2011, ഡിസംബർ 20, ചൊവ്വാഴ്ച

1. ഒരു നഷ്ട സ്വപ്നം

ഹനീഫ പുത്തന്‍ പള്ളിയാലില്‍

ഒരു ഇടവേള പോലും തോരാതെ പെയ്ത മൂന്നു ദിവസത്തെ മഴക്ക് ശേഷം ആകാശം തെളിഞ്ഞ ഒരു ദിവസം. ഇടവപ്പാതി ഈ പ്രാവശ്യം ചതിച്ചില്ല എന്ന് ഉപ്പുപ്പാനോടു കുഞ്ഞുമണി പറയുന്നതും കേട്ടു. കൃഷിക്കാരായതിനാല്‍ തറവാട്ടില്‍ പുതിയ വിള ഇറക്കുന്നതിന്റെയും പണിക്കാരുടെയും തിരക്കാണ് രണ്ടു ദിവസമായി, അതില്‍ കുഞ്ഞുമണിയാണ് ഉപ്പുപ്പാന്റെ വലംകൈ.

കാറ്റും മഴയും ആയതിനാല്‍ സ്കൂളുകള്‍ രണ്ടു ദിവസമായി ജില്ലാ കലക്ടര്‍ അവധി കൊടുത്തിരിക്കയാണ്.കളത്തിലക്കര സ്കൂളിലായതിനാല്‍ വീട്ടുകാര്‍ പിന്നെ മഴ കനത്താല്‍ പോകാന്‍ സമ്മതിക്കില്ല.ഉച്ചക്ക് ഭക്ഷണം കഴിച്ചു തറവാട്ടിലെ ഒരു റൂമിലെ മടക്കി വെച്ച ബെഡ്ഡില്‍ ചാരിക്കിടന്നു ഒന്ന് മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു, തിമര്‍ത്തു പെയ്ത മഴക്ക് ശേഷമുള്ള ഒരു തണുത്ത കാറ്റ് തുറന്നിട്ട ജനാല വഴി റൂമിലേക്ക്‌ കടന്നു വന്നിരുന്നു. മഴയായതിനാല്‍ പുറത്തൊന്നും പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. അപ്പോഴാണ്‌ റൂമിന്റെ ജനാലയ്ക്കു പുറത്തൊരാളനക്കം, താഴത്തെ വീട്ടിലെ അസീസാണെന്നു മനസ്സിലായി. ‘എടാ ഇജ്ജ്‌ പോരണോ? നെല്ലിപ്പാടത്ത്‌ മീനിറങ്ങിയിരിക്കുന്നു. മൊട്ടക്കുന്നത്തെ ഉണ്ണി മജ്ജീദ്‌ കാക്കുവിന്റെ അവിടേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്.’ ഞാന്‍ എ കെ സലാമിനോടും,ചിറത്തൊടി ശംസുവിനോടും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മദ്രസന്റെ അവിടുത്തെ കയലില്‍ ഇരിക്കാം. വരുന്നുന്ടെങ്കില്‍ വേഗം വാട്ടോ...പിന്നെ തോര്‍ത്ത് മുന്ടെടുക്കാന്‍ മറക്കരുത്. നെല്ലിക്കുളം നിറഞ്ഞിരിക്കുന്നുവത്രേ. ഇതും പറഞ്ഞു അവന്‍ ഓടിപ്പോയി.


എണീറ്റ് തോര്‍ത്ത്‌ മുന്ടെടുത്ത് അറയില്‍ ചുറ്റി ഉമ്മാനോടു ഞാന്‍ കുളത്തിലേക്ക് കുളില്‍ക്കാനാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും പതുക്കെ മുങ്ങി. പറഞ്ഞപോലെ അസീസ്‌,ഷംസു, സലാം ഇവരെല്ലാം മദ്രസന്റെ അടുത്തുള്ള കയലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഷംസുവിന്റെ ബാപ്പ പേര്‍ഷ്യയില്‍ നിന്നും വന്നിട്ടുള്ളതിനാല്‍, ബാപ്പ ഉച്ച മയക്കത്തിലായ സമയത്തില്‍ മുങ്ങിയതാണ് അവനും. സലാമിനു മീന്‍ പിടിക്കാന്‍ വലിയ താല്‍പ്പര്യം ഉള്ളതായി തോന്നിയില്ല, അവനു നാളെ രാധാദേവി ടീച്ചറുടെ ടെസ്റ്റ് പേപ്പര്‍ ഉണ്ടത്രേ..പിന്നെ അസീസ്‌ വിളിച്ചപ്പോള്‍ പോന്നതാണ് എന്ന് പറഞ്ഞു. അസീസും സലാമും പെരിന്തല്‍മണ്ണ ഹൈസ്ക്കൂളിലാണ് എട്ടാം തരത്തില്‍, സലാം ക്ലാസ്സില്‍ പഠനത്തില്‍ ഒന്നാമാനാണെങ്കില്‍ അസീസ്‌ അധ്യാപകരുടെ നോട്ടപ്പുള്ളിയും. ഞാന്‍ കളത്തിലക്കര സ്കൂളില്‍ ആറാം തരത്തിലും, ഷംസു ചെറുകര യൂ പി യില്‍ അഞ്ചിലും‌‍. അങ്ങിനെയൊക്കയാണ് ഞങ്ങളുടെ സ്കൂള്‍ സെറ്റപ്പ്..

എരവിമംഗലം റോഡിന്റെ കാര്യമാണെങ്കില്‍ പറ്റെ ചെളി വെള്ളം  കെട്ടി നില്‍ക്കയാണ് , വല്ലപ്പുഴ മുഹമ്മദിക്കാന്റെ കാള വണ്ടി പോയ റോഡിലെ ചാലുകളില്‍ മുഴുവനും വെള്ളം കെട്ടി നില്‍ക്കയാണ്. എടാ ഈ റോഡ്‌ എന്നെങ്കിലും ടാറിടുമോ? നെല്ലിപ്പാടത്തെക്കുള്ള  യാത്രക്കിടയില്‍ ഷംസുവിന്റെ ഒരു സംശയം, ആ.. ഇടുമായിരിക്കും സലാം ആണ് മറുപടി പറഞ്ഞത്‌.

ഞങ്ങള്‍ നെല്ലിപ്പാടത്തെത്തിപ്പോള്‍ അവിടെ ആളുകള്‍ പലരും ഉണ്ട്. മൊട്ടക്കുന്നത്തെ ഉണ്ണി, സുന്ദരന്‍, ലക്ഷ്മി, കൌസല്യ പിന്നെ കരിമ്പന ഉണ്ണീന്‍കുട്ടി അങ്ങിനെ പോകുന്നു അവരുടെ നിര. പാടത്ത്‌ കാലിന്റെ നെരിയാണിക്ക് വെള്ളമേ ഉള്ളൂ. എല്ലാവരും എന്തോ തിരഞ്ഞു നടക്കുന്ന പോലെ തോന്നി. സുന്ദരന്റെ കയ്യില്‍ ഒരു കോമ്പലയില്‍ കുറച്ചു കണ്ണന്‍ മീനും കരിന്തലയും ഉണ്‍ട്. ഉണ്ണിക്കും കൌസല്യാക്കും കാര്യമായി ഒന്നും കിട്ടിയിട്ടില്ല എന്ന് തോന്നി.

കര്‍മ്പന ഉണ്ണീന്‍കുട്ടിക്ക് കുറച്ചു കുറുംതല പരലും, ഒന്ന് രണ്ടു മുശിക്കുട്ടികളും, കിട്ടിയിരിക്കുന്നു. അസീസ്‌ എത്തിയ പാടെ പാടത്തേക്ക്‌ ചാടി. ഞാനും സലാമും, ശംസുവും പാടത്തേക്കിറങ്ങണമോ വേണ്ടയോ? എന്ന് ശങ്കിച്ച് നില്‍ക്കുകയാണ്.‘അതേ ഖത്തീഫില്‍ നിന്നും നല്ല വലിയ ചെമ്മീന്‍ കൊണ്ടു വന്നിട്ടിണ്‍ട് നമ്മുടെ താഴത്തെ ഫ്ളോറിലുള്ള ജലീലും, ഗഫൂറും കൂടെ, നിങ്ങള്‍ക്കും ആരെയെങ്കിലും കൂട്ടി  ഒന്ന് പോയി നോക്കിക്കൂടെ, ഇപ്പോള്‍ സീസണല്ലേ?..’ബാബു വേണ മെങ്കില്‍ വിളിച്ചാല്‍ പോരും.
‘നെല്ലിപ്പാടത്ത്‌ ചെമ്മീനോ? നിനക്കെന്താ ഭ്രാന്തുണ്ടോ?’
ഭാര്യയുടെ ശബ്ദം കേട്ടു ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ എന്റെ മറുപടി കേട്ടു അവള്‍ മിഴിച്ചു നിന്നു...
നല്ല ഒരു ബാല്യകാല സ്വപ്നം നശിപ്പിച്ചു തന്ന അവളോട് തോന്നിയ ദേഷ്യം പുറത്തു കാണിച്ചില്ല എന്നു മാത്രം..

----------------------------------------------------------
ഖതീഫ്‌ ...ദമ്മാം അടുത്തുള്ള ഒരു മുക്കുവ ഗ്രാമം...
കയല്‍.. ഇപ്പോഴത്തെ ഗേറ്റ്കള്‍ക്ക് പകരം പണ്ടൊക്കെ വേലി / മതിലില്‍ ഉണ്ടാക്കുന്നതു. മുളകൊണ്ടോ ഒരു മുളകൊണ്ടുണ്ടാക്കിയ ഒരു ഇരുപ്പിടം..

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍
....................................................
http://www.facebook.com/Haneefa.Puthan

ഹനീഫ പുത്തന്‍ പള്ളിയാലില്‍
പരേതനായ പാറയില്‍ സദക്കതുള്ളയുടെ മകന്‍, സൗദി അല്‍ കോബാറില്‍ radwa trading കമ്പനിയില്‍ അട്മിനിസ്ട്രഷനില്‍ ജോലി..

5 അഭിപ്രായങ്ങൾ: