2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

6. നമ്മുടെ നാട്ടിലെ "സഞ്ചാരി "മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ 'ചാർലി' കാമുകിയെ  ക്ഷണിച്ചപ്പോൾ  കഴിഞ്ഞ  ഒക്ടോബറിൽ  മാത്രമാണ് ഞാൻ ആദ്യമായി 'മീശപ്പുലിമല'യെന്നു കേൾക്കുന്നത് തന്നെ.  ഒക്ടോബറിൽ  മീശപ്പുലിമലയിൽ  മഞ്ഞു പെയ്യുന്നതു കാണാനും കേൾക്കാനും കഴിഞ്ഞു.. അവിടെ പോവാതെ തന്നെ.....(1)

നമുക്കിടയിൽ "ഉരുളൻ കല്ലുകൾ നിറഞ്ഞ അരുവികൾക്ക് കുറുകെ നടക്കാനും, പർവ്വതങ്ങൾ കയറാനും, സമുദ്രത്തിന്നഗാധത കളിലേയ്ക്ക്  മുങ്ങാം കുഴിയിടാനും ഇഷ്ടമുള്ള ഒരാളുണ്ട് ." നമ്മുടെ നാട്ടുകാരനായ സഞ്ചാരി !


താനെങ്ങനെ യാത്രികനായി എന്നത് അയാൾ ഇങ്ങനെ അടയാളപ്പെടുത്തുന്നു :

"ജീവിതം കൈവിട്ടു പോകുമെന്ന് തോന്നുന്ന വേളകളിൽ  ഞാൻ നാടോടി യെ പ്പോലെ  യാത്രകളിൽ അഭയം കണ്ടെത്തി ! അതെ , ലളിതമായി പ്പറഞ്ഞാൽ  ഒരു തരം രക്ഷപ്പെടൽ ! കാലം കഴിഞ്ഞു , ഇപ്പോൾ എല്ലാം നേരെയായി. പക്ഷെ  യാത്രകൾ പതിവായിമാറിയിരിക്കുന്നു . നന്ദി, ലക്ഷ്യ സ്ഥലികളെ , നിങ്ങൾ എന്റെ ജീവിതം ഉന്മേഷഭരിതമാക്കുന്നു !!" (2)

വായനശാലയിലെ കടകൾക്കുമുമ്പിൽ ഇന്ന് കണ്ട അയാൾ നാളെ ടിപ്പുവിന്റെ തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ശ്രീ രംഗപട്ടണത്തോ , വീരപ്പൻ വാണിരുന്ന സത്യമംഗലം കട്ടിലോ , വയനാടൻ ചുരത്തിലോ , കന്യാകുമാരിയിലോ  കശ്മീരിലോ , കോഴിക്കോടൻ കടപ്പുറത്തോ , ഹിമാലയത്തിലെ മഞ്ഞുമൂടിയ മലകളിലോ , അമ്മിനിക്കാടൻ  മലകയറി  കൊടികുത്തിയിലോ  പ്രത്യക്ഷപ്പെടാം !.. എന്നാലും  വെറും യാത്രികനോ സഞ്ചാരിയോ ആയി  ഒരു ഫ്രയ്മിൽ ഒതുക്കാൻ പാടാണയാളെ !

അയാളുടെ  ഫേസ്ബുക് പേജിലൂടെ  ഒന്ന് കണ്ണോടിച്ചാൽ, ഫോട്ടോഗ്രാഫർ, കവി , കാല്പനികൻ, ദാർശനികൻ , അദ്ധ്യാപകൻ, മനുഷ്യസ്നേഹി, പ്രകൃതിസ്നേഹി , മലയാളവും ഹിന്ദിയും ഇംഗ്ലീഷും തമിഴും വഴങ്ങുന്ന ബഹുഭാഷി, സഞ്ചാര സാഹിത്യകാരൻ , ഫുട്ബാൾ പ്രേമി 
  എന്നീ പലവേഷങ്ങളിലും പകർന്നാടുന്നുണ്ടയാൾ!
തൂത്തുക്കുടിയിലെ ഉപ്പുപാടങ്ങൾക്ക്  നടുവിൽ നിന്ന് അയാൾ  ഗുരുവാകുന്നതിങ്ങനെയാണ്: (3)
”യാത്രകൾ ,അത് വെറും ഒരു നേരമ്പോക്ക് മാത്രമല്ല.യാത്രകൾ തുറന്നുവെക്കുന്നത് അറിവിന്റെ വിശാലമായ ഒരു ലോകം തന്നെയാണ്.ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരങ്ങളും ജീവിതങ്ങളുമെല്ലാം നേരിട്ട് അറിയാനുള്ള ഒരു തുറന്ന ക്ലാസ്സ്മുറിതന്നെയാണത്.നാന്നായി സഞ്ചരിക്കുക,അനുഭവിക്കുക ,അതിൽനിന്ന് ജീവിതത്തെ പഠിക്കുക.”
മറ്റൊരിടത്തു മനുഷ്യരിലെ ആധിപത്യത്തിന്റെ ആത്മഹർഷത്തിന്റെ  ഹേതുവിലേക്ക്  വിളക്ക് തെളിയിക്കുന്നതിങ്ങനെ: 
" കാലവും സംസ്കാരങ്ങളും ,ഒരിക്കൽ ഗുഹാവാസിയായിരുന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ആർഭാടങ്ങൾ കൊണ്ടുവരികയും മനുഷ്യർക്കും തന്നെയും, പിന്നെ  മറ്റു സഹജീവികൾക്കും മേൽ അധീശത്വത്തിനു വേണ്ടിയുള്ള മത്സരം ആരംഭിച്ചു "


2016 ൽകണ്ട  മണിപ്പൂരിലെ ലോക്റ്റേക് തടാകത്തെ അയാൾ ഈയിടെ കോഴിക്കോട് കടപ്പുറത്തിരുന്നു നിളാതീരത്തേക്കടുപ്പിച്ചു കവിയും കാമുകനുമാവുന്നതിങ്ങനെയാണ്:

പ്രണയമങ്ങനെ തഴുകി നിൽക്കട്ടെ
 മഞ്ഞായും മലയായും കാറ്റായും കുളിരായും
 മഴയായും വെയിലായും തിരയായും
അതൊരു വർഷത്തിലെ നിളപോലെ കരകവിഞ്ഞൊഴുകട്ടെ

കൊടികുത്തിയുടെ വശ്യതയിൽ ഗൃഹാതുരതനിറഞ്ഞ  ഗസൽ വരികൾ അയാൾ കുറിക്കുന്നു :

"എല്ലാം മാറുകയാണ് 
രാവും പകലും പോലെ
സൂര്യ ചന്ദ്രന്മാരെ പോലെ 
നദികളെ പ്പോലെ 
ഇന്ന് കുന്നിൻ ചെരുവിൽ 
കോടമഞ്ഞു പെയ്യും 
അവിടെ പോകേണ്ടതുണ്ട് 
പയ്യെ പയ്യെ ...
ജീവിതവും മാറും "

Description: https://www.facebook.com/images/emoji.php/v9/f6c/1/16/2764.pngDescription: https://www.facebook.com/images/emoji.php/v9/f6c/1/16/2764.png
മറ്റൊരിടത്തു സത്യമംഗലത്തെ മുരുകണ്ണനെയും ആട്ടിൻ പറ്റത്തെയും ഫ്രയിമിൽ ഒതുക്കി അയാൾ പൗലോ കെയ്ലോയെ പ്പോലെ  ദാര്ശനികനാവുന്നുമുണ്ട് :
എന്റെ ജീവിതം നിങ്ങളുടെ തീരുമാനങ്ങളാകുമ്പോൾ ഒറ്റപ്പെടുന്നത് നിങ്ങളായിരിക്കും,നിങ്ങൾ മാത്രം.ഞാൻ എന്റെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കും. കാലത്തിനു ഉണക്കാൻ പറ്റാത്ത മുറിവുകളെ പലപ്പോഴും എന്റെ ഭ്രാന്തമായ യാത്രകൾക്ക് സാധിക്കാറുണ്ട് . "മൃദുവായൊന്നു ചിരിക്കാനറിഞ്ഞാൽ ഭാഷയുടെ വേലികൾ ഇല്ലാതാവുന്നു " എന്നും "കാലവും ദൂരവും അളക്കുന്നത് സൗഹൃദങ്ങളിലൂടെ " എന്നും താത്വിക നാവുന്നതും കാണാം .
 സഞ്ചാരി ഹിമാലയതാഴ്വരയിൽ

യാത്രയ്ക്കുള്ള ഉൽക്കടമായ ഉൾപ്രേരണയ്ക്കും ലക്ഷ്യസ്ഥാനങ്ങൾക്കുമിടയിൽ -'പുറം ഭാണ്ഡം' തയാറായാൽ- സമയത്തിന്റെ ദൂരം മാത്രം!. സാമ്പത്തിക പ്രതിബന്ധങ്ങളെ മറികടക്കാനുള്ള കുറുക്കുവഴികൾ അയാൾ നൈപുണ്യം നേടിയിട്ടുണ്ട് . വെറും 1866 രൂപ ചെലവിൽ അഗുംബെ -ശൃംഗേരി -കുടജാദ്രി -ജോഗ്  യാത്ര  അഞ്ചു രാത്രികളും നാലു പകലുകളും കൊണ്ട് പൂർത്തിയാക്കിയ സഞ്ചാരി ഇങ്ങനെ പറയുന്നു :

“യാത്ര, ഭക്ഷണം, കിടയ്ക്കാനൊരിടം  എന്നിവ സൗജന്യമായി ചോദിക്കാനും , നിങ്ങളുടെ ക്യാമറ അപരിചിതന് കൈമാറാനും 200 % നിര്ലജ്ജനാവുക, കാടിന്റെ അന്ധകാരത്തിലേക്ക് ഒരു ടോർച്ചടിച്ചു നടക്കാൻ ധൈര്യം സംഭരിക്കുക. ലോകം  നിങ്ങളുടേതാവുന്നു.”

എങ്കിലും ആശകൾക്ക് കടൽ കടയ്ക്കാൻ പണം പ്രതിസന്ധി യാവുന്നിടത്തു  ഒരിക്കൽ ഇതിനു വിപരീതമായി അയാൾ സ്വയം പരസ്യപ്പെട്ടു മോഹങ്ങളേ മേയാൻ വിടുന്നതിങ്ങനെയാണ്  :)

"'ട്രാവൽമാനിയ' രോഗം പിടിപെട്ട 27 വയസ്സുകാരൻ കുട്ടിയ്ക്ക് രോഗം കലശലാകാതിരിക്കാൻ സൗത്ത് ഏഷ്യൻ യാത്രയ്ക്ക് 180000 രൂപ ആവശ്യമുണ്ട് . സഹായങ്ങൾ സ്റ്റേറ്റ് ബാങ്കിൽ നിക്ഷേപിക്കുക "
മൈസൂരിന്റെ ദസറ തിരക്കുകളിലേക്ക് യാത്രതിരിക്കുമ്പോൾ അവളോടുള്ള പ്രണയം തുറന്നു പറയുന്നുമുണ്ട് :
 യാത്രകൾ ഒരിക്കലും തനിച്ചല്ല ഭായ്!!
കൂട്ടിന് വഴിയോരങ്ങളിലെ ചിരികളുണ്ട് ,ചെറിയ ചാറ്റൽ മഴയുണ്ട്, കട്ടൻചായകളിൽ അലിയുന്ന കോടയുടെ തണുപ്പുണ്ട്...പിന്നെ എനിക്കുതന്നെ മനസ്സിലാവാത്ത അവളോടുള്ള കട്ട പ്രണയമുണ്ട് <3”

നമ്മൾ നിരാശരാവുന്നത് പക്ഷെ അയാളുടെ പ്രണയിനിയെ അന്വേഷിക്കുമ്പോൾ ആണ് ! ഇടയ്ക്കിടെ കാമുകിയെമാറ്റുന്ന , പൂവിൽ നിന്നും പൂവിലേക്ക് പറക്കുന്ന  പൂമ്പാറ്റയാണയാൾ !  ഹിമാചൽ പ്രദേശിൽ  അവനു 2 കാമുകിമാർ !!

2014 ബാര -ലച്ച മലമ്പാതയിൽ അവന്റെ പ്രണയിനിയെ കണ്ടെത്തി ജീവിത കാലം അവളോടൊപ്പം കഴിയാൻ തീരുമാനിയ്ക്കുന്ന അയാൾ ഇങ്ങനെ എഴുതുന്നു :

"   "ഗിരി"യോടെനിക്ക്  പ്രണയമാണ് 
ഇവളിൽ നിന്ന് തുടങ്ങുന്ന നദികളിൽ തിമർക്കണം 
ഇവിടുത്തെ ആകാശത്തിലെ  നക്ഷത്രങ്ങളെ കവരണം 
വലിയ ശിലകളിൽ ഇരിയ്ക്കണം 
ഹൃദയം തുറന്നിവിടെ കഴിയേണം
Description: https://www.facebook.com/images/emoji.php/v9/f6c/1/16/2764.pngഉടലിൽ ഉയിരു ള്ളടത്തോളം കാലം”

പക്ഷെ  ഇന്നലെ വേറൊരു  കാമുകിയുടെ മാറിൽ തലവെച്ചു  വെച്ച്  അവൻ പുതിയ  ഹിമാചൽ കാമുകിയെ കണ്ടെത്തുന്നു !! സ്പിതി...

"ലാഹുലിന്റെ മാറിൽ അന്തിയുറങ്ങിയവന് സ്പിതി എന്നും ഒരു നിശബ്ദ കാമുകിയാണ് <3"
!യാത്രകൾക്ക് കൂട്ടാവാനും അല്ലെങ്കിൽ യാത്രകഴിഞ്ഞു വരുമ്പോൾ വീട്ടിൽ കാത്തിരിക്കാനും ഒരാൾ എന്ന ആശയെ വളർത്തുനായയെ പ്രതീകമാക്കിയും, തുറന്നും പറയുന്നുമുണ്ട്
കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ മടങ്ങിവരവുകൾക് ഒരർഥമുണ്ട് Description: https://www.facebook.com/images/emoji.php/v9/f6c/1/16/2764.png
"ജീവിതത്തിലെ ഒരേ ഒരഭിലാഷം ഒരു ജിപ്സി പെൺകുട്ടിയെയും കെട്ടി ലോകം മുഴുമൻ കറങ്ങാനാണ് !"
എങ്കിലും , ഏതെങ്കിലും കുന്നിൻ ചെരുവിലോ , മലമടക്കുകളിലോ, നാട്ടിടവഴിയിലോ, മഞ്ഞുപെയ്യുന്ന താഴ്വാരങ്ങളിലോ, കടലോരങ്ങളിലോ  വെച്ച് ഒരു കുയിൽ നാദം  " ദൂര് കേ മുസാഫിർ ... ഹംകോ ഭി സാഥ്  ലേ  ലേ ...."  എന്ന് മൂളിയട്ടുണ്ടാവുമെന്നും , അപ്പോൾ നീ രമണനായാവതരിച്ചു " ഇന്നു വേണ്ടിന്നുവേണ്ടോമലാളേ .... പിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോവാം ..." എന്ന് മറുവാക്ക് ചൊല്ലിയിട്ടുണ്ടാവുമെന്നും ,  ഒരു യാത്രയും കഴിഞ്ഞു അടിവാരമിറങ്ങി മാമ്പറപ്പടിയിൽ വളഞ്ഞു , വളയൻ മൂച്ചിയിൽ നിവർന്നു , വായനശാലയിറങ്ങി ഇടത്തോട്ട് തിരിയുന്ന നിന്റെ ബുള്ളെറ്റിനു പിറകിൽ അവൾ ഉണ്ടാവുമെന്നും, തുടർന്നുള്ള യാത്രകൾക്ക് കൂട്ടാവാനോ കാത്തിരിക്കാനോ ഉണ്ടാവുമെന്ന്  കുറിപ്പുകാരനും നാട്ടുകാരും സങ്കൽപ്പിക്കട്ടെ !
സാഹസികനായ നാട്ടുകാരാ .... താങ്കളുടെ യാത്രകൾ അനുസ്യൂതം അഭംഗുരം തുടരൂ....

ഈ കുറിപ്പ് തയ്യാറാക്കിയത് : അത്തിക്കുർശ്ശി സലാം
അവലംബം : അരുണിന്റെ ഫേസ്‌ബുക്ക് പേജ് 

Description: https://www.facebook.com/images/emoji.php/v9/f6c/1/16/2764.png


അരുൺ കുന്നപ്പള്ളി
കുന്നപ്പള്ളി വായനശാലയ്ക്കു സമീപം രവീന്ദ്രൻ സി പി യുടെ മകൻ , CREST കോഴിക്കോടിൽ  പ്രൊജക്റ്റ് അസ്സോസിയേറ്റ് ആയി ജോലി ചെയ്യുന്നു . 

2 അഭിപ്രായങ്ങൾ: