2023, മേയ് 8, തിങ്കളാഴ്‌ച

13. അബ്ബാസലിയുടെ ലോഞ്ചുയാത്ര



(-നജീബ് ചേലാക്കോടൻ)


മുള്ളിയാകുറുശ്ശിക്കാരനായ ഏജന്റ് മുഖാന്തിരമാണ് ആദ്യ ശ്രമം.1969ൽ. 600 മുതൽ 800 രൂപയാണ് നിരക്ക്. കോഴിക്കോട് കേന്ദ്രീകരിച്ചു രഹസ്യ ഇടപാടിലൂടെ പണം കൊടുത്തു കാര്യങ്ങൾ ഏർപ്പാടാക്കിയെങ്കിലും, തുടക്കത്തിലേ പോലിസ് പിടിച്ച് ജയിലിലടച്ചു. കേസും കൂട്ടവുമായി.



പെരിന്തൽമണ്ണ കുന്നപ്പള്ളി പാറയിൽ അബ്ബാസലി തന്റെ ലോഞ്ചുയാത്രാ ഓർമ്മകൾ അയവിറക്കുന്നു. കൊണ്ടപ്പുറത്ത് അലവിക്കുട്ടി, തങ്കയത്തിൽ മുഹമ്മദ്‌ എന്ന മണി, കളത്തിലക്കരയിലെ സി.രാമചന്ദ്രൻ, അലങ്കാർ തീയേറ്ററിന് സമീപത്തെ ജോയ്, ഒറ്റപ്പാലത്തുകാരൻ ആന്റണി, ഞാൻ. ഇങ്ങനെ ഞങ്ങൾ അഞ്ചേട്ടു യുവാക്കളാണ് ഈ സംഘത്തിൽ ഉണ്ടായി രുന്നത്.






1970ൽ വീണ്ടും ശ്രമിച്ചു. ഇപ്രാവശ്യം ബേപ്പൂര് നിന്നാണ്. ഒരു ബോട്ടിൽ ഞങ്ങളെ ഉൾക്കടലിലേക്കു കൊണ്ടുപോയി. അവിടെ വെച്ചാണ് ഉരുവിലേക്കു മാറ്റിയത്. . പാക്കിസ്ഥാനിലെ കച്ചിൽ നിന്ന് കോഴിക്കോട് ചരക്കിറക്കാൻ വന്ന ഉരുവാണ്. ഇതിന്റെ അടിയിലെ തട്ടിലാണ് ഞങ്ങൾക്കുള്ള ഇടം. കപ്പലുകളോ ബോട്ടുകളോ പരിസരത്തുള്ളപ്പോഴൊന്നും ഞങ്ങളെ പുറത്ത് കാണാൻ പാടില്ല. കർശന ശാസനയാണ്. ചരക്ക് കടത്തുന്ന ഉരുവിൽ ആളെ കയറ്റാൻ പാടില്ല. അതും പാസ്സ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തവരെ. കടൽ പ്രക്ഷുബ്ധമാണ്. ആടിയും ഉലഞ്ഞും ഉരുവങ്ങനെ നീങ്ങുകയാണ്. കരകാണാൻ ചുരുങ്ങിയത് പത്തു പതിനഞ്ചു ദിവസമെങ്കിലും എടുക്കുമെന്ന് ആരോ പറഞ്ഞുകേട്ടു. പകൽ നല്ല വെയിലും രാത്രിയിൽ തണുത്ത കാറ്റും. വല്ലാത്ത വിശപ്പുമുണ്ട്. ഭക്ഷണം കിട്ടിയാലായി. ചിലപ്പോൾ പച്ചരിച്ചോറും പരിപ്പുകറിയും കിട്ടും. തിന്നു കഴിഞ്ഞാൽ കടൽച്ചൊരുക്കു കാരണം നിൽക്കാത്ത ഛർദിയും. പലപ്പോഴും ലോഞ്ചുകാരുടെ കണ്ണുവെട്ടിച്ച് സവോളയും കടലയും ചരക്കിനിടയിൽ നിന്നും കൈക്കലാക്കി തിന്നും. യാത്രക്കിടെ ലോഞ്ചു അപകടത്തിൽ പെടാറുമുണ്ട്. എഞ്ചിൻ തകരാറോ, പായ പൊട്ടിവീണോ, പാറയിൽ കൂട്ടിയിടിച്ചോ അപകടപ്പെടാം. ആളപായവുമുണ്ടാകാം. പരാതിപ്പെടാനൊന്നും അവകാശമില്ല., പുറം ലോകം അറിഞ്ഞെന്നുപോലും വരില്ല. ആയിടെ മലയാളികൾ അടക്കമുള്ളവരെ കയറ്റിയ ലോഞ്ചു അപകടത്തിൽ പെട്ട് ദിവസങ്ങളോളം കടലിൽ അലഞ്ഞതും, കുടിവെള്ളം പോലും കിട്ടാഞ്ഞു പരസ്പരം മൂത്രം കുടിച്ചതും, ചിലർ മരണപ്പെട്ടതുമായ വാർത്ത വന്നിരുന്നല്ലോ. ഇതിൽ മനോനില തെറ്റിയ, ചെറുകര സ്വദേശിയായ ഒരു യുവാവ്, കരയണഞ്ഞിട്ടും 15-20 ദിവസമെടുത്തു വാ തുറന്നൊന്നു മിണ്ടാൻ. ഏതെങ്കിലും കരകാണിച്ചു ചാടി നീന്തിക്കോളാൻ പറയുന്ന ഉരുക്കാരുമുണ്ട്. ഭാഗ്യത്തിന്, പത്തു ദിവസംകൊണ്ടു ഞങ്ങളുടെ ഉരു ലക്ഷ്യസ്ഥാനത്തെത്തി. യുഎഇ യിലെ ഖോർഫുക്കാന് സമീപമുള്ള ദിബ്ബ മുനമ്പാണത്. നങ്കൂരമിട്ടിട്ടും ഒരു ദിവസം കൂടി ഉരുവിൽ കഴിച്ചു കൂട്ടേണ്ടിവന്നു. അന്ന് ചെറിയ പെരുന്നാളിന്റെ തലേ ദിവസമാണ്., അടുത്ത ദിവസം കരകയറാം. ഭക്ഷണമൊന്നും കിട്ടിയിട്ടില്ല. എല്ലാവരും വിശന്നു വലഞ്ഞിരിക്കുന്നു.





മുറപോലെ, ആളില്ലാത്ത നേരം നോക്കി ഞങ്ങളോട് കടലിൽ ചാടിക്കോളാൻ പറഞ്ഞു. ദിബ്ബയുടെ കര ലക്ഷ്യം വെച്ച് നീന്തി. കരയിലെത്തി. ഇതൊരു അവികസിത നാട്ടു പ്രദേശമാണ്. ഞങ്ങൾക്ക് എത്തേണ്ടത് ദുബായിലേ ക്കാണ്. ദിബ്ബയിൽ നിന്നും ദുബായ് ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് കൈകാണിച്ചു. ചിലർ നിർത്തി. വിലപേശി, അതിൽ കയറി ദുബായിലെത്തി. അവിടെ ഞങ്ങൾക്കറിയാവുന്ന ഏക ആൾ നാട്ടുകൽ സ്വദേശിയായ ചേക്കാമുഹാജിയാണ്. അവിടെ സ്വന്തമായി ഹോട്ടലും സ്റ്റേഷനറി കടയുമുണ്ട്. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. റൂമിൽ എല്ലാ സൗകര്യവും ഒരുക്കിത്തന്നു. വിശാലമായി കുളിച്ചു വസ്ത്രം മാറി. അന്ന് ചെറിയ പെരുന്നാളാണ്. ചേക്കമുഹാജിയുടെ കൂടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ആവശ്യമുള്ള സിഗരറ്റ്, സോപ്പ്, ബ്രഷ്, പേസ്റ്റ്, നാട്ടിലേക്കു കത്തെഴുതാൻ പേന, ലെറ്റർപാഡ്, കവർ തുടങ്ങിയവ കടയിൽ നിന്നും എടുക്കാനും പറഞ്ഞു. നാലഞ്ചു ദിവസം ചെക്കാമുഹാജിയുടെ റൂമിൽ, ഹാജിയാർ കട്ടിലിലും, ഞങ്ങൾ നിലത്തുമായി ഉറങ്ങി. ക്ഷീണം മാറിയപ്പോൾ ജോലി അന്വേഷണമായി, പലരും പല വഴിക്കു പിരിഞ്ഞു. ഞാൻ ഷാർജയിലെ ഒരു ഹോട്ടലിൽ ക്ലബ്ബ് വെയ്റ്റർ, ബാർഇൻചാർജ്, സ്റ്റുവാർഡ് എന്നീ പോസ്റ്റുകളിൽ ജോലി ചെയ്തു. പാകിസ്താനിലെ ഹോട്ടലിൽ ഒരു രൂപ ദിവസക്കൂലിക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്തിരുന്ന, ഇപ്പോൾ സാമ്പത്തിക വിജയം കരസ്ഥമാക്കിയ ചെക്കമുഹാജിയായിരുന്നു ഞങ്ങളുടെ ഇൻസ്പിറേഷൻ. കുറച്ചു കഴിഞ്ഞ് കൂടുതൽ ജോലി അവസരം തേടി അബുദാബിയിലേക്ക് പോകാൻ തീരുമാനിച്ചു. മണൽ കയറ്റിപോകുന്ന ടിപ്പർ ലോറിയിൽ ഒളിച്ചിരുന്ന് ഞാൻ അബുദാബിയിലെത്തി. മറൈൻ ഏരിയാസ്‌ ഓപ്പറേറ്റിംഗ് കമ്പനിയിലെ സൂപ്പർവൈസറായ ബ്രിട്ടീഷ് ഓഫീസറുടെ കീഴിൽ ജോലി ലഭിച്ചു. എന്നാൽ വിസയടിക്കാൻ പാസ്പോർട്ടില്ല. നാട്ടിൽ നിന്നും വരുന്ന ആളുടെ ബിസ്കറ്റ് ടിന്നിനടിയിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് പാസ്പോർട്ട്‌ അബുദാബിയിലെത്തിച്ചു. വിസ അടിക്കണമെങ്കിൽ രാജ്യത്തിന്റെ പുറത്തു പോകൽ നിര്ബന്ധമാണ്. ഞാൻ ബഹ്റൈനിൽ പോയി നാലുനാൾ എംഎം മലബാരിയുടെ കൂടെ താമസിച്ചു. വിസയുമായി അബുദാബിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചു. മൂന്നര വർഷം ഈ ജോലിയിൽ തുടർന്നു. ഓഫ്‌ഷോർ ഓയിൽ കമ്പനി ആയതിനാൽ, ഓരോ മൂന്ന്മാസം കൂടുമ്പോഴും, 33 ദിവസത്തെ നിർബന്ധിത അവുധിയിൽ പ്രവേശിക്കണം. ഇടക്കിടക്ക് നാട്ടിൽ വരാനും, കുടുംബ സന്ദർശനത്തിനും സൗകര്യമായി. പെരിന്തൽമണ്ണക്കാരനായ സുഹൃത്ത് പൊതുവാച്ചോല, പി. സി. അബ്ദുള്ള തുടങ്ങി പലരും ഈ സമയത്തെ അബുദാബി കൂട്ടുകാരായിരുന്നു. 1970ൽ തുടങ്ങിയ എന്റെ പ്രവാസ ജീവിതം 1982 വരെ തുടർന്നു.


(എന്റെ കുടുംബ സുഹൃത്ത്‌ കുന്നപ്പള്ളി സ്വദേശി പാറയിൽ അബ്ബാസലി എന്നോട് പങ്കിട്ട സ്വന്തം ജീവിതാനുഭവം അദ്ദേഹത്തിന് വേണ്ടി നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നു. തെറ്റുകളുണ്ടെങ്കിൽ പൊറുക്കുമല്ലോ.)

-നജീബ് സി എച്ച്.

**********









നജീബ് സി എച്ച്

പെരിന്തൽമണ്ണ വലിയങ്ങാടി  സ്വദേശി.

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ ഭാരവാഹി പ്രവർത്തകൻ. ഗ്രഹാതുരമായ ഓർമ്മകുറിപ്പുകൾ, ക്യാരിക്കേച്ചറുകൾ രചിക്കുന്നു.  ഭാര്യ  : പ്യാരിജാൻ മക്കൾ :

ഇപ്പോൾ അമ്മിനിക്കാട് താമസം