" ഈ മരിച്ചോരൊക്കെ എവിടേക്കാണ് പോകുന്നത് എന്നറിയാമോ?... സാബിക്ക്.."
ഈ ചോദ്യം ആദ്യമായിട്ട് എന്നോട് ചോദിച്ചത് ഒരു ബൽക്കീസ് ബാനു ആയിരുന്നു....
പണ്ട്... പണ്ട്.. അതായത് കുറേ വർഷങ്ങൾക്ക് മുമ്പ്. ഞാൻ മദ്രസയിൽ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. അന്നൊരു ശനിയാഴ്ച്ച ആയിരുന്നു. പഠനത്തിനും പ്രാർത്ഥനക്കും ശേഷം ചീരിണി വിതരണം ചെയ്യുന്ന ദിവസം...
മദ്രസയിൽ ചീരിണി വരുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഏതെങ്കിലും ഒരു കുട്ടി മദ്രസയിൽ പുതിയതായി ചേരുമ്പോൾ. അല്ലെങ്കിൽ മരിച്ച ആരുടേയെങ്കിലും പേരിൽ പ്രത്യേകമായി പ്രാർത്ഥിക്കാൻ വേണ്ടി ബന്ധുക്കൾ നൽകുന്നത്. പലപ്പോഴും വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളോ, അലുവയോ അല്ലെങ്കിൽ മധുരപലഹാരങ്ങളോ ആയിരിക്കും ചീരിണി ആയി എത്തുന്നത്....
പതിവ് പോലെ എനിക്ക് കിട്ടിയ അലുവയും മിഠായികളും ഒറ്റത്തൊള്ളക്ക് തന്നെ അകത്താക്കിയിട്ട് കൂടേയുള്ളവരുടേ കയ്യിൽ നിന്നും തട്ടിപറിക്കാൻ നോക്കുമ്പോൾ എല്ലാ അവന്മാരുടേയും മുഖത്ത് ആക്കിയ ഒരു ചിരി. ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത് എന്നൊരു ധ്വനി എല്ലാവരുടേയും മുഖത്ത്..
ബാക്കി വന്ന വർണ്ണകടലാസുകളും നോക്കി നാവിൽമധുരമായി അലിഞ്ഞ് തീർന്ന അലുവയേയും ഓർത്ത് ...
" നഷ്ട സ്വപ്നങ്ങളേ നിങ്ങളെനിക്കൊരു.."
പിറകിലൊരു വളകിലുക്കം.പിൻ തിരിഞ്ഞ് നോക്കിയപ്പോൾ ബൽക്കീസ് ബാനു. അവളുടെ വെളുത്ത് കൊലുന്നനേയുള്ള കയ്യി ഒരു അലുവാ കഷ്ണം. പതിയേ എനിക്ക് നേരെ നീണ്ട് വന്നു...
" ബാനുവിന് അലുവ ഇഷ്ടം അല്ലേ..."
" ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷെ സാബി കഴിച്ചോ..."
" വേണ്ട എന്ന് പറയടാ തെണ്ടീ " എന്ന് എന്റെ അന്തരംഗം മന്ത്രിക്കുന്നുണ്ടായിരുന്നു. പക്ഷെ കൊതിയുടെ അസുഖം ഉള്ളത് കൊണ്ട് ഒറ്റയടിക്ക് അത് വേണ്ട എന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അവളുടെ തീരുമാനം മാറും മുമ്പേ ഞാനത് വാങ്ങി നുണഞ്ഞ് കൊണ്ട് അവൾക്കൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.
ഞാനാദ്യമായിട്ടല്ല അവളേ കാണുന്നത്. സത്യത്തിൽ അവളെന്റെ അയൽവാസിയായിരുന്നു. പക്ഷെ അവളെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു. അവളൊരു വായാടിയും കുശുമ്പിയും ആണെന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മാത്രവുമല്ല ഞങ്ങളൊക്കെ ഏറ്റവും പിറകിലത്തേ ബെഞ്ചിൽ ഇരിക്കുമ്പോൾ അവൾ മാത്രം വലിയ പഠിപ്പിസ്റ്റായി മുന്നിലേ ബഞ്ചിൽ ഞെളിഞ്ഞിരിക്കുന്നു...
പക്ഷെ ഈ ഒരൊറ്റസംഭവം കൊണ്ട് ഞാനവളേ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. അവളുടെ ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികൾക്കും സുറുമ എഴുതിയ ആ വലിയ കണ്ണുകൾക്കും ഇപ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട്. ഒരു ദിവസം രഹസ്യമായി ഞാനെന്റെ ഇഷ്ടം അവളേ അറിയിച്ചു...
" അയ്യേ... നമ്മൾ ഇഷ്ടപ്പെടാനൊന്നും പാടില്ല. ഇഷ്ടപ്പെടുന്നതൊക്കെ ചീത്ത കുട്ടികളുടെ സ്വഭാവാണ്.. പിന്നെ സാബിക്കറിയാമോ..?"
അവളെന്തോ അന്താരാഷ്ട്ര രഹസ്യം കൈമാറുന്നത് പോലെ എന്നോട് ആ രഹസ്യം കൈമാറി.
" ഇഷ്ടപ്പെടുമ്പോഴാണീ കുട്ടികൾ ഉണ്ടാവുന്നത്..."
" അയ്യേ... നിന്നോടാരാണീ ആന മണ്ടത്തരം പറഞ്ഞേ.... ഇഷ്ടപ്പെടുമ്പോഴല്ല.. ആളുകൾ കല്ല്യാണം കഴിക്കുമ്പോൾ ആണ് കുട്ടികൾ ഉണ്ടാവുന്നത്..."
" തന്നേ... സത്യമായിട്ടും..."
അവൾക്ക് തീരേ വിശ്വസമായില്ല എന്ന് തോന്നുന്നു...
" നിനക്ക് ബുദ്ധിയുണ്ടെങ്കിൽ നീ ഒന്ന് ആലോചിച്ച് നോക്കിക്കേ. നമ്മുടെ ജുബൈരിയ ഇത്താക്ക് എങ്ങനെയാണ് കുട്ടിയുണ്ടായത്. സലാമിക്കാക്ക് എങ്ങനേയാണ് കുട്ടിയുണ്ടായത്. അതൊക്കെ പോട്ടെ നിന്റെ എളാപ്പക്ക് എങ്ങനെയാണ് കുട്ടിയുണ്ടായത്. അവരൊക്കെ കല്ല്യാണം കഴിച്ചിട്ടല്ലേ കുട്ടിയുണ്ടായത്..."...
ആ... അവളെന്തോ ആലോചിക്കുകയാണെന്ന് തോന്നുന്നു....
" എന്നാലും നമുക്ക് ഇഷ്ടം വേണ്ട..."
" ആ വേണ്ടെങ്കിൽ വേണ്ട..."
പിന്നീടും കുറേ കാലങ്ങൾ കഴിഞ്ഞാണ് കല്ല്യാണം കഴിച്ചത് കൊണ്ടല്ല കെട്ടിപ്പിടിക്കുന്നത് കൊണ്ടാണ് കുട്ടികൾ ഉണ്ടാവുന്നത് എന്ന് എനിക്ക് മനസ്സിലായത്...
ഞങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ പിന്നീടും ശക്തിയായി നിലനിന്നു. അവൾക്ക് കിട്ടുന്ന മിഠായികളും അലുവകളും പതിവ് പോലെ അവൾ എനിക്ക് തന്നു.വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ഞാനതൊന്നും നിരസിച്ചില്ല. പകരമായിട്ട് ഉമ്മുതാത്തയുടെ തൊടിയിലുള്ള മാങ്ങകൾ, സുബൈർക്കാന്റെ തൊടിയിലുള്ള ചാമ്പക്ക, പിന്നെ ഒരു വട്ടം മാത്രം പട്ടാളക്കാരന്റെ തൊടിയിൽ നിന്നും കട്ടെടുത്ത മധുരനാരങ്ങയും കൊടുത്തിട്ടുണ്ട്..
" സാബീ മാങ്ങ പൊട്ടിക്കാൻ പോവ്വല്ലേ....."
അവളുടെ കൂടെ മാങ്ങ പെറുക്കാൻ പോകാൻ എനിക്ക് വല്ല്യ ഇഷ്ടമാണ്. ഞാൻ മാവിൽ കയറി മാങ്ങ പൊട്ടിച്ചിട്ടാൽ മതി. താഴേ വീഴുന്നതെല്ലാം അവൾ പെറുക്കിക്കൂട്ടിക്കോളും.
" ശരി പോകാം..."
എനിക്ക് നൂറ് വട്ടം സമ്മതം. പുസ്തകങ്ങൾ എല്ലാം തുണിയുടെ മടക്കുത്തിൽ തിരുകിഞാൻ തയ്യാറായി. നേരേ ഉമ്മുതാത്തയുടെ വളപ്പിൽ ഉള്ള മാവിൽ വലിഞ്ഞ് കയറി ഒരു കൊമ്പിൽ കാല് കൊണ്ട് ചവിട്ടി ഒറ്റ കുലുക്കൽ.. പച്ചയും പഴുത്തതും ചെനച്ചതുമായ മാങ്ങകൾ ചറപറേന്ന് തഴേക്ക്. അഞ്ച് മിനിറ്റ് കൊണ്ട് ബാനു പെറുക്കികൂട്ടി തട്ടത്തിൽ കെട്ടി.
" അപ്പ ശരി ഞാൻ മഹാഭാരതം കാണാൻ പോകുന്നു..."
" എട പൊട്ടാ അതൊക്കെ ഹിന്ദുക്കളുടെ പരിപാടി ആണ്. അതൊന്നും കാണണ്ട... കുറ്റം കിട്ടും..."
" എന്നിട്ട് എന്റെ കാക്കൂം അപ്പുറത്തേ ഫിറൂം ഒക്കെ കാണുന്നുണ്ടല്ലോ...."
" അവർക്കൊന്നും അത്ര വിവരമില്ലാഞ്ഞിട്ടാണ്. നീ വാ നമ്മക്ക് മീൻ പിടിക്കാം..."
അതും ശരിയാവാം. എന്റെ അപിപ്രായത്തിൽ അവർക്കൊന്നും ബൽക്കീസിന്റെ ബാനുവിന്റെ അത്ര വിവരം ഉണ്ടാകാൻ ഒരു വഴിയും ഇല്ല. എത്ര കാലമായി അവർ നാലാം ക്ലാസിൽ കൈൽ കുത്തുന്നു. വിവരമുണ്ടെങ്കിൽ എന്നേ ജയിച്ച് പോകേണ്ടത് ആണ്.അരമണിക്കൂർ മീൻ പിടിച്ചിട്ടും പേരിന് ഒരു മീൻ പോലും കിട്ടിയില്ല.
" ടാ...നമുക്ക് മൊട്ടക്കുന്നിന് മുകളിൽ കയറിയാലോ... "
എന്തിന് എന്ന ചോദ്യത്തിന് അവളുടെ മുന്നിൽ വല്യ പ്രശസ്ഥിയില്ല.
" സാബീ... നീ ഇന്നാള് ആ മധുര നാരങ്ങ കൊണ്ട് വന്ന് തന്നില്ലേ... അതെവിടുന്നാ...."
" അതാ പട്ടാളക്കാരന്റെ തൊടിയിൽ നിന്ന്..."
" എന്നാ നമുക്ക് അവിടെ കയറി കുറച്ച് മധുരനാരങ്ങ പറിച്ചാലോ.."
" അയ്യോ... വേണ്ട..."
" അങ്ങേരുടെ കൈയ്യിൽ തോക്കുണ്ട്... കണ്ടാ അങ്ങേര് വെടി വെച്ച് കൊന്ന് കളയും..."
" ശരിക്കും...."
" ശരിക്കും..."
" ഈ മരിച്ചവരൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന് സാബിക്കറിയാമോ..."?
അവളുടെ ഉപ്പ മരിച്ച് പോയിരുന്നു. അതാണ് അങ്ങനെ ഒരു ചോദ്യം.
" ഈ ജീവിച്ചിരിക്കുന്നവർ ഒക്കെ എങ്ങോട്ടാണ് പോകുന്നത് എന്ന് ബാനുവിന് അറിയാമോ.."
" അറിയാം.... മുന്നോട്ട്..."
" എന്നാ പിന്നെ ഈ മരിച്ച് പോയവരും അങ്ങോട്ട് തന്നെ ആയിരിക്കില്ലേ പോകുന്നത്..."
" എട പൊട്ടാ നിനക്ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ഇതിപ്പോ നിനക്ക് ഒരു പേരിന് പോലും ഇല്ലാത്ത സ്ഥിതിക്ക്..."
" മരിച്ചവരെല്ലാവരും സ്വർഗ്ഗത്തിലേക്കാണ് പോകുന്നത്. ഞാനും മരിച്ചാൽ ഞാനും സ്വർഗ്ഗത്തിൽ പോകും. അപ്പോൾ എനിക്കെന്റെ ഉപ്പയേ കാണാം..."
അവളുടെ ശബ്ദം ഇടറിയോ എന്നൊരു സംശയം മാത്രം ബാക്കിയായി എനിക്ക്....
" നീ ഒരു കാര്യം ചെയ്യ്... ആരെങ്കിലും വരുന്നുണ്ടെങ്കിൽ എനിക്ക് സിഗ്നൽ തരണം. ഞാൻ മെല്ലെ ചുളുവിൽ പോയിട്ട് ഒന്ന് രണ്ടെണ്ണം പറിച്ചോണ്ട് വരാം..."
"ഡാ ആരടാ തൊടീല്" എന്നൊരു അലർച്ച കേട്ടത് പോലെ തോന്നി. ഡും എന്നൊരു ഒറ്റ ഓട്ടമായിരുന്നു. മൊട്ടക്കുന്ന് ഒക്കെ ഒറ്റ സെക്കന്റ് കൊണ്ട് ഓടിയിറങ്ങി. സിഗ്നൽ കൊടുത്തോ ഇല്ലയോ എന്ന കാര്യത്തില് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് എനിക്ക് കഴിഞ്ഞിട്ടില്ല. നേരെ ഉമ്മുതത്തയുടെ വീട്ടിൽ എത്തി മുറ്റത്തെ പൈപ്പിൽ നിന്ന് മൂത്രം പോയ ട്രൗസറും കഴുകി മഹാഭാരതം ഒറ്റ ഇരിപ്പിന് കണ്ടുതീർത്തു...
അന്ന് രാത്രി ഒരു നാട് മുഴുവൻ ബൽക്കീസ് ബാനുവിനേ തിരയുമ്പോൾ ഞാൻ സുഖമായി ഉറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ എന്റെ ഉമ്മയുടെ ഗദ്ഗദങ്ങൾക്കിടയിൽ നിന്നാണ് ഞാൻ ബൽക്കീസ് ബാനു നശിപ്പികപ്പെട്ട കാര്യം മനസ്സിലായത്. എനിക്കോ അവൾക്കോ നശിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ആ നാട്ടുകാർക്ക് മൊത്തം മനസ്സിലായിരുന്നു അവൾ നശിച്ച് പോയിരുന്നു എന്ന്... ബൽത്സംഘത്തിന് ശേഷം പുരുഷന് നഷ്ടപ്പെടാത്ത ഒന്നും സ്ത്രീക്കും നഷ്ടപ്പെടില്ല എന്ന് ധൈര്യപൂർവ്വം വീളിച്ച് പറയാൻ കഴിവുള്ള ഒരാളെങ്കിലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ആ പാവം പെൺകുട്ടി ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു. മൂന്ന് ദിവസം പനിച്ചും പേടിച്ച് വിറച്ചും നരകിച്ചും ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞ ആ പെൺകുട്ടിയുടെ മുഖം മറക്കാൻ ഒരുപാട് കാലം എടുത്തു...
വർഷങ്ങൾക്ക് ശേഷം ഒരു ദിവസം. ഏകദേശം എനിക്ക് ഒരു മകൻ പിറന്ന് ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും അയാളെ കണ്ടു. ഒരു പുഴുവിനേ പോലെ ആരും നോക്കാനില്ലാതെ പരസഹായത്തിന് കൊഞ്ചി ഒരു മനുഷ്യ ജന്മം. ഇപ്പോഴും എനിക്ക് അയാളോട് അതേ ഭയമാണ്..
" മരിച്ചവരെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് സാബിക്കറിയാമോ..?.."
"മരിച്ചവരൊന്നും എങ്ങോട്ടും പോകുന്നില്ല ബാനൂ.. മരിച്ചവർ ചേക്കേറുന്നത് ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. ഓർമ്മകൾ മരിക്കാതിരിക്കുന്നിടത്തോളം കാലം മരിച്ചവരൊന്നും എങ്ങോട്ടും പോകുന്നില്ല. നിദ്രാവിഹീനങ്ങളായ രാത്രികളിൽ അവർ നമ്മുടെ കട്ടിലിന് അടുത്ത് വന്ന് ഒന്ന് പുഞ്ചിരിക്കും. പിന്നീടൊരിക്കലും നമുക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല..."
============================
സാബിർ ജലാലിയ
കല്ലീപറമ്പിൽ അബുവിന്റെ മകൻ , ഗൾഫിൽ ജോലി , എരവിമംഗലത്തു താമസം
=================================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ