷക്കീർ ,ഷെയ്ഖ്, ബഷീർ, ഉല്ലാസ്, കൊളക്കാടൻ എന്ന ഞങ്ങളുടെ സ്വന്തം ബഞ്ച് 10 വരെ ഒന്നിൽ നിന്ന് തന്നെ തുടർന്നു. ഇവരിൽ പലരും വരയും ഫയലും സൈറ്റും പണവും കാൽക്കുലേറ്ററും ലാപ്ടോപ്പുമായി നാട് ചുറ്റുന്നവരായി.മറ്റ് പലർ അവർക്കും മുകളിൽ ഉലകം ചുറ്റും വാലിബ്ൻമാരായി.
ഇന്നും ഞങ്ങൾ എന്നും ആ പഴയ 10-ാം ക്ലാസ്സ്കാരായി തമ്മിൽ വഴക്കടിച്ചം ചീത്ത വിളിച്ചും രാഷ്ട്രീയം പറഞ്ഞും ഒക്കെ കാണുന്നു.അത് വാട്ട്സ് അപ്പിലാണെന്ന് മാത്രം
ഇന്നും:ഓർമ്മകൾ വീണ്ടും മനതാരിൽ നിറയുന്നു.

2. അബോർപ്പാപ്പ 

.അൻബറേ......
വായിലെന്തോ തടയുന്ന സ്വരത്തിൽ വ്യക്തമല്ലാത്തൊരു വൃദ്ധ ശബ്ദം.. ഒരു വേള ഞാൻ സംശയിച്ചു ഇത്‌.... അതെ .. അബോർപ്പാപ്പ എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളെ നാട്ടിലെ ഒരു വിശ്വ വിജ്ഞാനകോശം .. അബൂബക്കർ ഹാജി തന്നെ..

ഞാൻ  തിരിഞ്ഞു നോക്കി .. ഒരു നീണ്ട മുഴുത്ത വടിയുടെ ഏകദേശം നടുവിൽ പിടിച്ച്‌  തന്റെ  ചുളിഞ്ഞ നരച്ച ഇളം പച്ച നിറം തോന്നിക്കുന്ന ജുബ്ബക്കിശയിൽ നിന്ന് എന്തോ പരതുന്നthiനിടയിൽ  വായിലെ മുറുക്കാൻ കുറച്ചുമാറി റോഡരികിലേക്ക്‌ നീട്ടിത്തുപ്പി പാല്ലില്ലാത്ത മോണകാട്ടി ചുവന്ന നാവ്‌ വെളിയിലിട്ട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു...
" നിങ്ങടെ ബാങ്കിൽ മത്തനെടുക്കോ..?" ഞാൻ പിന്തിരിഞ്ഞു നോക്കി എന്നോടാണൊ എന്നുറപ്പിക്കാൻ.അതിനിടയിൽ വന്നു  അടുത്ത ചോദ്യം.. "ങടെ സെക്കട്രീനോട്‌  ജ്ജ്‌  അബടെ മത്തൻ എടുക്കോന്ന് ചൊയ്ച്ച്ട്ട്‌ ഇന്നോടൊന്നു പറേണ്ടീ.."

ഞാനാ ചോദ്യം കേട്ട്‌ വല്ലാതെ വിഷമത്തിലായി . പാവം അബോർപ്പാപ്പാക്ക്‌ എന്നെ അറിയാഞ്ഞിട്ടൊ  അതൊ ഞാൻ ബാങ്കിലാണൊ എന്നറിയാഞ്ഞിട്ടോ..
ഞാൻ അൽപ്പം ഉച്ചത്തിൽ "ഞാനിപ്പൊ ബാങ്കിലാ ജോലി ചെയ്യണെ". എന്നു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ്‌ തന്നെ അബോർപ്പാപ്പ വീണ്ടും.. "അവിടെ ഇപ്പൊ എത്‌ രാസവളാ ഉള്ളെ..?" . എന്നു ചോദിച്ച്‌ തന്റെ കവിളൊട്ടിയ വായ പരത്തിച്ചിരിച്ചു കൊണ്ട്‌ തന്റെ വടിയും ഊന്നി മെല്ലെ മെല്ലെ നടന്നു തുടങ്ങി..

ഞാൻ ആകെ വിഷണ്ണനായി ഒരേ നിൽപ്പ്‌ എന്തൊക്കെയോ ആലോചിച്ച്‌ അങ്ങനെ തന്നെ നിന്നു..അബോർപ്പപ്പ ആയതോണ്ട്‌ എനിക്കറിയാം എന്തേങ്കിലും ഒരു കെണിയൊപ്പിച്ചായിരിക്കും ആ ചോദ്യമെന്നു..

കണ്ണിൽ നിന്നു മാറുന്നതിനു മുൻപേ തിരിഞ്ഞു നിന്ന് വടിയുള്ള കൈ നീട്ടിപ്പിടിച്ച്‌ അബോർപ്പാപ്പ എന്നെ വീണ്ടും വിളിച്ചു.. "അൻബറേ..അൻബറേ......"
ഞാൻ തിരിഞ്ഞു നിന്നു നോക്കുമ്പൊ  വടി കുത്തിപിടിച്ച്‌ മറുകൈ കൊണ്ട്‌ എന്നെ മാടി വിളിക്കുകയാണു മൂപ്പർ..ഞാൻ പതിയെ ഇനി അടുത്ത കുരുക്കെന്താണാവൊ  എന്നാത്മഗതം ചെയ്ത്‌ മെല്ലെ അടുത്തു ചെന്നു.ഒരു കൈ എന്റെ തോളിലിട്ട്‌ മറ്റേ കൈയിലെ വടി കോണ്ട്‌ റോഡിലെ പൂഴിയിൽ ഒരു വട്ടം വരച്ച്‌ അബൊർപ്പാപ്പ വെറ്റില തിന്ന് ചുവന്ന തന്റെ നാവുകൾ പല്ലില്ലാത്ത വായിലിട്ട്‌ ചലിപ്പിച്ച്‌ ഒലിച്ച്‌ വരുന്ന് തുപ്പൽ പുറം കൈ കോണ്ട്‌ തുടച്ച്‌ എന്നോടു ചോദിച്ചു.

"നിങ്ങടെ ബാങ്കിലെ ....നംബർ എ ക്ലാസ്‌ മെംബറാ ഞാൻ
ആദ്യം പച്ചക്കറീം ബിത്തും ബളോം ഒക്കായിരുന്നു ബാങ്കിന്റെ  കച്ചോടം.
ഇപ്പളല്ലേ ഇങ്ങളു ഏസീം കുന്ത്രാണ്ടോം ഒക്ജെ ബച്ച്‌ ബല്ല്യ ആൽക്കാരായെ..?
ഇതു അന്നോടു പറയാൻ മാണ്ട്യാ ഞാൻ ഇതൊക്കെ പറഞ്ഞെ   അനക്കെന്നോട്‌ ഈറണ്ടോടാ..?"


മുഴുമിപ്പിക്കുന്നതിനു മുൻപേ അവർ  നടപ്പു തുടങ്ങിയിരുന്നു...ഞാൻ ആ വലിയ മനുഷ്യന്റെ കാര്യമോർ ത്തങ്ങനെ ആ നിൽപ്പ്‌ എത്രനേരം തുടർന്നെന്നറിയില്ല.



-------------------------------------------------------------------------------------------------------------------------------



അൻവർ  കളത്തിൽ 

മുൻസിപ്പൽ  കൗൺസിലർ. പെരിന്തൽമണ്ണ സർവീസ്  ബാങ്കിൽ  ജോലി ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ